ശിവദാസൻ മഠത്തിൽ

സുഭാഷ് ചന്ദ്രൻ ആത്മഹത്യ ചെയ്തു.
ഒരു ധീര ദേശാഭിമാനിയുടെ പേരുള്ളവൻ…
ആത്മഹത്യ ചെയ്യുമോ….
(ആത്മഹത്യ ചെയ്യുന്നത് ധൈര്യമുള്ളവരോ ധൈര്യമില്ലാത്തവരോ എന്ന ചർച്ചക്ക് ഇപ്പോൾ പ്രസക്തിയില്ല)
വാടകക്ക് താമസിക്കുന്ന വീട്ടിൽവെച്ചാണ് സംഭവം.
ഭാര്യയും ഒരു കുട്ടിയുമുണ്ട്.
സംഭവസ്ഥലത്ത് നിന്ന് കുറിപ്പോ മറ്റെന്തെങ്കിലും തെളിവോ കിട്ടിയിട്ടില്ല.
അപ്പോൾ എന്തായിരിക്കും കാരണം?
കണ്ടു പിടിക്കണം..
എന്നിലെ ഷെർലക് ഹോംസുണർന്നു.
ആദ്യം സാധ്യതകളുടെ ചാർട്ട് തയ്യാറാക്കണം
അന്വേഷണത്തിൻ്റെ പുരോഗതിക്കനു സരിച്ച് യോജിക്കാത്തവ
വെട്ടിക്കളയാം…
ഗൾഫിൽ നിന്നും വന്നിട്ട് ഒരു വർഷത്തോളമായി … വീട് പണി പൂർത്തിയായിട്ടില്ല.
കാർ വിറ്റതായും അറിഞ്ഞു.
അപ്പോൾ സാമ്പത്തികം പ്രശ്നമാകാം…
അവിടുന്നു തുടങ്ങാം അന്വേഷണം ?
വീട് കോൺട്രാക്ടർ സജീവൻ പരിചയക്കാരനാണ് അയാളെ കണ്ടാൽ എന്തെങ്കിലും തുമ്പു കിട്ടാതിരിക്കില്ല….
” സുഭാഷിൻ്റെ കാര്യം വല്ലാത്ത കഷ്ടമായല്ലേ “
ആമുഖമായുള്ള ഈ ചോദ്യത്തിന് മറുപടി എന്തായാലും അയാളുടെ മുഖത്ത് നിന്നു തന്നെ അവർ തമ്മിലുള്ള ബന്ധമറിയാമെന്ന് എൻ്റെ കുറ്റാന്വേഷണ മനസ് മന്ത്രിച്ചു.
എന്നാൽ തിരക്കുള്ള ഈ സമയത്ത് വർക്ക് സൈറ്റിൽ വലിഞ്ഞു കേറി വന്ന ഈ കോടാലി ഏത ടാ എന്ന ഭാവമാണ് സജീവൻ്റെ മുഖത്ത് തെളിഞ്ഞത്.
അത് കൊണ്ട് പിൻമാറാനാവില്ലല്ലോ.
അടുത്ത ചോദ്യത്തിലേക്ക് കടക്കാം..
“സുഭാഷിൻ്റെ വീടുപണിയെന്തായി?”
“ഫിനിഷിംഗ് സ്റ്റേജ് ആയി ” പണിക്കാർക്കെന്തോ നിർദേശം കൊടുക്കുന്നതിനിടയിൽ അയാൾ മറുപടി പറഞ്ഞു.
” അതാണ്… സ്ട്രക്ചർ പണി പെട്ടെന്ന് തീരും ഫിനിഷിംഗി നല്ലെ ചെലവ് ഗൾഫിന്ന് കൊണ്ടുവന്ന പൈസയൊക്കെ കഴിഞ്ഞിട്ടുണ്ടാവും പാവം.ലോണു മുണ്ടാവും….സജീവന് കുറെ കിട്ടാനുണ്ടാവും ല്ലേ “
വീടുപണിയെ കുറിച്ചുള്ള പൊതു അറിവും, ഗൾഫുകാരുടെ കാര്യവും എല്ലാം ചേർത്തുള്ള ഈ ചോദ്യത്തിൽ എന്തെങ്കിലും കിട്ടാതിരിക്കില്ല.
