ശ്രേയ കെ. കവിതകൾ 

അവൾ

ആദ്യം   അമ്മയുടെ മാറത്തൊട്ടിചേർന്ന് കിടന്ന പെൺകുഞ്ഞായി
അച്ഛന്റെ പ്രിയപ്പെട്ട മകളായ്
കൊലുസിട്ടതോടെ പെണ്ണായ്
ഉടുപ്പിന്റെ  നീളം  വർധിച്ചപ്പോ സ്ത്രീയായി
ഒരുവന്റെ കാമുകിയായി
മറ്റൊരുവന്  ഭാര്യയും
മക്കൾക്ക് അമ്മയായി
മുത്തശ്ശിയായി
അങ്ങനെ അങ്ങനെ..
****

ഭ്രാന്ത് പൂക്കുന്നിടം


കടലാസുതുണ്ടിനോടും പേനയോടും
അകലം പാലിച്ച വിരലുകൾക്കെന്നോ –
രനുഭൂതി തോന്നിയതാവാം
അണയാത്തൊരനുഭൂതി.

മണ്ണൊരിക്കൽ മഴയെകൊതിച്ചതുപോലെ
രാവൊരുനാൾ പകലുകൾ കാത്തപോലെ
ഇണപക്ഷികൾ ഇണയെക്കാത്തപോലെ
വരികളും കാത്തൊരുന്നാൾ അവരിരുപേർ.

തൂലികയുടെ ചലനം കാത്ത
കടലാസാകെ നിറഞ്ഞിതാ കവിഞ്ഞു
വരികളും വാക്കും മൊട്ടിട്ടുപോയ്‌
കവിതകൾ കൊണ്ടവ ചുംബിച്ചു.

നിറയാത്ത വരികളും നിറഞ്ഞു
കവിയാത്ത കടലാസുതുണ്ടും കവിഞ്ഞു
ദിനങ്ങൾത്തോറും തൂലികത്തുമ്പുകൾ
മൂകമായ വരികൾക്കിണയായി.

ഏകയാക്കാനിടയാവാതെ
വരികളാൽ കവിതകളെന്റെ
ചുറ്റും പടർന്നിതാ
മൊട്ടും പൂവുമായ്.

മൗനം പാലിച്ച
വരികൾക്കെന്നൊ
വിരലുകൾ വഴുതിമറിയുന്നു
കവിതകളാൽ ഭ്രാന്തേറുന്നു.

എഴുത്തെന്നൊരാ ഭ്രാന്തിനെ-
യകറ്റാതെ വരികളെ നീ വിടരുക
കടലാസുതുണ്ടിൽ മൗനം
പാലിച്ചുറങ്ങുവാൻ വരുക നീ.

എഴുത്തിലൂടെ നാം പാറുക
വരികളിലൂടെ നാം സഞ്ചരിക്കുക
തൂലികയിലെ മഷി തീരുംവരെ
ഭ്രാന്തമായ കവിതകളിലൂടെ നാം കാഴ്ച്ചക്കിരയാവുക..

Leave a comment

Trending