
പുരുഷോത്തമൻ്റെ അതിർത്തികൾ
ശിവദാസൻ മഠത്തിൽ
രാവിലെ മുതൽ കാണുന്ന വാർത്തകൾ വീണ്ടും വീണ്ടും വിളമ്പുന്ന ചാനലുകളെ ഓരോന്നായി ഞെക്കി മാറ്റി അവസാനം തിരുനെറ്റിയിലെ ചുവന്ന പൊട്ടിൽ വിരലമർത്തി
റിമോട്ട് കൺട്രോൾ സോഫയിൽ വയ്ക്കുമ്പോൾ പുരുഷോത്തമൻ എന്ന മുതിർന്ന പൗരന്റെ ഒരു ദിവസം കൂടെ അവസാനിക്കുകയായിരുന്നു.
എഴുന്നേൽക്കുമ്പോൾ അഴിഞ്ഞു പോയ മുണ്ട് വയറിനു മുകളിൽ കയറ്റിയുടുത്ത് മുന്നിലെ വാതിലിലെ എല്ലാ കൊളുത്തുകളും ഇട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി ലൈറ്റുകളെല്ലാം അണച്ചു മുറിയിലേക്ക് കടക്കുമ്പോൾ ഉറക്കം കിട്ടുവാനുള്ള പ്രാർത്ഥനയായിരുന്നു അയാളുടെ മനസിൽ.
പതിവു ഗുളികകൾ വായിലിട്ട് തെക്കുവശത്തെ തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി
നിറയെ കുലകളുമായി തലയുയർത്തി നിൽക്കുന്ന തെങ്ങ് നിലാവിൽ തിളങ്ങുന്ന ഓലകൾ പതുക്കെയാട്ടി ദയനീയമായി നോക്കുന്നു.
ഒരുപാട് പൂവിട്ട് കൊതിപ്പിച്ച് ഒരു മാങ്ങ പോലും തരാതെ കഴിഞ്ഞ രണ്ടു തവണയും പറ്റിച്ച മൂവാണ്ടൻ ഒരു അവസരം കൂടെ തരില്ലേ എന്ന് അയാളോട് യാചിക്കുന്നു. കുഞ്ഞുങ്ങളെപ്പോലെ വളർത്തി വലുതാക്കിയ ഇവരേയും ഇഞ്ചിയും മഞ്ഞളും ഗർഭം ധരിച്ചു കിടക്കുന്ന പ്രിയപ്പെട്ട മണ്ണും നഷ്ടപ്പെടുമോ എന്ന ചിന്തയാണിപ്പോൾ അയാളിൽ.
അടുത്ത പറമ്പ് വാങ്ങിയവർ കഴിഞ്ഞ ദിവസം താലൂക്ക് സർവേയറും വില്ലേജ് ഓഫീസറു മൊക്കെയായി വന്ന് സ്ഥലം അളന്ന് നോക്കിയ ശേഷം തന്നെ വിളിപ്പിച്ച കാര്യമായിരുന്നു അയാളെ അലട്ടിയിരുന്നത്.
വില്ലേജ് ഓഫീസറാണ് സംസാരിച്ചത്.
“കാർന്നോരെ ഞാൻ നിങ്ങളോട് അന്നേ പറഞ്ഞതല്ലേ കയ്യേറിയ സ്ഥലം വിട്ടു കൊടുക്കാൻ
അന്ന് കേട്ടില്ലല്ലോ ഇപ്പോൾ താലൂക്ക് സർവ്വേയറും വന്ന് അളന്നത് കണ്ടില്ലേ
ഇനി ഒരു രക്ഷയില്ല ട്ടോ “
പറഞ്ഞത് ശരിവച്ച് തലയാട്ടിയ താലൂക്ക് സർവയറേയും രൂക്ഷമായി നോക്കുന്ന മെലിഞ്ഞുയർന്ന ചെറുപ്പക്കാരനേയും കൂസാതെ അയാൾ പതിഞ്ഞ തെങ്കിലും ഉറച്ച ശബ്ദത്തിൽ പറഞ്ഞു
“സാറേ … വില്ലേജിനും താലൂക്കിനുമൊക്കെ മേലെ കോടതിയും നിയമവും ഒക്കെ യില്ലേ ?”
അന്ന് അവർ തിരിച്ചു പോയെങ്കിലും വീണ്ടും വരുമെന്ന് അയാൾക്കറിയാം.