“ഏയ്.. പണത്തിൻ്റെ കാര്യത്തിലൊക്കെ കറക്ടാ .ഫിനിഷ് ചെയ്യാനുള്ള മുഴുവൻ പണവും നേരത്തെ തന്നെ തന്നിട്ടുണ്ട്”
“അപ്പോ കാറൊക്കെ വിറ്റ തോ “
“അത് പുതിയ വണ്ടിയെടുക്കാനല്ലേ….. പുതിയ ഓട്ടോ ഗിയർ വണ്ടി ഒരാഴ്ച മുമ്പല്ലേ ബുക്ക് ചെയ്തത് .ഭാര്യക്കു വേണ്ടിയാണെന്നാ പറഞ്ഞത് “
ഇത്രയും പറഞ്ഞ് സജീവൻ ഫോണെടുത്ത്
ഡീലറോട് സിമൻ്റ് ഓർഡർ ചെയ്യുന്നതിനിടയിൽ ചിരിച്ചു തലയാട്ടി ഇടതു കൈയുയർത്തി യാത്രയാക്കിയപ്പോൾ എൻ്റെ പട്ടികയിലെ ഒന്നാം സാധ്യത വെട്ടിമാറ്റപ്പെടുകയായിരുന്നു.
ഇനി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് … ദാമ്പത്യ പ്രശ്നത്തിനുള്ള സാധ്യത
തളളിക്കളയാനാവില്ല.
ഏറെക്കാലം പരസ്പരം കാണാതിരുന്നവർ… ഒരുമിച്ചു ജീവിക്കാതിരുന്നവർ …..
.ഇടക്ക് ലീവിൽ വരുമ്പോൾ മാത്രമുണ്ടായിരുന്ന ബന്ധം …. പിന്നീട് ഒരുമിച്ചുള്ള ജീവിതമായി മാറിയപ്പോൾ സ്വാഭാവികമായും അസ്വാരസ്യങ്ങളുണ്ടാവും ……
പഴയ പരിഗണന ഇപ്പോൾ കിട്ടുന്നില്ലെന്ന് ഭർത്താവിനും, സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായി ഭാര്യക്കും അനുഭവപ്പെടാൻ സാധ്യതയുണ്ട്..
ഇത് തർക്കങ്ങളിലേക്ക് നയിക്കാം…
അയാളെ മദ്യപാനത്തിലേക്ക് തിരിച്ചു വിടാം.. മറ്റു പല പ്രശ്നങ്ങളിലേക്കും നയിക്കാം.. അതിൻ്റെ അവസാനം ആത്മഹത്യക്കും വളരെ വളരെ സാധ്യതയുണ്ട്. . അന്വേഷണം
മദ്യപാനത്തിൽ നിന്നു തന്നെ തുടങ്ങാം…
പ്രദേശത്തെ മദ്യപാനികൾക്ക് ഒഴിവാക്കാനാവാത്തയിടമാണ് രാമകൃഷ്ണൻ്റെ കട.
തണുത്ത വെള്ളം, സോഡ, മിക്സ്ചർ മുറുക്ക് സിഗരറ്റ് അച്ചാർ വെറ്റില അടയ്ക്ക തുടങ്ങിയ അനുബന്ധ സാധനങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. മാത്രമല്ല
പ്രദേശത്തെ പ്രധാന എക്സുകൾ മൂന്നു പേർ രാമകൃഷ്ണൻെറ സ്വന്തം ആളുകളാണ്. അത്യാവശ്യക്കാർ രാമകൃഷ്ണൻ്റെ റെക്കമൻ്റേഷനുമായി ഇവരെ സമീപിക്കുമ്പോൾപ്രത്യേക പരിഗണനയുമുണ്ടെന്നാണ് കേൾക്കുന്നത്.
