
ഇന്ത്യയില് ഭാഷാസ്നേഹം പ്രകടിപ്പിക്കുന്നവരില് ആദ്യ സ്ഥാനത്തുള്ളത് തമിഴ് ജനതയാണ്.
സ്വാതന്ത്ര്യത്തിനു മുമ്പ് 1927 കളില് തന്നെ ഹിന്ദി അടിച്ചേല്പ്പിക്കുന്നതിനെതിരെ പോരാടിയവരാണ് തമിഴര്.സ്വാതന്ത്ര്യത്തിനുശേഷവും തമിഴിനുവേണ്ടി നിരവധി സമരങ്ങള് തമിഴ്നാട്ടില് നടന്നിട്ടുണ്ട്.
ഹിന്ദി അടിച്ചേല്പ്പിക്കുന്നതിനെതിരെ
തമിഴര് നടത്തിയ പോരാട്ടത്തിന്റെ ഗുണഫലങ്ങള് മലയാളം ഉള്പ്പെടെയുള്ള ഭാഷാ ജനതകള് അനുഭവിക്കുന്നുണ്ട്.
‘ഭാഷാ ഭ്രാന്തരാണ്’,
‘ഭാഷാ തീവ്രവാദികളാണ്’ തുടങ്ങിയ നിരവധി ആക്ഷേപങ്ങള് കൊണ്ട് മലയാളികള്
തമിഴരെ വിമര്ശിക്കാറുണ്ട്.എന്നാല് ഇന്ന് അത്തരം വിമര്ശനങ്ങള്ക്ക് പ്രസക്തിയില്ലാതായി തീര്ന്നിരിക്കുന്നു.
സ്വന്തം ഭാഷയെ ഉയര്ത്തിപ്പിടിക്കേണ്ടേ
ചുമതല ഇന്ന് മലയാളികള്ക്കും ഉണ്ട്. ഏകലോക ഭാഷയുടെ കാലം വെറും മിഥ്യയാണ്.ബഹുഭാഷയുടെ ലോകമാണ് ഇനി വരാനിരിക്കുന്നത്.തമിഴിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.ആദ്യ കാല സാഹിത്യ കൃതികളില് തമിഴ് ഭാഷയോടുള്ള സ്നേഹവും തമിഴ് സംസ്കാരത്തോടുള്ള അഭിമാനവും പ്രകടമാകുന്ന വരികളും ചിന്തകളും നിരവധിയുണ്ട്. തമിഴ് ജനതയെ ഭാഷ എന്ന പൊതുവികാരത്തില് ഒന്നിപ്പിക്കാന് ഇത്തരം കൃതികള്ക്ക് സാധിക്കുന്നു.സാതന്ത്ര്യ സമര കാലഘട്ടത്തില് എഴുതിയിട്ടുള്ള കവിതകളില് സമാരാവേശം ഉണര്ത്തുകയും തമിഴ് ഭാഷയെ പുകഴ്ത്തുകയും ചെയ്യുന്നു.
സിനിമ, പൊതുധാരയില് സജീവമായതോടെ തമിഴര് അതിനെയും ഏറ്റെടുത്തു.ഭാഷ പോലെ സിനിമയും അവരെ സജീവമായി സ്വാധീനിക്കുന്നു.തമിഴ് സിനിമയുടെ ആരംഭകാലം മുതല് തമിഴ് വികാരം പ്രതിഫലിക്കുന്നതുകാണാം.അത് ഇന്നും തുടരുന്നു.
‘തമിഴ് മീതുള്ള അന്പാല് പറ്റ്റാല് പാസത്താല് തമിഴ് കാത്തു, തമിഴരിന് നലന് കാത്തു തൊണ്ടര്ക്കു തൊണ്ടനാകിയ ഞാന്, മനം കവരും തമിഴേ മനം കവരും തായേ.…..’
തമിഴ്നാട് മുഖ്യമന്ത്രിയും എഴുത്തുകാരനുമായ കലൈഞ്ജര് കരുണാനിധിയുടെ തിരക്കഥയില്
1964-ല് പുറത്തിറങ്ങിയ
‘പൂംപുഹാര്’ എന്ന ചലച്ചിത്രത്തിന് അദ്ദേഹം നല്കുന്ന ആമുഖമാണിത്.