എന്തു വന്നാലും ഒരിഞ്ചുപോലും വിട്ടു കൊടുക്കില്ല. അയാൾ ഒരിക്കൽ കൂടി മനസിൽ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ്
കമ്പനിയിൽ നിന്നും കിട്ടിയ ഗ്രാറ്റിവിറ്റിയും, മക്കളുടെ വിദ്യാഭ്യാസവും കല്യാണവുമൊക്കെ കഴിഞ്ഞപ്പോൾ ഏറെ ശുഷ്ക്കിച്ചു പോയ പ്രോവിഡന്റ് ഫണ്ടിലെ അവശേഷിച്ച തുകയും സഹപ്രവർത്തകർ നല്കിയ സംഭാവനയുമൊക്കെ ചേർത്ത് സ്ഥലം വാങ്ങി ചെറിയൊരു വീടു വെക്കുമ്പോൾ വാടക വീടുകൾ മാറി മാറി താമസിച്ച് മടുത്ത കുടുംബത്തെ സ്വന്തമായൊരു വീട്ടിൽ താമസിപ്പിക്കണമെന്നും
വീടിന് ചുറ്റും കുറച്ച് ചെടി വെച്ചു പിടിപ്പിക്കണമെന്നുമൊക്കെയുള്ള കടുത്ത ആഗ്രഹമായിരുന്നു.സർക്കാർ ജോലിക്കാരെപ്പോലെയുള്ള പെൻഷനില്ലാത്തവരാണ് നമ്മളെന്നും പണം മുഴുവൻ ചെലവാക്കിയാൽപിന്നീട് ബുദ്ധിമുട്ടുമെന്നുമുള്ള സഹപ്രവർത്തകരുടെ മുന്നറിയിപ്പുകൾ പഠിക്കാൻ മിടുക്കനായ മകന് നാളെ ലഭിക്കാനിടയുള്ള വലിയ ശമ്പളത്തെ മനസിൽ കണ്ട് അവഗണിക്കുകയായിരുന്നു.
അന്ന് ഈ പ്രദേശത്ത് വീടുകളൊന്നുമില്ലായിരുന്നു.
കുറച്ച് കല്ലുകളും കുറ്റിച്ചെടികളുമൊക്കെയായിരുന്നു അതിർത്തികൾ.
ഓരോ തവണ വേലി കെട്ടുമ്പോഴും കുറച്ച് കുറച്ച് കേറ്റി കെട്ടിയിരുന്നു എന്നത് സത്യമാണ്.
അന്ന് ചോദിക്കാൻ ആരുമുണ്ടായിരുന്നില്ല. വിദേശത്തെ വിടെയോ ഉള്ള ഉടമ ഈ സ്ഥലം കണ്ടിട്ടുപോലുമില്ല. എന്തായാലും കാട്ടുചെടികൾ പിടിച്ച് അനാഥമായി കിടന്ന കുറച്ച്സ്ഥലം ഇതുപോലെയായത് തന്റെ വിയർപ്പ് കൊണ്ടാണെന്ന കാര്യം ആർക്കും എതിർക്കാനാവില്ലല്ലോ.
മകന് ജോലി കിട്ടി കല്യാണമൊക്കെ കഴിഞ്ഞ പ്പോൾ വീട് പുതുക്കി പണിതു. വേലിമാറ്റി മതിലാക്കി.
ഭാര്യയുടെ പെട്ടെന്നുള്ള വേർപാടാണ് തന്നെ തളർത്തിയത്.
ഓർമ്മകളുടെ ഓളങ്ങളിലൊഴുകി എപ്പോഴോ ഉറക്കത്തിന്റെ ചുഴിയിലകപ്പെട്ട അയാൾ ഉണർന്നത് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ്.
ജോലിക്ക് പോകാൻ തയ്യാറായി നിൽക്കുന്ന മകനും പിന്നിൽ മരുമകളും
“അച്ഛനോട് ഒരു കാര്യം പറയാനുണ്ട്
ഇന്ന് അപ്പുറത്തെ ആളുകൾ പണിക്കു വരും മതിൽ പൊളിച്ച് അവരുടെ സ്ഥലം തിരിച്ച് പുതിയ മതിൽ കെട്ടിത്തരും . അച്ഛൻ ഇടപെടാനൊന്നും പോണ്ട . ഇനി യെന്തെങ്കിലും പ്രശ്നമുണ്ടായാൽ എന്നെയാണ് ബാധിക്കുകയെന്ന് വില്ലേജ് ഓഫീസർ പ്രത്യേകം പറഞ്ഞു. “
ശരിയാണ് അവന്റെ പേരിലാണല്ലോ സ്ഥലം .വീടു പുതുക്കി പണിയാനായി ലോണെടുക്കാൻ അവന്റെ പേരിലേക്ക് മാറ്റണമെന്ന് പറഞ്ഞപ്പോൾ ആദ്യം താല്പര്യമില്ലായിരുന്നു. .