ഈ സേവനങ്ങളെല്ലാം രാത്രി പതിനൊന്നു മണി വരെയുണ്ടാകും. അത്യാവശ്യം ക്രെഡിറ്റ് സൗകര്യവുമുണ്ട്.
വൈകീട്ട് ആറ് മണിക്ക് മുമ്പാണ് രാമകൃഷണനുമായി സംസാരിക്കാൻ പറ്റിയ സമയം. അതു കഴിഞ്ഞാൽ തിരക്കാവും.
കടയിലേക്ക് കയറുമ്പോൾ ഫ്രിഡ്ജിലേക്ക് സോഡയും വെളളവും കയറ്റി വെക്കുകയായിരുന്നു അയാൾ.
എങ്ങിനെ തുടങ്ങും എന്ന് ചിന്തിക്കുമ്പോൾ രാമൃഷ്ണൻ തന്നെ തുടക്കമിട്ടു.
“ന്നാലും അയാൾക്ക് വേണ്ടാത്ത പണിയായി പോയി, എന്താ ഒരു കൊറവ് കാശ്ണ്ട് മൊതല്ണ്ട് ,എല്ലാണ്ട് മിണ്ടാണ്ടിരുന്നാ പോരെ “
ഞാൻ പതുക്കെ വിഷയത്തിലേക്ക് കടന്നു.
“മൂപ്പരെങ്ങനെ “
തള്ളവിരലും ചൂണ്ടുവിരലും സി ആകൃതിയിൽ വളച്ച് ആംഗ്യത്തോടെയുള്ള എൻ്റെ ചോദ്യത്തിന് ഉടൻ മറുപടി വന്നു.
“പിന്നേ…. ,പക്ഷെ ലോക്കലില്ല, മിലിട്ടറി മാത്രം, ഞാനല്ലെ നമ്മടെ മീശ മേനൻ്റടുത്ത് പറഞ്ഞയക്കണത് “
ഒരു വഴി തെളിഞ്ഞു വരുന്നതിൻ്റെ ലക്ഷണം കണ്ടുതുടങ്ങി…
ഇനി ….
മദ്യപിച്ചതിനു ശേഷമുള്ള വീട്ടിലെ കാര്യങ്ങളറിയണം…. അതിന് വഴി കണ്ടെത്തണം.
രാത്രി മുറിയിൽ അസ്വസ്ഥനായി നടക്കുമ്പോഴാണ് ഭാര്യയുടെ ശബ്ദം കേട്ടത്
“അതേയ് നാളെ ദേവകിയ്ക്കൊരു അഞ്ഞൂറ് രൂപ കൊടുക്കണം, ആശുപത്രിയിൽ പോകാനാണത്രെ “
ഇവിടെ കാര്യമായി ചിന്തിക്കുമ്പോഴാണ് വേലക്കാരിയുടെ കാര്യം……
….
യെസ്…
ഒരു സ്പാർക്ക്…
വേലക്കാരി….
സുഭാഷ് ചന്ദ്രൻ്റെ വീട്ടിലെ വേലക്കാരിയെ പിടിച്ചാൽ എല്ലാമറിയാം… അയാൾ മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടോ…. മദ്യപാനമില്ലാത്തപ്പോൾ അവരുടെ ബന്ധമെങ്ങനെ എല്ലാം അറിയണം.
എന്താ വഴി…? ഇതൊക്കെ അന്വേഷിക്കാനാണ് ഡോക്ടർ വാട്സനെ പോലൊരു സഹായി വേണ്ടത്..
തൽക്കാലം ഭാര്യയെത്തന്നെ സഹായിയാക്കാം.. അവളും ചെറിയ തോതിലൊരു സി.ബി.ഐ ആണ്.
രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഇക്കാര്യം അവതരിപ്പിച്ചപ്പോൾ തന്നെ കുറച്ച് കാര്യങ്ങൾ കിട്ടി.