കലൈഞ്ജര് കരുണാനിധിയുടെ തിരക്കഥകളില് ഭാഷാ സ്നേഹം
അലയടിക്കുന്നത് കാണാം.
‘തമിഴേ തായേ,തായകമേ’
എന്ന് പറഞ്ഞു കൊണ്ടാണ് ‘പൂംപുഹാറില്’ നെടുഞ്ചഴിയ പാണ്ഡ്യന് മരിക്കുന്നത്.ഇത്തരത്തിലുള്ള നിരവധി സംഭാഷണങ്ങള് കൊണ്ട്
‘തമിഴ്, തമിഴ്നാട്’ എന്ന വികാരത്തെ ഊട്ടിയുറപ്പിക്കാനാണ് കരുണാനിധി ശ്രമിച്ചത്. തമിഴ് വികാരം,
ദ്രാവിഡീയത,ഫെഡറലിസം തുടങ്ങിയവ മുന്നോട്ട് വച്ച് ഡി.എം.കെ അധികാരത്തില് കയറിയെന്നത് ഇതുമായി ചേര്ത്തുവച്ച് പറയേണ്ടതാണ്..
തില്ല് മുള്ളും ഭാഷാരാഷ്ട്രീയവും
രജനീകാന്ത് കേന്ദ്ര കഥാപാത്രമായി
അഭിനയിച്ച് 1981 ല് പുറത്തിറങ്ങിയ ചിത്രമാണ് ‘തില്ല് മുള്ള്’. മുരുകനോടുള്ള തീവ്രഭക്തി, രാജ്യസ്നേഹം എന്നിവ പ്രകടിപ്പിക്കുന്ന തേങ്കായ് ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില് രജനീകാന്ത് ജോലിക്ക് കയറുന്നതും അതിന് ശേഷം നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ഇതേ സിനിമയെ ഉപജീവിച്ചാണ് മലയാളത്തില് 1995 ല് ‘സിംഹവാലന് മേനോന്’ പുറത്തിറങ്ങിയത്. തില്ല് മുള്ളില് സ്ഥാപനത്തിന്റെ ഉടമ പ്രകടിപ്പിക്കുന്ന മുരുകനോടുള്ള ഭക്തി സിംഹവാലന് മേനോനില് എത്തുമ്പോള് മലയാളഭാഷയോടുള്ള സ്നേഹമായി മാറുന്നു.രാജ്യസ്നേഹം നിലനിര്ത്തിയിരിക്കുന്നു.
മധു അവതരിപ്പിക്കുന്ന സ്ഥാപന ഉടമയുടെ കഥാപാത്രത്തെ ‘സിംഹവാലന് മേനോന്’ എന്ന് വിളിക്കുന്നത് ‘അന്യം നിന്നു പോയ സ്വഭാവ സവിശേഷതകളുള്ള വ്യക്തിയായതു കൊണ്ടാണെന്ന് സിനിമയില് ജഗതി പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ രീതികള് മറ്റാര്ക്കുമില്ല, എന്നതാണ് സിനിമയില് ഉദ്ദേശിക്കുന്നത്. മാതൃഭാഷാസ്നേഹം വളരെ കുറഞ്ഞവരാണ് കേരളീയര്.
അതുകൊണ്ട് മലയാളത്തെ സ്നേഹിക്കുന്ന വ്യക്തിയെന്ന നിലയില്
സിംഹവാലന് മേനോന് മറ്റുള്ളവരില് നിന്നും വ്യത്യസ്തനാകുന്നു.
അഭിമുഖത്തിനെത്തുന്ന ജഗദീഷ് കെ.എസ്.ആര്.ടി.സി സൂപ്പര് ഫാസ്റ്റ് ബസിന് നെടുങ്കന് സംസ്കൃത വാക്ക് മലയാളമെന്ന് പറഞ്ഞ് വിവര്ത്തനം നടത്തുന്നുണ്ട്.തില്ല് മുള്ളില് സിംഹവാലന് മേനോനെ പോലെയുള്ള കഥാപാത്രം സാധ്യമല്ല.സ്വന്തം ഭാഷയെ വൈകാരികമായി സമീപിക്കുന്നവരാണ് തമിഴ് ജനത.സ്ഥാപന ഉടമയുടെ പ്രധാന പ്രത്യേകത ഭാഷാസ്നേഹിയാണെന്നും
മറ്റാരിലും അതില്ലെന്നും പറയാന് പറ്റില്ല.
