
ലേഡീസ് കംപാർട്ട്മെന്റ്
രതി സുരേഷ്
അറബിക്കടലിന്റെ മടിത്തട്ടിലെ ഉറങ്ങാത്ത നഗരമായ മുംബൈ എന്ന ലക്ഷ്‌മീപുരിയുടെ വർണ്ണക്കാഴ്ചകളിലേറെയും ഉപജീവനത്തിന്റെ ഓട്ടപാച്ചിലുകളാണ്. യാന്ത്രികമായ മനുഷ്യ ജീവിതത്തെ വഹിച്ചു കൊണ്ടുള്ള വൈദ്യുത തീവണ്ടികളുടെ നെട്ടോട്ടത്തിലൂടെ ……… കൂകി പാഞ്ഞ് കുതിച്ച് എത്തിയ തീവണ്ടിയിലെ സ്ത്രീകളുടെ കൂപ്പയിലേയ്ക്ക(ലേഡീസ് കംപാർട്ട്മെന്റ്) കാലൂന്നിയതേയുള്ളു നെരുൾ സ്റ്റേഷൻ താണ്ടി പിന്നെയും വണ്ടി കുതിച്ചു ജുയിനഗറും,
സാൻപാഡയും, വാഷിയും താണ്ടിയശേഷം അറബിക്കടലിന്റെ അരികിന് (Thane creek) മുകളിലൂടെ ഉപ്പുരസം നിറഞ്ഞ കാറ്റ് ശ്വസിച്ച്, ഉപ്പും പാടവും കണ്ട്
മാൻഖുർദ് എത്തി. ഗോവണ്ടിയും, ചെമ്പൂരും വഡാലയും കടന്ന് അങ്ങിനെ അങ്ങിനെ വി.ടി (Victoria Terminus ) യിലേക്കുള്ള യാത്രയിൽ…. മീനയും, നീനയും, ശ്വേതയും, വേദയുമൊക്കെ കയറി കൂടി.
കുടുംബം പോറ്റുന്നതിനും, തന്റെ ജീവിത ലക്ഷ്യം നിറവേറ്റുന്നതിനും, ആശ്രിതത്വമില്ലാതെ സ്വാതന്ത്യത്തോടെയുള്ള ജീവിതം കെട്ടിപ്പടുക്കുന്നതിനുമായി യാത്ര ചെയ്യുന്നവരും, ജീവിത യാതനകളിൽ നിന്നും കരകയറാനായി കച്ചവടം നടത്തിയും,ഭിക്ഷ യാചിച്ചും കയറി ഇറങ്ങിയവരും സഹയാത്രികരായിരുന്നു.
ഉടുത്തൊരുങ്ങിയവരും, ചുണ്ട് ചോപ്പിച്ചവരും, കൺമഷി കൊണ്ട് കണ്ണെഴുതിയവരും, പുരികം ആകൃതിവരുത്തിയവരും, അല്ലാത്തവരുമൊക്കെ
ആക്കൂട്ടത്തിൽ ഉണ്ട്. അടുത്ത് നില്ക്കുന്നവർക്ക് ഇരിക്കാൻ ഇടം കൊടുക്കാതെ കാല് പരത്തിയിരിക്കുന്ന കുശുമ്പിയും, വാതില്ക്കല് കൈയ്യും വെച്ച് ആളെ കയറാൻ വിടാത്ത മേലാളത്തിയും മാത്രമല്ല ഒതുങ്ങിയിരുന്നും,
എഴുന്നേറ്റ് നിന്ന് ഇരിക്കാൻ ഇടം കൊടുത്തും സഹകരിക്കുന്ന പുണ്യാളത്തിമാരും ചേർന്ന് വിപരീതത്തിന്റെ അർത്ഥം അറിയിച്ചു. മലയാളവും, മറാത്തിയും, ഗുജറാത്തിയും, തമിഴും, തെലുങ്കും, കന്നഡയും, പഞ്ചാബിയുമൊക്കെ അവരവരുടെ മാതൃഭാഷയാണെങ്കിലും കാന്താ, ബട്ടാറ്റ( ഉള്ളിയും, ഉരുളക്കിഴങ്ങും) പോലത്തെ
ആംചി മുംബൈ ഭാഷ( മറാത്തി കലർന്ന ഹിന്ദി) തന്നെയാണ് എല്ലാവരും ഉരിയാടിയിരുന്നത്. സ്വന്തം തസ്തികകളുടെ പ്രൌഡി ചില മുഖങ്ങളിൽ പ്രതിഫലിക്കുന്നു ചിലർക്കൊട്ട് അത് ഇല്ലതാനും.
അവനവന്റെ ജോലി സ്ഥലങ്ങളിൽ വണ്ടി എത്തുമ്പോൾ വൈകുന്നേരം കാണാം എന്ന വാക്കുകളോടെ കുറേപേർ ഇറങ്ങുന്നു. വി.ടി എത്തിയപ്പോൾ കൈയ്യും വീശി,ബാഗും തൂക്കി കുതിര കണക്കേ കുതിച്ചു എല്ലാവരും അന്നദാതാവിൻ അടുക്കലേയ്ക്ക്.