മൂന്ന് മാസം മുൻപ് അവിടെയുണ്ടായിരുന്ന വേലക്കാരിയാണ് ഇപ്പോൾ തൊട്ടടുത്ത വീട്ടിൽ നില്ക്കുന്നത്. അവളിൽ നിന്നുമെന്തെങ്കിലും കിട്ടാതിരിക്കില്ല.
നാളെ വൈകീട്ട് കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കാം.
അടുത്ത ദിവസം വൈകീട്ട് ഏറെ പ്രതീക്ഷയോടെയാണ് ഓഫീസിൽ നിന്നെത്തിയത്.
എന്നാൽ ഭാര്യയുടെ അന്വേഷണ റിപ്പോർട്ട് എല്ലാ പ്രതീക്ഷകളും തകർത്തു കളഞ്ഞു.
സുഭാഷ് ചന്ദ്രന് മദ്യപാനമില്ല.
മറ്റ് ദുശ്ശീലങ്ങളൊന്നുമില്ല. അവർ തമ്മിൽ ഒരു വഴക്കുണ്ടാവുന്നത് കണ്ടിട്ടേയില്ലത്രേ…
“അയാൾ നിങ്ങളെയൊന്നും പോലെ അല്ല പാചകം, പാത്രം കഴുകൽ ,തുണി അലക്കൽ കുട്ടികളുടെ കാര്യങ്ങൾ എല്ലാ ത്തിലും ഭാര്യയുടെ ഒപ്പം നിന്ന് സഹായിക്കാറുണ്ടത്രെ “
തനിക്ക് നല്ലൊരു കുത്തു കൂടെ തന്നു കൊണ്ടാണ് അവൾ റിപ്പോർട്ട് അവസാനിപ്പിച്ചത്.
അന്വേഷണം വീണ്ടും വഴിതെറ്റുകയാണോ?
വേലക്കാരി പറഞ്ഞത് സത്യമായിരിക്കുമോ?
പിന്നെ എന്തുകൊണ്ട് രാമകൃഷണൻ അങ്ങിനെ പറഞ്ഞു ?എന്തായാലും സത്യമറിയണം.
ഇനിയൊരു വഴിയേയുള്ളൂ…
മീശ മേനോൻ എന്ന ചന്ദ്രശേഖരമേനോനെ കാണണം…
മോണിംഗ് വാക്ക് കഴിഞ്ഞു വന്നു തൊപ്പിയും ഷൂസും അഴിച്ചു വെക്കുന്നതിനിടയിൽ ഗേറ്റ് തുറന്ന് വീട്ടിലേക്ക് വരുന്ന പതിവില്ലാത്ത അതിഥിയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു. “എന്താ സാറെ ഈ വഴി ?
കുപ്പിയാണെങ്കിൽ ഇനി അടുത്ത മാസമെയുള്ളൂ”
സംസാരിക്കാൻ ഒരു വഴിതുറന്ന സ്ഥിതിക്ക് അതിലൂടെ തന്നെ പോകാം.
“അല്ല നിങ്ങടെയൊരു പ്രധാന കസ്റ്റമർ പോയല്ലോ …. അതു കൊണ്ട് സ്റ്റോക്കുണ്ടാകും ന്ന് വിചാരിച്ചു. “
“അതാര് ?”
“സുഭാഷേ…. രണ്ടു മൂന്ന് ദിവസം മുൻപ് മരിച്ചില്ലേ ?”
“ആ…. ദുബായ് ക്കാരനോ അയാളാകെ ഒരു ദിവസേ ഇവിടെ വന്നിട്ടുള്ളൂ ല്ലോ എന്തോ വീട് കോൺക്രീറ്റാണ് പണിക്കാർക്ക് കൊടുക്കണം ന്ന് പറഞ്ഞ് മൂന്ന് കുപ്പി വാങ്ങി പോയിട്ടുണ്ട് അത്ര തന്നെ “
അതോടെ ആ സാധ്യതയും ഇല്ലാതായി.