തമിഴ്നാട്ടില് ഭാഷയെന്നത് രാഷ്ട്രീയ വിഷയമാണ്.തീവ്രമായ ഭാഷാ സ്നേഹമാണ് അവര് പ്രകടിപ്പിക്കുന്നത്.
എന്നാല് കേരളത്തില് നേരെ തിരച്ചാണ് കാര്യങ്ങള്. മലയാളത്തെ വെറുമൊരു ഭാഷയായി മാത്രമാണ് ബഹുഭൂരിപക്ഷം പേരും കാണുന്നത്.
ഏഴാം അറിവ്
ആയോധന കലകള്,വൈദ്യം തുടങ്ങിയ മേഖലകളില് നിപുണനായ നൂറ്റാണ്ടുകള്ക്ക് മുമ്പ് ജീവിച്ചിരുന്ന ബോധിധര്മ്മന്റെ ജീവിതത്തെക്കുറിച്ച് സൂചനകള് നല്കുന്ന സിനിമയാണ് ഏ.ആര് മുരുകദാസ് സംവിധാനം ചെയ്ത ഏഴാം അറിവ്. പല്ലവ രാജവംശജനായ ബോധിധര്മ്മന് ബുദ്ധമതം സ്വീകരിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.സൂര്യയാണ് ഇതിലെ കേന്ദ്ര കഥാപാത്രം.
തമിഴ് ഭാഷയുടെ പഴക്കം-സാഹിത്യ-വൈജ്ഞാനിക സമ്പത്ത്,തമിഴ് ജനതയുടെ സാംസ്കാരിക-കായിക പാരമ്പര്യം തുടങ്ങിയവയുടെ സൂചനകള് ഈ സിനിമയില് കാണാം.
തങ്ങളുടെ അഭിമാനമായ വ്യക്തികളെ തീവ്രമായി ആരാധിക്കുന്നവരാണ് തമിഴര്.സിനിമാ താരങ്ങളെ മാത്രമല്ല
തമിഴിനും തമിഴ്നാടിനും സംഭാവനകള് നല്കിയവരെ എന്നും ആവര് ആരാധിക്കാറുണ്ട്.അത്തരത്തില് ബോധിധര്മ്മനെ കൂടുതല് പേരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഏഴാം അറിവിലൂടെ എ.ആര് മുരുകദാസ് നടത്തുന്നത്.
കറ്റ്റൈ തമിഴ്-ഭാഷ നേരിടുന്ന പ്രതിസന്ധികള്
ഐ.ടി മേഖല വ്യാപകമായതോടെ തമിഴ് ഭാഷയ്ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെപ്പറ്റിയുള്ള സൂചനകളാണ് ‘കറ്റ്റൈ തമിഴ്’ എന്ന ചലച്ചിത്രത്തിലൂടെ സംവിധായകന് റാം പറയുന്നത്.തമിഴില് എം.എ ബിരുദം നേടിയ ജീവ അവതരിപ്പിക്കുന്ന പ്രഭാകര് എന്ന കഥാപാത്രം നേരിടുന്ന ജീവിത പ്രയാസങ്ങളാണ് സിനിമയുടെ പ്രമേയം.
തമിഴ് പഠിച്ചവര്ക്ക് സമൂഹത്തില് അംഗീകാരവും മികച്ച ജോലിയും ലഭിക്കുന്നില്ലെന്നതിന് ഉദാഹരണമാകുന്നത് പ്രഭാകര് തന്നെയാണ്.
ഭാഷാ വിഷയങ്ങള് പഠിക്കുന്ന വിദ്യാര്ത്ഥികളെ രണ്ടാം തരക്കാരായാണ് സമൂഹം കാണുന്നത്.
കേരളം അതിന് ഉദാഹരണമാണ്.