നമ്മുടെ മോന്റെ പേർക്കല്ലെ , അവനല്ലേ നമ്മളെ നോക്കണ്ടത് , നിങ്ങളു സമ്മതിക്കൂ … എന്ന ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അവളുടെ പേരിലായിരുന്ന സ്ഥലം മോന്റെ പേരിലാക്കിയത്.
അതിന്റെ പേരിൽ മകളും പിണക്കത്തിലായി. പുതിയ വീട്ടിൽ അധികകാലം ജീവക്കാൻ ഭാര്യയ്ക്കായതുമില്ല.
മറുപടിക്കു കാത്തു നില്ക്കാതെ മകൻ ഇറങ്ങിപ്പോയപ്പോൾ
വീട് അയാളുടേതല്ലാതായിരിക്കുന്നു എന്ന സത്യം ഉറപ്പിക്കുവാൻ മനസ് വിഷമിക്കുകയായിരുന്നു.
വാതിലും ജനാലയും അടച്ച് മുറിയിൽ ത്തന്നെ യിരിക്കുന്നതാണ് നല്ലതെന്ന് പലതവണ ഉറപ്പിച്ചു.
മകനും മരുമകളും ഇറങ്ങി
കുറെ സമയം കഴിഞ്ഞപ്പോൾ ,
അതുവരെയുണ്ടായിരുന്ന
നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് അടുത്ത പറമ്പിൽ നിന്നും അതിഥി തൊഴിലാളികളുടെ സംഭാഷണങ്ങൾ ക്കൊപ്പം
മതിലിൽ കട്ടപ്പാരയും പിക്കാസും ആഞ്ഞുപതിക്കുന്ന ശബ്ദവും ഉയരുന്നു.
ആ ശബ്ദങ്ങൾ അയാളുടെ എല്ലാ നിയന്ത്രണങ്ങൾക്കും മേലെ പെരുമ്പറ കൊടുകയായിരുന്നു.
പതുക്കെ പതുക്കെ
അയാളുടെ
കാലുകൾ അയാൾ പോലുമറിയാതെ വീടിനു പുറത്തേക്ക് ചലിക്കുകയായിരുന്നു.
പുറത്തെ കാഴ്ചകൾ അയാളുടെ ചലനത്തിന്റെ വേഗത കൂട്ടി …. കൈകൾക്ക് എന്തിനേയും തടയാനുള്ള കരുത്തുണ്ടായി.
വാർധക്യത്തിന്റെ കരിമ്പടം കുടഞ്ഞെറിഞ്ഞ് മതിലിനടുത്തേക്ക് കുതിച്ച അയാൾക്കപ്പോൾ അവകാശത്തിനു വേണ്ടി പൊരുതുന്ന പഴയ തൊഴിലാളിയുടെ വീര്യമായിരുന്നു.
പിക്കാസുമായി ശക്തിയോടെ മതിലിൽ പ്രഹരിക്കുന്ന പണിക്കാരന്റെ കയ്യിൽ അലറിക്കൊണ്ട് കടന്നു പിടിച്ച അയാളെ
സ്ഥലമുടമയുടെ ബന്ധുവായ ചെറുപ്പക്കാരൻ ആഞ്ഞു തള്ളി …. മറിഞ്ഞു വീണ അയാൾ താഴെ കിടന്ന വലിയൊരു കരിങ്കൽ കഷണവുമായി ചാടിയെണീറ്റതും..
മുന്നോട്ട് കുതിച്ചതും മിന്നൽ വേഗത്തിലായിരുന്നു. തടയാൻ ശ്രമിക്കുന്നതിനു മുൻപേ കരിങ്കൽ കഷണവുമായി ആഞ്ഞു വീശിയ അയാളുടെ കൈ
ചെറുപ്പക്കാരന്റെ തലയിൽ പതിച്ചു കഴിഞ്ഞു.
മലർന്നു വീണ ചെറുപ്പക്കാരന്റെ തലയിൽ നിന്നും ചിതറിതെറിച്ച ചോര കണ്ട് പണിക്കാർ അകന്നു മാറി. അതുവരെ കാഴ്ചക്കാരായ് നിന്ന കുറച്ചുപേർ ചേർന്ന് പുരുഷോത്തമനെ വീട്ടിലേക്കും ചെറുപ്പക്കാരനെ ആശുപത്രിയിലേക്കും
കൊണ്ടുപോയതോടെ രംഗം ശാന്തമായി.