ഇനി ഏറ്റവും ശക്തമായ ഒരു സാധ്യത പരിശോധിക്കണം.
ഭർത്താവ് വിദേശത്ത്…
സുന്ദരിയായ ഭാര്യ… വഴിതെറ്റിപ്പോകാനുള സാധ്യതകളില്ലേ ?..
ഫോൺ ,വാട്സ് ആപ്, ഫേസ് ബുക്ക് തുടങ്ങിയവയിലൊക്കെ വലവിരിച്ചു കാത്തിരിക്കുന്ന നിരവധി പേരുണ്ടല്ലോ.. ഇത്തരം ഏതെങ്കിലുമാരു വലയിൽ കുടുങ്ങി പോയിട്ടുണ്ടാകാം.അത് തിരിച്ചു വരാനാവത്ത വിധം രൂക്ഷമായിട്ടുമുണ്ടാകാം.
ഇക്കാര്യം അവിചാരിതമായി ഭർത്താവ്
അറിയുന്നു.
കൊലപാതകം ചെയ്യാൻ പറ്റാത്ത പാവമായത് കൊണ്ട് ആത്മഹത്യ ചെയ്യുന്നു….
അത് തന്നെയായിരിക്കും കാരണം….
എവിടുന്നു തുടങ്ങണം ഈ വഴിക്കുള്ള അന്വേഷണം…?
ഫേസ്ബുക്ക് പരിശോധിച്ചു തന്നെ തുടങ്ങാം ഫ്രൻ്റ്സ് ലിസ്റ്റ്, ആശംസ മെസേജുകൾ, ഫോട്ടോകൾ പരിമിതമായ അറിവു വെച്ചു നോക്കുമ്പോൾ എവിടെയും സംശയിക്കതക്കതായിട്ടൊന്നുമില്ല.
ഇനി എന്താ വഴി പരിസരത്തെ സി.സി.ടി വി ദൃശ്യങ്ങൾ….. അത് എങ്ങിനെ കിട്ടും? കിട്ടുകയാണെങ്കിൽ തന്നെ ഒരു വർഷമെങ്കിലും മുൻപുള്ളത് വേണമല്ലോ…. അക്കാര്യവും എളുപ്പമല്ല.
ആ വീടുമായി അടുത്ത് ബന്ധമുള്ളവർ തീർച്ചയായും മരണ ദിവസം അവിടെ എത്തിയിട്ടുണ്ടാവുമല്ലോ…
അന്ന് അവിടെയുണ്ടായിരുന്നവരുടെ മുഖങ്ങൾ ഓരോന്നായി മനസിൽ പരിശോധിച്ചു.
പെട്ടെന്ന് ഒരു ചെറുപ്പക്കാരനിൽ പരിശോധന എത്തി നിന്നു.
സുമുഖൻ ആരോഗ്യവാൻ …
ഒരു രഹസ്യ കാമുകന് വേണ്ട ലക്ഷണങ്ങൾ ശരീരഭാഷയിലും കാണാം.
മരണ വീട്ടിലെ എല്ലാ കാര്യങ്ങളും അയാൾ ഉത്തരവാദിത്തത്തോടെ അന്വേഷിക്കുന്നുണ്ടായിരുന്നു. മാത്രമല്ല മൃത ശരീരത്തിനടുത്തിരുന്നു കരയുന്ന ഭാര്യയുടെ കാര്യത്തിൽ അയാൾക്കൊരു പ്രത്യേക ശ്രദ്ധയുണ്ടെന്നും അപ്പോഴെ തോന്നിയിരുന്നു… ആ നോട്ടവും ഭാവവുമെല്ലാം സംശയിക്കത്തക്ക തു തന്നെയായിരുന്നു…..
ഇനി അയാളെക്കുറിച്ചറിഞ്ഞിട്ടു തന്നെ കാര്യം….