പകലവൻ അറബിക്കടലിലേയ്ക്ക് അന്തിമയങ്ങുമ്പോൾ അന്നന്നത്തെ ജോലിഭാരങ്ങൾ ഇറക്കി വെച്ച് വഴിയിൽ വാങ്ങിയ വടാപ്പാവും, വട്ടാണയും(തോലോടു കൂടിയ പച്ചപ്പട്ടാണി),
മേത്തിയും, മല്ലിയിലയും നിറച്ച സഞ്ചികളുമായി കൂടണയാൻ കൂട്ടുകാരികൾ കൂട്ടുകൂടി വണ്ടി കയറി.എന്നും ഒരേ വണ്ടിയിൽ ഒപ്പം യാത്ര ചെയ്യുന്നവർ. വടാപ്പാവ് പങ്കിട്ട് കഴിച്ച്
വഴി വിശപ്പടക്കുന്നു. അത്താഴമൊരുക്കാൻ വട്ടാണതൊലിച്ചു മണിയാക്കിയും, മേത്തിയും മല്ലിയിലയും വൃത്തിയാക്കി പിറ്റേന്നത്തെ പ്രാതലിന്റെ പാതി
പണി കഴിച്ചും യാത്രാ സമയത്തെ
ഉപയോഗപ്രദമാക്കുന്നു. വിരസതയകറ്റാൻ ചിലർ അന്താക്ഷരികളിച്ച് ആനന്ദം കൊള്ളുന്നു.വേറെ ചിലർ പിറന്നാൾ ആഘോഷിക്കുന്നു. മക്കളുടെ പഠിത്തവും, മനസ്സിന്റെ വ്യഥകളും, കുടുംബ പ്രശ്നങ്ങളും, പ്രാരാബ്ദ്ധങ്ങളും സൗഹൃദങ്ങളോട് പങ്കുവെച്ച് മനസ്സിന്റെ ഭാരം ഇറക്കുന്നവരും ഇക്കൂട്ടത്തിൽ ധാരാളം,
അവർക്കിടയിലൂടെ ഒഴുകിയെത്തിയ “സിന്ദഗി ഏക് സഫർ ഹായ് സുഹാനാ…. ” എന്ന മധുര നാദം മുഷിഞ്ഞ് പറിഞ്ഞ വസ്ത്രം ധരിച്ചവളെങ്കിലും കാർമേഘത്തിനിടയിലൂടെ ഒളിഞ്ഞു നോക്കുന്ന പൂർണ്ണ ചന്ദ്രന്റെ മുഖമുള്ള പെൺകിടാവിന്റേതായിരുന്നു. പിഞ്ചുകുഞ്ഞിനെ മാറോടണച്ച് മാറാപ്പും തൂക്കി അന്നത്തിനായ് യാചിച്ച് കൈനീട്ടിയ ചെറുപ്പക്കാരികളും, വടികുത്തിയ വൃദ്ധകളും, മീൻ കൂടയുമായി അപൂർവ്വമായെത്തുന്ന കോലി(മത്സ്യ തൊഴിലാളികളുടെ ആദിമ ഗോത്രം) കളും വണ്ടിയുടെ അവകാശികൾ തന്നെ.
തരുണീമണികൾക്കിടയിലൂടെ സുന്ദരിമാരായി രണ്ട് കൈയ്യും താളത്തിൽ കൊട്ടി അർദ്ധനാരീശ്വരരും( ഭിന്ന ലിംഗക്കാർ) അന്നം കണ്ടെത്തുന്നു. തങ്ങളെ കാത്തിരിക്കുന്ന ഉറ്റവർക്കരികിലേയ്ക്ക് ഇറങ്ങേണ്ട ഇടം എത്തുമ്പോൾ ഇറങ്ങുന്നവർക്ക് ത്യാഗത്തിനും,
സഹനത്തിനും ഒപ്പം ആനന്ദവും, ആത്മ സംതൃപ്തിയും ഈ ലേഡീസ് കൂപ്പകളിലൂടെ സാധ്യമാവുന്നു.
ഇത്രയും ആംചി മുംബൈ എന്ന മഹാനഗരത്തിലെ മഹിളകളുടെ ജീവിത പ്രയാണത്തിന്റെ
ചെറു കണിക മാത്രം.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറിന്റെ തുടക്കങ്ങളിൽ മുംബൈ നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനിലുള്ള എന്റെ യാത്രയിൽ ഞാൻ നിരന്തരം കണ്ട കാഴ്ചകൾ ഇന്ന് അയവിറക്കുമ്പോൾ മീനമാരുടേയും, നീന മാരുടേയും യാതനകൾക്കും കടലിൽ നിന്ന് വീശുന്ന ഉപ്പുരസമുള്ള കാറ്റിനും മാറ്റമേതുമില്ല. മാറ്റമുള്ളത് നഗരത്തിന്റെ പുറംമോടിക്ക് മാത്രം.

Leave a comment