ആ ദിവസം
വളരെ വൈകി മടങ്ങിയെത്തിയ മകൻ പുരുഷോത്തമന്റെ മുറിയിലേക്ക് വന്നത് പൊട്ടിത്തെറിച്ചു കൊണ്ടാണ്
“അച്ഛന്റെ ഉദ്ദേശമെന്താണ് ?
വയസുകാലത്ത് ജയിലിൽ പോയി കിടക്കണോ ?
ഞാൻ പറഞ്ഞ തല്ലെ ഒന്നിനും പോകണ്ടാന്ന് ?
ബാക്കിയുളളവർക്കിവിടെ സമാധാനത്തോടെ ജീവിക്കണ്ടേ ?”
കുറ്റബോധത്തോടെ പുരുഷോത്തമൻ പതുക്കെ പറഞ്ഞു.
“എനിക്ക് സഹിക്കാൻ പറ്റിയില്ല മോനെ “
“ചാകാത്തത് ഭാഗ്യം
അയാളുടെ തലയിൽ എട്ടോ പത്തോ സ്റ്റിച്ചിടേണ്ടിവന്നു. വധശ്രമമാണ് കേസ്
ജാമ്യം കിട്ടില്ല.
ആശുപത്രി ച്ചെലവിനു പുറമെ ഒരു ലക്ഷം രൂപയും കൊടുക്കാന്ന് പറഞ്ഞാ കേസ് ഒഴിവാക്കിയത്. പോലീസിന്റെയും മറ്റും കണക്ക് വേറെ…
ഇങ്ങനെയൊക്കെയാണെങ്കിൽ ഇനി എനിക്ക് നോക്കാൻ പറ്റില്ല. “
ഇത്രയും ശബ്ദത്തിലും ദേഷ്യത്തിലും ഇതിനു മുൻപൊരിക്കലും മകൻ സംസാരിച്ചിട്ടില്ലല്ലോ …
അവനെ കുറ്റം പറയാനും പറ്റില്ല
വേണ്ടാത്ത പണിയല്ലേ താൻ കാണിച്ചത്.
കുറ്റബോധത്തോടെ അയാൾ കട്ടിലിനടുത്തേക്ക് നടന്നു.
പിന്നീട് കുറെ ദിവസത്തേക്ക് അതിർത്തിയിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
പകുതി പൊളിഞ്ഞ മതിൽ അതുപോലെ കിടന്നു..
അതിർത്തിയിലെ സംഘർഷമൊന്നുമറിയാതെ പൊളിഞ്ഞ മതിലിന് മുകളിലൂടെ തെരുവുപട്ടികൾ യഥേഷ്ടം നടന്നു.
ആയുസു നീട്ടിക്കിട്ടിയ തെങ്ങിന്റെ തടിയിൽ മരംകൊത്തികൾ പതിവുപോലെ ആഞ്ഞു കൊത്തി.
മാവിൻ കൊമ്പുകളിൽ അണ്ണാറകണ്ണനും കിളികളും ആഹ്ലാദത്തോടെ ചിലച്ചു. രാത്രികാലങ്ങളിൽ മൂങ്ങകൾ മൂളലും മുരളലുമായി ഇണയെക്കാത്തിരുന്നു.
എന്നാൽ ഈ ദിവസങ്ങളിൽ
ചുറ്റുമതിലുകളിൽ നിന്നും
മുറിയുടെ ചുമരുകളിലേക്കും …..
അവിടെ നിന്നും കട്ടിലിന്റ സൈഡ് റെയിലുകളിലേക്കും പുരുഷോത്തമന്റെ അതിരുകൾ ചുരുങ്ങി ചുരുങ്ങി വരികയായിരുന്നു.
ഒരു സൂഷ്മാണു വിനെ പേടിച്ച് രാജ്യങ്ങൾ കരയിലേയും ആകാശത്തിലേയും കടലിലേയും അതിർത്തികൾ അടച്ചിട്ടത് അയാൾ അറിഞ്ഞില്ല ….
സംസ്ഥാന അതിർത്തികൾ മണ്ണിട്ടടച്ചതും ,
മനുഷ്യർ അതിർത്തികൾ താണ്ടി നടന്നു നടന്നു തളർന്ന് വെള്ളം കിട്ടാതെ മരിച്ചു വീണതും, സംസ്ക്കാരം കാത്ത് നിരനിരയായി ശവശരീരങ്ങൾ കിടന്നതും
അയാൾ അറിഞ്ഞില്ല.