സുഭാഷ് ചന്ദ്രൻ താമസിച്ചിരുന്ന വീടിനു മുന്നിലെ വീട് മനോഹരൻ സാറിൻ്റെ യാണ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ.. അദ്ദേഹവും ഭാര്യയും മാത്രമേയുള്ളൂ. ഇരുവരും അധിക സമയവും വീടിൻ്റ സിറ്റ് ഔട്ടിൽ തന്നെയാണ് ഇരിക്കാറ്. അപ്പോൾ മുൻപിലെ വീട്ടിൽ വന്നു പോകുന്നവരെ ശ്രദ്ധിക്കാതിരിക്കില്ലല്ലോ.
എന്തു പറഞ്ഞാണ് അങ്ങോട്ട് പോവുക … അദ്ദേഹത്തിൻ്റെവിദേശത്തുള്ള മകന് വിവാഹാലോചന ഊർജിതമായി നടക്കുന്നുണ്ട്. അത് പറഞ്ഞു കൊണ്ട് തന്നെ തുടങ്ങാം.
പതിവു പോലെ മനോഹരൻ സാർ സിറ്റ് ഔട്ടിൽ തന്നെയുണ്ട്.
വിവാഹ കാര്യമൊക്കെ സംസാരിച്ച് പതുക്കെ നമ്മുടെ വിഷയത്തിലേക്ക് കടന്നു.
“നമ്മുടെ സുഭാഷ് എന്തിനായിരിക്കും ഇത് ചെയ്തത് “
മനോഹരൻ സാറിൽ നിന്നും കാര്യമായ പ്രതികരണമില്ല.
” മരിച്ച ദിവസം അവിടെ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നല്ലോ. എല്ലാ കാര്യങ്ങളും നോക്കിയിരുന്ന ഒരാൾ ആരായിരുന്നു അത്?”
“അതയാളുടെ ഒരു ഫ്രൻ്റായിരുന്നു.”
“സുഭാഷ് വിദേശത്തായിരുന്നപ്പോഴും ഇടയ്ക്ക് അയാൾ ഇവിടെ വരുമായിരുന്നു അല്ലേ “
“ആ വല്ലപ്പോഴും കാണാറുണ്ട്.”
മനോഹരൻ സാർക്ക് ഇക്കാര്യത്തിൽ വലിയ താല്പര്യമില്ലെന്നു മറുപടിയിൽ വ്യക്തം. അദ്ദേഹത്തിൻ്റെ ചിന്ത മറ്റൊന്നായിരുന്നു.
“ആ വീടിൻ്റെ അവസ്ഥ ഇനി എന്താവും? വേറെയാരെങ്കിലും ഇനി വാടകയ്ക്ക് വരുമോ? വിൽക്കാൻ പോയാൽ നല്ല വില കിട്ടുമോ?
ആളും വെളിച്ചവുമില്ലാതെ മുന്നിലൊരു വീടിങ്ങനെ കിടന്നാൽ ബാക്കിയുള്ള വർക്കൊരു സമാധാനമുണ്ടോ?”
അദ്ദേഹത്തിന് വീടിൻ്റെ കാര്യവും സ്വന്തം സമാധാനവുമാണ് പ്രശ്നം എന്ന് മനസിലായപ്പോൾ പതുക്കെ യിറങ്ങി.
ഇനി എന്താണ് വഴി….
വീട്ടിലെത്തി റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ
ചിന്തകൾക്ക് ഭാവനയുടെ ചിറകു മുളച്ചു.
ബേക്കർ സ്ട്രീറ്റിലെ വസതിയിൽ ചുരുട്ടും വലിച്ച് ഉലാത്തുമ്പോൾ ഹോംസിനെ തേടി വിലപ്പെട്ടൊരു തെളിവുമായി കുതിരവണ്ടിയിൽ ഒരാൾ വന്നിറങ്ങുന്നതു പോലെ….
പ്രതീക്ഷിക്കാത്ത സമയത്ത് കേസിൻ്റെ തുമ്പായി മാറുന്ന ഒരു കുറിപ്പ് തപാലിൽ വരുന്നത് പോലെ ….