‘തമിഴ് ഒരുവനെ ശാന്തപ്പെടുത്തുകയും ചെയ്യും,ഒരുവന് രൗദ്രത്തെയും പഴക്കുമെന്ന്’ പ്രഭാകര് പറയുന്നുണ്ട്, അത് തെളിയിക്കുന്നത് അയാളുടെ ജീവതവും.
ഐ.ടി രംഗത്തും അനുബന്ധ മേഖലകളിലും മികച്ച ശമ്പളമാണെന്നുള്ള കാഴ്ചപ്പാട് വച്ചു പുലര്ത്തുന്നുണ്ട്.അത് ശരിയല്ലെന്നും വളരെ തുച്ഛമായ വേതനം വാങ്ങുന്നവര് അവിടെയും ഉണ്ടെന്നു വാദിച്ച് ചിലര് ഈ സിനിമയെ എതിര്ത്തു.സമൂഹത്തെ പിറകിലേക്ക് കൊണ്ടു പോകുന്ന ചിന്തകളാണുള്ളതെന്ന വിമര്ശനവും
ഈ സിനിമ നേരിട്ടിരുന്നു.
സാട്ടൈ,അപ്പ- വിദ്യാഭ്യാസത്തിന്റെ
സ്വകാര്യവല്ക്കരണവും തമിഴ് മാധ്യമ വിദ്യാലയങ്ങള് നേരിടുന്ന പ്രതിസന്ധികളും
മലയാളം അറിയില്ലെങ്കിലും മക്കള്ക്ക്
ഇംഗ്ലീഷ് അറിഞ്ഞാല് മതിയെന്ന ധാരണ കേരളത്തെ പോലെ തമിഴ്നാട്ടിലെ ഒരു വിഭാഗത്തിനുണ്ട്.
സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകള് 2000-ത്തിനുശേഷം തമിഴ്നാട്ടില് വ്യാപകമായതോടുകൂടി ഗവണ്മെന്റ് സ്കൂളുകളില് വിദ്യാര്ത്ഥികള് കുറയാന് തുടങ്ങി.അവിടെ നിലനിന്നിരുന്ന തമിഴ് മാധ്യമത്തിലൂടെയുള്ള പഠനം ഇംഗ്ലീഷ് മീഡിയത്തിന്റെ വരവോടെ രണ്ടാം തരമായി കണക്കാക്കപ്പെട്ടു.സാമ്പത്തികമായി പ്രയാസം നേരിടുന്നവര് പോലും തങ്ങളുടെ മക്കളെ സ്വകാര്യ വിദ്യാലയങ്ങളില് ചേര്ത്തു.മക്കളെ സ്വകാര്യ സ്കൂളില് പഠിപ്പിക്കുക എന്നത് അന്തസ്സായി കരുതാന് തുടങ്ങിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചലച്ചിത്രമാണ് ‘അപ്പ’.സമുദ്രക്കനിയുടെ സംവിധാനത്തില് പുറത്തിറങ്ങിയ ഈ ചിത്രത്തില് ‘ദയാളന്’ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്.സ്വകാര്യ സ്കൂള് മേഖലയുടെ കച്ചവട സ്വഭാവത്തെ തുറന്നു കാണിക്കുന്നതിനൊപ്പം വിദ്യാര്ത്ഥികളുടെ അഭിരുചികള്ക്കനുസരിച്ച് അവരെ പഠനത്തിലേക്ക് നയിക്കണമെന്ന സന്ദേശവും ഈ സിനിമ നല്കുന്നു.
പഠന നിലവാരവും അടിസ്ഥാന സൗകര്യവും വളരെ കുറഞ്ഞ ഒരു ഗവണ്മെന്റ് സ്കൂളിന്റെ പശ്ചാത്തലത്തില് പുറത്തിറങ്ങിയ ചലച്ചിത്രമാണ് ‘സാട്ടൈ’. അവിടെയുള്ള പ്രശ്നങ്ങള് പരിഹരിച്ച് വിദ്യാര്ത്ഥികളെ ഉയര്ന്ന വിജയത്തിലേക്ക് എത്തിക്കുന്നത് സമുദ്രക്കനി അവതരിപ്പിക്കുന്ന ദയാളന് എന്ന അധ്യാപകനാണ്.ഗവണ്മെന്റ് സ്കൂളുകള്ക്കും മികച്ച നിലയില് പ്രവര്ത്തിക്കാനും ശോഭിക്കാനും കഴിയുമെന്ന് ഈ സിനിമ കാണിച്ചു തരുന്നു.
