കുറ്റസമ്മതം 

തറവാട്ടിലെ മുത്തശ്ശി തമ്പുരാട്ടിമാരുടെ  ശാസനകളാൽ ബാല്യവും ,കൗമാരവും , യൗവനവും കടന്ന് , വാർദ്ധ്യക്യത്തിന്റെ പടി ചുവടുവെക്കാൻ മുതിരുന്നതിനു മുമ്പേ … തിരിച്ചറിവിന്റെ തിരിഞ്ഞുനോട്ടത്തിലേയ്ക്കെന്നെ കൂട്ടികൊണ്ടു പോവുന്നു ,കാലങ്ങൾക്ക് ശേഷം തറവാട്ടു മുറ്റത്ത് കണ്ട നായാടി .

പുറം അമാവാസി കണക്കെ കറുത്തോ ,പൂനിലാവു പോലെ വെളുത്തോ  പ്രകൃതി തനിക്കനുസൃതമായി മെനഞ്ഞ അംഗലാവണ്യങ്ങളോടെ,

നാട്ടുവഴികളിലോ ,നാട്ടു വെട്ടത്തിലോ തെളിഞ്ഞു കാണാതെ ,വിദൂരതയിലെ വിടേയോ ഇരുട്ടിൽ ജനിച്ചു വീണ്, പാടവരമ്പത്തെ മാളങ്ങളിൽ നിന്നും മുളം കമ്പാൽ കുത്തിയെടുക്കുന്ന എലികളെ ഭക്ഷിച്ചു ,മറ്റൊരു ഇരുട്ടായി ജീവിക്കേണ്ടി വന്നവർ !

അമ്മ തമ്പുരാട്ടിമാർ വേലക്കാരോട് പറഞ്ഞ് പടിയ്ക്കുപുറത്ത് കുഴിയുണ്ടാക്കി ഇല വെച്ച് ഇവർക്ക് കഞ്ഞി വിളമ്പിയിരുന്നു എന്നത് കേട്ടറിവ് .. ഓർമകളിലേയ്‌ക്ക്‌ തിരിയുമ്പോൾ 

എന്നും രാവിലെ പുതു പത്രം വരുമായിരുന്നിട്ടും കടയിൽ നിന്നും വല്ലതും പൊതിഞ്ഞു വാങ്ങി കൊണ്ടുവന്ന ചുക്കിചുളിഞ്ഞ കടലാസ് തേടിയെടുത്തു,അതിൽ കുറച്ച് ,അരിയും ഉപ്പും മുളകും പടിപ്പുറത്ത് വെച്ച് ദൂരേയ്ക്ക നടന്നകലുമ്പോൾ തൊട്ടുകൂടായ്മയോടെ മാറി നിന്ന നായാടി വന്ന് വീട്ടിലുള്ളവരുടെ പേരിനോട് തമ്പുരാനും ,തമ്പുരാട്ടിയും ചേർത്തി പ്രാകുന്നു ,(പ്രാർത്ഥിക്കുന്നു),അവർക്ക് പ്രാർത്ഥന എന്ന പദം പ്രയോഗിക്കാൻ അനുവാദമില്ലത്തതിനാലാവാം “പ്രാകൽ” ആയത് അതുപോലെ തന്നെ അവരുടുക്കുന്ന മുണ്ടിന്  പഴം തുണി ,അവര് കുടിക്കുന്ന കഞ്ഞിവെള്ളത്തിന് കാടിവെള്ളം എന്നൊക്കെ പറയാൻ അവർ നിർബന്ധിതരായിരുന്നു ,അന്ന്, തൊട്ടുകൂടായ്മ കൊടുത്ത ചുളിഞ്ഞ കടലാസ് പൊതി തോളിൽ തൂക്കിയ തുണി ഭാണ്ഡത്തിൽ ഇട്ട് നടന്ന് നീങ്ങുമ്പോൾ മനസ്സിന്റെ കോണിൽ എവിടെയോ കോറിയ നൊമ്പരങ്ങളായിരുന്നു  ഇന്ന് തികട്ടി വന്നത് ! ആഴ്ചതോറും വന്നിരുന്ന നായാടിയ്ക്ക ആകാശത്ത് ഒറ്റയാനെപ്പോലെ ഒളിഞ്ഞു നിന്ന അമാവാസി ചന്ദ്രന്റെ മുഖമായിരുന്നു

എന്റെ സിരകളിലൂടെ ഒഴുകുന്ന പോലെ ഇവരുടെ രക്തവർണ്ണവും ചുവപ്പല്ലേ ….?

ഇവരുടെ അകം നോവുന്നതും നീറുന്നതും എന്റെ അകം പോലെയല്ലേ…?

മോഹങ്ങളും മോഹഭംഗങ്ങളും, കണ്ണീരും എല്ലാം എന്റേതു പോലെയല്ലേ…!?

ചോദ്യങ്ങൾ ആയിരം അന്നേ ചോദിച്ചിരുന്നു ….. കിട്ടിയ ഉത്തരങ്ങൾ ഒന്നും എനിക്ക് ഉത്തരങ്ങൾ അല്ലായിരുന്നു…. പക്ഷെ അനുസരണയുള്ളവളാകാൻ എല്ലാം അനുസരിച്ചു … തർക്കുത്തരക്കാരി ആവാതിരിക്കാൻ തർക്കമുള്ള ചോദ്യങ്ങളെ കൊന്നു … എങ്കിലും

നാട്ടുവഴക്കങ്ങൾക്കും വീട്ടുവഴക്കങ്ങൾക്കും വഴങ്ങിയതിനു നേരിട്ടൊരു പങ്കുമില്ലെങ്കിലും മാപ്പു ചോദിക്കുന്നു… എന്റെ പൂർവികർക്കും എനിക്കും മാപ്പു തരുക……!

മനുഷ്യനെ പൂഴിക്കും പുഴുവിനും സമമായി  കരുതിയിരുന്ന കാലത്ത് പിറവികൊണ്ട,  സാമൂഹിക പരിഷ്ക്കർത്താക്കളെ ഓർമയിൽ നിന്നും ആട്ടിപ്പായിക്കാതെ കാക്കാൻ നമുക്ക് കഴിയട്ടെ…

രതി സുരേഷ്

Leave a comment

Trending