അവസാനം പഞ്ചായത്തിന്റേയും വാർഡിന്റേയും അതിർത്തികൾ പോലും അടച്ചു വെച്ചതും അയാളറിഞ്ഞില്ല.
തെക്കുഭാഗത്തെ അതിർത്തിയിൽ മതിലുകളിടിയുന്നതിന്റേയും മരത്തിൽ കോടാലി വീഴുന്നതിന്റേയും ശബ്ദമുയരുന്നുണ്ടോ എന്ന് മാത്രം കാതോർത്ത് അയാൾ കിടന്നു.
ദിവസങ്ങൾ കടന്നുപോയി
രോഗ ഭീഷണിയിൽ നിന്നും പതുക്കെ പതുക്കെ മോചനം നേടിയ ലോകം അതിർത്തികൾ തുറന്നു തുടങ്ങി.
നിയന്ത്രണങ്ങൾ പിൻവലിച്ചു. പുരുഷോത്തമന്റെ തെക്കെ അതിർത്തിക്കപ്പുറം വീണ്ടും വാഹനങ്ങളും പണിക്കാരും എത്തിതുടങ്ങി.
പിക്കാസും കട്ടപ്പാരയും ചേർന്ന് നിമിഷ നേരം കൊണ്ട് മതിൽ പൊളിച്ചു മാറ്റി.
ചില്ലകൾ വെട്ടിമാറ്റപ്പെട്ട മാവിനേയും,
തല വെട്ടിമാറ്റിയ തെങ്ങിനേയും ജെ.സി.ബി യുടെ ഇരുമ്പു കൈകൾ മൂടൊടെ പിഴുതെടുത്തു. ഇഞ്ചിയും മഞ്ഞളും പുറം ലോകം കാണാതെ ചക്രങ്ങൾക്കടിയിൽ ചതഞ്ഞരഞ്ഞു.
അപ്പുറത്തെ വിശാലമായ പറമ്പ് അതിർത്തികൾ തിരിച്ച് നിരവധി പ്ലോട്ടുകളായി മാറി. പുരുഷോത്തമന്റെ മുറിയുടെ അടുത്തായി പുതിയ മതിലുയർന്നു.
ഈ ദിവസങ്ങളിലെ ഒരു രാത്രിയിൽ പുരുഷോത്തമൻ ഒരു സ്വപ്നത്തിലൂടെ സഞ്ചരിക്കുകയായിരുന്നു.
കട്ടിലിൽ നിന്നും പതുക്കെ എഴുന്നേറ്റ അയാളുടെ കാലുകൾ നിലത്തു മുട്ടിയ നിമിഷം കരുത്താർജിച്ചു. . മുറിയുടേയും വീടിന്റേയും അതിർത്തികൾ കടന്ന് അയാൾ പുറത്തേക്കോടി. വലിയ വലിയ കെട്ടിടങ്ങൾ താണ്ടി ടാറിട്ട റോഡിലൂടെ … ചെമ്മണ്ണു പാകിയ ഗ്രാമവീഥികളിലൂടെ …
അതിർത്തികൾ തിരിക്കാത്ത പറമ്പിലെ പൂഴി മണ്ണിലൂടെ ….
താഴെ വീണു കിടക്കുന്ന ചക്കയും മാങ്ങയും വെള്ളക്കയും ചവിട്ടി …. മനുഷ്യനും മൃഗങ്ങളും പുറം തള്ളിയ വിസർജ്യങ്ങൾ ചാടിക്കടന്ന്…
ഓല മേഞ്ഞ വീടുകൾക്കും
കെട്ടിമറിച്ച കുളിമുറികൾക്കും അരികിലൂടെ … അയാൾ ഓടി .
ഓടിയോടി തളർന്ന് അവസാനം എത്തിച്ചേർന്നത് കടൽ തീരത്ത് ….
മുന്നോട്ട് പോകാനാകാതെ കിതച്ചു നിന്ന അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരുവശങ്ങളിലും ചിറകുകൾ വളരാൻ തുടങ്ങി.
വളന്നു വലുതായ ചിറകുകൾ ആഞ്ഞു വീശി അയാൾ പറന്നുയർന്നു.
സമുദ്രാതിർത്തികളും ….
വ്യോമാതിർത്തികളും താണ്ടി ….
ചൂടുകാറ്റിനേയും പൊടി പടലങ്ങളേയും വകഞ്ഞു മാറ്റി വെൺ മേഘക്കൂട്ടങ്ങൾക്കിടയിലൂടെ …
വിദൂരതയിലേക്ക്
അയാൾ പറന്ന് പറന്ന് നീങ്ങി….

Leave a comment