അപ്പ,സാട്ടൈ എന്ന ചലച്ചിത്രങ്ങളില് അടിസ്ഥാനമായി നില കൊള്ളുന്നത് മാതൃഭാഷ തന്നെയാണ്.സ്വകാര്യ സ്കൂളുകള് എങ്ങനെയാണ് വിദ്യാഭ്യാസത്തില് നിന്നും പ്രാദേശിക ഭാഷകളെ മാറ്റി നിര്ത്തുന്നതെന്ന് ഈ സിനിമകള് കാണിച്ചു തരുന്നു.പ്രാദേശിക ഭാഷാ പഠനം പൂര്ണ്ണമായും ഒഴിവാക്കുകയാണ് സ്വകാര്യ സ്കൂളുകള്.ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.ഇതിനൊരു പ്രതിരോധമെന്ന നിലയില്, പൊതുവിദ്യാലയങ്ങള് മനുഷ്യത്വവും സമത്വവും മുന്നോട്ട് വയ്ക്കുന്ന സ്ഥാപനങ്ങളാണെന്ന ആശയത്തെയാണ് ഈ ചലച്ചിത്രങ്ങള് ഉയര്ത്തി പിടിക്കുന്നത്.സ്വകാര്യ സ്കൂളുകളില് ഇംഗ്ലീഷല്ലാതെ മറ്റു ഭാഷകള് സംസാരിക്കാന് പറ്റില്ല.അതിനെതിരെ
‘മീശയേ മുറുക്ക്’ എന്ന ചിത്രത്തില് വിവേക് നടത്തുന്ന സംഭാഷണം വളരെ പ്രധാനപ്പെട്ടതാണ്. മക്കള് ക്ലാസില് തമിഴ് സംസാരിച്ചതിന്
ശിക്ഷിക്കപ്പെടുമ്പോള്
രക്ഷിതാവായ വിവേക് പ്രിന്സിപ്പാളിന് നല്കുന്ന മറുപടി തമിഴ് ദേശീയതും മാതൃഭാഷാ സ്നേഹവും ഉയര്ത്തിപ്പിടിക്കുന്നതാണ്. വിദ്യാര്ത്ഥികളുടെ ഭാവി ‘ഇംഗ്ലീഷിനെ ആശ്രയിച്ചാണ്’ നിലകൊള്ളുന്നതെന്ന് പ്രിന്സിപ്പാള് പറയുമ്പോള്,വിദ്യാര്ത്ഥികളുടെ ഭാവി അവരുടെ അറിവിനെ മുന്നിര്ത്തിയുള്ളതാണെന്നും ഇംഗ്ലീഷിനെ ആശ്രയിക്കേണ്ട കാര്യമില്ലെന്നും വിവേക് മറുപടി നല്കുന്നു.ലോകത്തിലെ ആദ്യ
ഭാഷകളിലൊന്ന്,പതിനായിരം വര്ഷം പഴക്കമുള്ള ഭാഷ,സാഹിത്യ പാരമ്പര്യമുള്ള ഭാഷ എന്നിങ്ങനെയെല്ലാമാണ് വിവേക് അഭിമാനത്തോടെ പറയുന്നത്.
ഭാഷയെക്കുറിച്ച് തമിഴര് നിലനിര്ത്തുന്ന നിലപാടുകളാണ് വിവേകിന്റെ വാക്കുകളിലൂടെ തെളിയുന്നത്. ഗവണ്മെന്റ് സ്കൂളുകളില് അടിസ്ഥാന സൗകര്യം വികസനത്തിനും പഠന നിലവാരം ഉയര്ത്താനും തമിഴ് മീഡിയത്തെ പ്രോല്സാഹിപ്പിക്കുന്നതിനും
എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഇപ്പോള് നടപടികളെടുക്കുന്നുണ്ട്.
