വനിതാ ദിന കവിതകൾ – മുൻകൂറായി :-

|.വനിതകൾക്കായി ഒരു ദിനം

ഇരുട്ടിൻ്റെ തൊണ്ടയിൽ നിന്നും
ഞങ്ങൾ
ഉച്ചത്തിൽ അലറുന്നു.

പൊട്ടിയ കാൽച്ചിലമ്പുകളുമായി
ഞങ്ങൾ
കുശിനിയിൽ നൃത്തം വെയ്ക്കുന്നു.

മോചനമില്ലാത്ത തുണിക്കെട്ടുകളിൽ നിന്നും
ഞങ്ങൾ
വിമോചന സ്വപ്നം കാണുന്നു.

അർത്ഥമില്ലാത്ത പാഴ് വാക്കുകളിൽ നിന്നും
ഞങ്ങൾ
വാക്കുകൾ ചോരയിൽ മുക്കിയെഴുതുന്നു.

ഇനിയും ഉണരാത്തവർക്കായി
ഞങ്ങൾ
അതിരാവിലെ എഴുന്നേൽക്കുന്നു.

അലക്കുയന്ത്രം പണിമുടക്കിയാലും
പണിമുടക്ക് ശീലിക്കാത്ത
ഞങ്ങൾ
എത്ര തവണ അലക്കിയിട്ടും
വെളുക്കാത്ത
ദിനത്തിനെ അലക്കി അലക്കി
വെളുപ്പിക്കുന്നു.

ഉള്ളിലെ അനവധി സങ്കടങ്ങൾ
ഒതുക്കിക്കെട്ടിവെച്ച്
ഞങ്ങൾ
വെളുക്കനെ ചിരിക്കുന്നു.
വെളുത്ത മുണ്ടുടുക്കുന്നു.
വെളുക്കുംമുമ്പെ എഴുന്നേൽക്കുന്നു.

ഇപ്പോഴും കണക്കുപുസ്തകത്തിൻ്റെയും
പണംമാന്തിയെടുക്കുന്ന
കാർഡുകളുടെയും
അധിപകൾ യഥാർത്ഥത്തിൽ
ഞങ്ങളല്ല.
വെറുതെ മോഹിപ്പിക്കുന്നു എന്നു മാത്രം.
33%വും അതിലപ്പുറവും
മല കയറലും.

റേഷൻ കാർഡിൽ മാത്രം
ഞങ്ങളുടെ പേരും ഫോട്ടോയും
വെളുക്കനെ ചിരിച്ചു നിൽപ്പുണ്ട് –
വെറുതെ ഒരു കാർഡ്.
വെറുതെ ഒരു ദിനം.

2. യുദ്ധ രാഷ്ട്രത്തിലെ കുഞ്ഞ്

പിറന്നുവീണ രാജ്യത്തിന്റെ
ആകാശം കറുത്ത പുകയാൽ മൂടിയിരിക്കുന്നു.

എന്റെ രാജ്യത്തിന്റെ
ഭൂകനികൾ വിളയേണ്ട ഭൂമികയിലെല്ലാം മൈനുകളാണ്.

എപ്പോഴാണ് പിറവി നൽകിയവർ
നഷ്ടപ്പെടുകയെന്നറിയാത്ത
അനിശ്ചിതത്വത്തിൽ അന്തിയുറങ്ങുന്നു.
ഓരോ പുലരിയും പേടിസ്വപ്നങ്ങളാണ്.

ജീവിച്ചിരിക്കുമോയെന്നറിയാത്ത
നാളെയിൽ
ഞാനെന്തു പ്രതീക്ഷകളാണ് നെയ്തെടുക്കേണ്ടത്.
എങ്ങനെയാണ് ഭാവിയുടെ വാഗ്ദാനങ്ങളാകേണ്ടത്.

ആവാസത്തിനു മേലെ മാത്രമല്ല
ദുരിതാശ്വാസ ക്യാമ്പിലും
ആതുരാലയത്തിലും
ബോംബ് എന്നു എഴുതാൻ
പോലും പഠിച്ചു കഴിഞ്ഞിട്ടില്ലാത്ത
ഞാൻ
അപ്രതീക്ഷിത ബോംബിംങ്ങിൽ
പേടിച്ചു കഴിയുന്നു.

എന്തിനാണ് ഇവരൊക്കെ യുദ്ധം ചെയ്യുന്നത്.
ആരുടെയൊക്കെയോ വാശി തീർക്കുന്ന
ഈ ഭൂമിയിലേക്ക് എന്തിനാണ്
ഞങ്ങളെ പെറ്റിട്ടത്.

ഈ പ്രായത്തിൽ തന്നെ
കൈയും കാലും നഷ്ടപ്പെട്ട്
ഞങ്ങൾ എത്ര നരകിക്കണം.

നരാധമ പ്രവൃത്തികൾ കണ്ട്
ഞങ്ങൾക്ക് വേണ്ടി
സംസാരിക്കുമെന്ന് പറയുന്ന
ആരൊക്കെയോ
പ്രമേയം പാസ്സാക്കുന്നുണ്ട്.
പക്ഷെ അപ്പോഴേക്കും
ഞങ്ങളിൽ എത്ര പേർ അവശേഷിക്കും.
എത്ര പേർ അംഗവിഹീനരായി
ഊര് തെണ്ടേണ്ടിവരും.
എത്ര പേർ അനാഥരായി
അലയേണ്ടിവരും.

വയ്യ. പിറക്കേണ്ടിയിരുന്നില്ല.
പക്ഷെ അതും എന്റെ തെറ്റല്ലല്ലോ

Leave a comment

Trending