അഛന്റെ കത്ത്‌

നാ. മുത്തുകുമാർ (തമിഴ്‌)
മൊഴിമാറ്റം —- ദിനേഷ്‌ കന്നിമാരി

സ്നേഹം നിറഞ്ഞ മോനേ
നിന്റെ അഛൻ നിനക്കെഴുതുന്ന ആദ്യത്തെ കത്ത്‌
ഇത്‌ വായിച്ചു മനസ്സിലാക്കനുള്ള
പ്രായമില്ലാ നിനക്കിപ്പോൾ.

ഭാഷയുടെ വിരൽത്തുമ്പിൽ പിടിച്ച്‌
പിച്ച വച്ചു നടക്കാൻ പഠിക്കയാണു നീ
പ്രായം നിന്നെയും ഒരു ദിവസം
കൗമാരത്തിൽ കൊണ്ടെത്തിക്കും

ചിറകു മുളച്ച ദേവതകൾ
നിന്റെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കും
പെണ്ണിന്റെ ശരീരം
നിനക്ക്‌ ചോദ്യമായി മാറും

എന്റെ അഛൻ എന്നിൽ നിന്നും മറച്ചു പിടിച്ച
രഹസ്യങ്ങൾ അടങ്ങിയ പെട്ടിയുടെ
താക്കോൽ തേടാൻ ശ്രമിച്ചതു പോലെ
നാളെ നീയും തേടിയിറങ്ങും

അപ്പോൾ നീ കരുതലോടും പക്വതയോടും
മിതത്വം പാലിക്കേണ്ട പ്രായമാണ്‌.
നിനക്കറിയാത്തതല്ല
എങ്കിലും…
അതീവ ശ്രദ്ധയോടെ കടന്നു ചെല്ലൂ
ഒരുപാട്‌ ദൂരം യാത്ര ചെയ്യുക
യാത്ര നിനക്ക്‌
പുതിയ പുതിയ അറിവുകളും അനുഭവങ്ങളും
സമ്മാനിക്കും

പുസ്തകങ്ങളെ സ്നേഹിക്കൂ
നീ ഓരോ പുസ്തകത്തിൽ തൊടുമ്പോഴും
വൈകാരികമായ ഒരു പുതിയ അനുഭവത്തിലൂടെ
നിനക്ക്‌ സഞ്ചരിക്കാൻ സാധിക്കും.

നിന്റെ അഛനും മുത്തഛനും
പുസ്തകക്കാട്ടിൽ വച്ച്‌
സ്വയം നഷ്ടപ്പെട്ടുപോയവരാണ്‌

നിനക്കുള്ളിലും
ആ കടലാസുതാളുകളുടെ നദി
തുടർന്ന് ഒഴുകിക്കൊണ്ടിരിക്കട്ടെ

നിനക്ക്‌ കിട്ടുന്ന തൊഴിലിനെക്കാൾ
നിനക്ക്‌ ഇഷ്ടപ്പെട്ട തൊഴിൽ തെരഞ്ഞെടുക്കൂ
ശേഷം നല്ലൊരു കുടുംബജീവിതം
നയിച്ചു തുടങ്ങൂ

നിന്നോട്‌ ആരെങ്കിലും സഹായം ചോദിച്ചാൽ
മറ്റുള്ളവരോട്‌ കടം വാങ്ങിയെങ്കിലും
നീ അവരെ സഹായിക്കണം
അതിൽ നമുക്ക്‌ ലഭിക്കുന്ന ആനന്ദം
പറഞ്ഞറിയിക്കാനാവുന്നതല്ല

ബന്ധുക്കളിൽ നിന്ന് വിട്ടും
അടുപ്പം കാണിച്ചുമൊക്കെ നിൽക്കൂ
പക്ഷേ
ഈ ലോകത്തെ മറ്റു ബന്ധങ്ങളെക്കാൾ
പവിത്രം സുഹൃദ്‌ബന്ധം മാത്രമാണ്‌

നല്ല സുഹൃത്തുക്കളെ നിന്റെ കൂടെ കൂട്ടൂ
നിന്റെ ജീവിതം നേർവഴിയിൽ എത്തിച്ചേരും

ഇവയെല്ലാം എന്റെ അഛൻ
എനിക്ക്‌ നേരിട്ടുപറയാതെ പറഞ്ഞു തന്നത്‌
ഞാൻ നിനക്ക്‌
പറയാനാഗ്രഹിച്ചു പറയുന്നതാണ്‌
എന്റെ സന്തോഷം എന്നത്‌
നിന്റെ ജനനശേഷമാണ്‌ ഞാൻ തിരിച്ചറിഞ്ഞത്‌

എന്റെ അഛന്റെ സ്നേഹവും സാമീപ്യവും
ഞാൻ അറിഞ്ഞു തുടങ്ങിയത്‌
അന്നു മുതലാണ്‌

നാളെ നിനക്കൊരു മകൻ ജനിക്കുമ്പോൾ
എന്റെ സ്നേഹവും സാമീപ്യവും
നിനക്കും മനസ്സിലായിത്തുടങ്ങും

നാളെയുടെ നാളുകളിൽ
നീ നിന്റെ പേരമക്കളോട്‌
ദൂരെ ഏതോ ഒരു നാട്ടിൽ
സന്തോഷത്തോടെ ചിരിച്ചു കളിക്കുമ്പോൾ
എന്റെ ഓർമ്മകൾ നിന്നിലുണർന്നാൽ
ഈ കത്ത്‌ എടുത്തുവച്ച്‌ വായിച്ചു നോക്കൂ

നിന്റെ കണ്ണിൽ നിന്നും വീഴുന്ന
കണ്ണുനീർതുള്ളിയിൽ
ജീവിച്ചുകൊണ്ടിരിക്കും ഞാൻ.


Leave a comment

Trending