ഡബ്ബിംഗ് സിനിമകള്-പരിഹാസങ്ങളില് നിന്നും പാന് ഇന്ത്യന് നിലയിലേക്ക്
ഇംഗ്ലീഷ് ഉള്പ്പെടെയുള്ള വിദേശ ഭാഷാ ചിത്രങ്ങള് മിക്കവാറും തമിഴിലേക്ക് മൊഴിമാറ്റിയാണ് തമിഴ്നാട്ടിലെ തീയേറ്ററുകളിലും ടെലിവിഷന് ചാനലുകളിലും പ്രദര്ശിപ്പിക്കുന്നത്.
സിനിമകള്ക്കുവേണ്ടി പ്രത്യേക ചാനലുകള് തുടങ്ങിയ കാലത്ത് നിരവധി വിദേശഭാഷാ ചിത്രങ്ങള് മൊഴിമാറ്റി സംപ്രേഷണം ചെയ്തിരുന്നു.
തമിഴിലേക്ക് മൊഴിമാറ്റിയ വിദേശ ഭാഷാ ചിത്രങ്ങളെ മലയാളികള് പരിഹസിച്ചിരുന്നു.
മൊഴിമാറ്റിയ സംഭാഷണങ്ങള് കോമഡിഷോകളില് പരിഹാസത്തിന്റെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
ഇന്ന് ദക്ഷിണേന്ത്യന് സിനിമകള് ബോളിവുഡിനെക്കാളും ശ്രദ്ധിക്കപ്പെടുകയും വാണിജ്യലാഭമുണ്ടാക്കുകയും ചെയ്യുന്നു.
പാന് ഇന്ത്യന് എന്ന നിലയില് ദക്ഷിണേന്ത്യന് ചലച്ചിത്രങ്ങള് മാറിയതും ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ വ്യാപനവും സിനിമയുടെ പുതിയ ലോകത്തെ നിര്മ്മിച്ചിട്ടുണ്ട്.ഡബ്ബിംഗ് ചെയ്ത അന്യഭാഷ നമ്മുടെ സിനിമാ സംസ്കാരത്തിന്റെ ഭാഗമായി തീന്നിരിക്കുന്നു.അല്ലു അര്ജുന്, ജൂനിയര് എന്.ടി.ആര്,കിച്ച സുദീപ്,
രാം ചരണ്,രശ്മിക മന്ദാര,യാഷ് തുടങ്ങി ധാരാളം
സിനിമാ താരങ്ങളും ആര്.ആര്.ആര്,ബാഹുബലി,ഈച്ച,
പുഷ്പ,കാന്താര,കെ.ജി.എഫ് തുടങ്ങിയ നിരവധി സിനിമകളും കേരളീയര്ക്കും തമിഴ്നാട്ടുകാര്ക്കും ഒരേ പോലെ സുപരിചിതമാണ്.മലയാളത്തേക്കാള് കൂടുതല് സിനിമകള് മൊഴിമാറ്റം നടക്കുന്നത് തമിഴിലേക്കാണ്.അന്ന് മൊഴിമാറ്റിയ തമിഴ് സിനിമകളെ പരിഹസിച്ച മലയാളികള് മൊഴിമാറ്റ സിനിമകളെ ആവേശത്തോടെ ഇന്ന് വരവേല്ക്കുന്നു.
തമിഴ് ഭാഷാദേശീയതയുടെ സമകാലികം
ഇന്ത്യയില് കുറച്ച് കാലങ്ങളായി ഹിന്ദിയെ അടിച്ചേല്പ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.സംസ്കൃതത്തെ വളര്ത്താനുള്ള പദ്ധതികളും വ്യാപകമാണ്.ഇതിനെതിരേ
ഹിന്ദി ഇതര സംസ്ഥാനങ്ങള് പ്രതികരിക്കുന്നുണ്ട്.ഹിന്ദി അടിച്ചേല്പ്പിക്കുന്നതിനെതിരെ എന്നും പ്രതിരോധം തീര്ത്തിട്ടുള്ളത് തമിഴ്നാടാണ്.ഇന്ന് കര്ണാടകയും ബംഗാളും പോലുള്ള സംസ്ഥാനങ്ങള് ഹിന്ദി അടിച്ചേല്പ്പിക്കുന്നതിനെ എതിര്ത്ത് രംഗത്തുണ്ട്. ഈ കാലഘട്ടത്ത് തമിഴ് ദേശീയത തമിഴ്നാട്ടില് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ പല സൂചനകളും സമകാലിക സിനിമകളിലും കാണാം.നീറ്റ് പരീക്ഷ കാരണം ഗവണ്മെന്റ് സ്കൂളില് തമിഴ് മീഡിയത്തില് പഠിച്ച നിരവധി വിദ്യാര്ത്ഥികള് ആത്മഹത്യ ചെയ്തിരുന്നു.നീറ്റിനെതിരെ നിരവധി പ്രക്ഷോഭങ്ങള് തമിഴ്നാട്ടില് നടന്നു.