എന്തെങ്കിലുമൊരു അത്ഭുതം സംഭവിച്ചാലെ ഇനി അന്വേഷണം മുന്നോട്ട് പോവുകയുള്ളൂ….
ഫോൺ റിംഗ് ചെയ്യുന്നു. പ്രതീക്ഷ നൽകുന്ന എന്തെങ്കിലുമാവുമോ?
രാജീവ് എന്നൊരു പേരാണ് ട്രൂ കാളറിൽ ആരായിരിക്കും…?
ഞാൻ അന്വേഷിക്കുന്ന ചെറുപ്പക്കാരനാവുമോ…?
അത്ഭുതങ്ങൾ സംഭവിക്കുമോ?
ഫോണിൽ വളരെ സൗമ്യമായൊരു ശബ്ദം
“സാർ ഞാൻ രാജീവ് ,മരിച്ചു പോയ സുഭാഷ് ചന്ദ്രൻ്റെ സുഹൃത്താണ് “
എൻ്റെ ഊഹം തെറ്റിയില്ല. പ്രതീക്ഷിച്ച ആൾ തന്നെ… തെളിവുകൾ തേടി വരുകയാണല്ലോ…
മറുപടിക്കു കാത്തു നില്ക്കാതെ അയാൾ തുടർന്നു.
” സാർ എന്നെ അന്വേഷിച്ചതായി കേട്ടു .
ഞാനും സുഭാഷും കുട്ടിക്കാലം മുതലുള്ള ചങ്ങാതിമാരാണ്. എനിക്കറിയാത്ത അവൻ്റെ കാര്യങ്ങളോ അവനറിയാത്ത എൻ്റെ കാര്യങ്ങളോ ഒന്നുമില്ലായിരുന്നു.
പക്ഷെ ആത്മഹത്യ ചെയ്യാനുള്ള എന്തെങ്കിലും പ്രശ്നമുള്ളതായി ഒരു സൂചന പോലും എനിക്ക് കിട്ടിയില്ല എന്നത് എനിക്കിപ്പോഴും അത്ഭുതമാണ്.
സാർ, താങ്കളോട് സത്യസന്ധമായി ഒരു കാര്യം പറയാം…. അവൻ എന്തിനിത് ചെയ്തു എന്ന കാര്യം ഇനി ഈ ലോകത്ത് ഒരാൾക്കുമറിയാൻ ഒരു വഴിയുമില്ല.
സാർ അന്വേഷിച്ച് നടന്നിട്ട് ഒരു കാര്യവുമില്ല.”
വളരെ പ്രതീക്ഷയോടെ വന്ന വിളി
എൻ്റെ അന്വേഷണത്തിൻ്റെ അവസാനത്തിലേക്കായിരുന്നു എന്ന് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
വായനക്കാർ ദയവായി ക്ഷമിക്കുക ഇനിയും സാധ്യതകളും കാരണങ്ങളുമൊക്കെ അന്വേഷിച്ച്
പല വഴിക്കും നീങ്ങാം.പക്ഷെ ഒരാൾ ഒരു കാര്യം ആരെയും അറിയിക്കരുത് എന്ന് ഉറച്ച് തീരുമാനിച്ച് യാത്രയായാൽ പിന്നെ അതാർക്കുമറിയാനാവില്ല എന്നത് ഞാൻ മനസിലാക്കുന്നു.ഈ അന്വേഷണം ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു.
കുറെ ദിവസങ്ങൾക്കു ശേഷം വീട് വൃത്തിയാക്കാൻ വന്ന അതിഥി തൊഴിലാളികൾ അടിച്ചു വാരിക്കൂട്ടി കത്തിച്ച കടലാസുകളിൽ റീജനൽ ക്യാൻസർ റിസർച്ച് സെൻ്ററിലെ ഒരു പരിശോധനാ റിപ്പോർട്ടുമുണ്ടായിരുന്നത് ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല.
ശിവദാസൻ
മഠത്തിൽ

Leave a comment