ഉദയനിധി സ്റ്റാലിന് അഭിനയിച്ച
‘കണ്ണെ കലൈമാനേ’ എന്ന
സിനിമയില് നീറ്റിനെതിരെയുള്ള വിമര്ശനം കാണാം.അതേ വിമര്ശനം ഉദയനിധി സ്റ്റാലിന് 2019,2021 തെരഞ്ഞെടുപ്പുകളില് ഉയര്ത്തിയിരുന്നു.
തമിഴ്നാട്ടില് ജീവിക്കുന്ന ഉത്തരേന്ത്യക്കാരന് ഹിന്ദിയില് മറുപടി പറയുമ്പോള് അയാളെ പ്രകാശ് രാജ് തല്ലുന്ന ജയ് ഭീം സിനിമയിലെ സന്ദര്ഭം വളരെ ചര്ച്ചയായിരുന്നു.തമിഴ്നാട്ടില് ഹിന്ദിക്കുവേണ്ടി വാദിക്കുന്നവര്ക്കുള്ള മറുപടിയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.
വെട്രിമാരന്റെ സംവിധാനത്തില് പുറത്തിറങ്ങിയ ‘വിടുതലൈ’യില്
വിജയ് സേതുപതിയുടെ പെരുമാള് വാദ്ധ്യാര് എന്ന കഥാപാത്രം അവസാനം നല്കുന്ന മറുപടി ഇങ്ങനെയാണ്
‘നമ്മ ജനങ്ങള്ക്ക് പെരിസാ അരസിയല് തെരിയാത്.ആണാല് അവനുടെ മൊഴിയും മറബും യാരാവത് പറിക്കിരാന്ന് ഉണര്ന്താല് അവന് തന്നാലെ എതിര്ത്ത് പോരാട ആരംഭിച്ചിടും’, (നമ്മുടെ ജനങ്ങള്ക്ക് കൂടുതല് രാഷ്ട്രീയമൊന്നും അറിയില്ല.
എന്നാല് അവന്റെ ഭാഷയും പാരമ്പര്യവും ഇല്ലാതാക്കാന് ശ്രമിക്കുന്നുവെന്നറിഞ്ഞാല് അവന് സ്വയം എതിര്ത്ത് പോരാടാന് തുടങ്ങും).
‘നാങ്ക ഇപ്പോ സണ്ട പോട്ടിറിക്കിണ്ട ജാതി-മത-ഇന് ഇക്വാലിറ്റിസെല്ലാം വരര്തുക്ക് മുന്നാടി അവനെ ഒന്നായി വാഴെ വച്ചത് അവനുടെ മൊഴിയും മറബും'(ഞങ്ങള് ഇപ്പോള് പോരാട്ടം നടത്തി കൊണ്ടിരിക്കുന്ന ജാതി-മത-അസമത്വങ്ങള് വരുന്നതിനു മുമ്പ് എല്ലാവരെയും ഒരുമിപ്പിച്ചു നിര്ത്തിയത് സ്വന്തം മാതൃഭാഷയും പാരമ്പര്യവുമാണ്)
ഭാഷയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങള് തമിഴരുടെ ചരിത്രത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്.അതുകൊണ്ട് തന്നെ ഈ സംഭാഷണങ്ങള് എല്ലാ കാലത്തും പ്രസക്തിയുള്ളതാണ്..

Leave a comment