അഡൽസ് ഒൺലി – ഒരെത്തിനോട്ടം
സീമ രാജ് ശങ്കർ

ശ്രീ. പ്രദീഷ് കുഞ്ചു എന്ന എഴുത്തുകാരന്റെ ആദ്യ ചെറുകഥ സമാഹാരമായ അഡൽസ് ഒൺലി എന്ന പുസ്തകത്തിൽ 17 കഥകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കഥയുടെ സമർപ്പണം തന്നെ വേറിട്ട് നിൽക്കുന്നു. “എന്നെ എഴുത്തിനിരുത്തിയവൾക്ക് “എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് തെല്ലൊന്ന് മനസ്സിനെ സ്പർശിക്കുന്നു. ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതചര്യകളിൽ നേരിടേണ്ടി വരുന്ന നിരവധി വിഷയങ്ങളെ പരാമർശവിധേയമാക്കിക്കൊണ്ട് എഴുതിയിരിക്കുന്ന ഈ കഥകൾ മനുഷ്യ മനസ്സിന്റെ ചിന്താ ധാരകൾക്കപ്പുറത്തേക്ക് നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്നു.
ഒരു സിനിമാസ്ക്രിപ്റ്റിന്റെ രീതി അവലംബിച്ചുകൊണ്ട് അതിദാരുണമായ ജീവിത പശ്ചാത്തലത്തിൽ നിന്നും ശിശു ക്ഷേമ സമിതിയുടെ നാല് ചുവരുകൾക്കുള്ളിൽ എത്തിപ്പെടുന്ന ഒരു കൂട്ടം കുഞ്ഞുങ്ങളുടെ മനസ്സിൽ ഉടലെടുക്കുന്ന ഇത്തിരി ഭയം, സങ്കടം, വർണ്ണങ്ങൾ, ആശങ്കകൾ എന്നിവയെല്ലാം ഒന്നിന് പുറകെ ഒന്നായ് ഒരു വെള്ളിത്തിരയിലെന്നപോലെ മിന്നി മറയുന്നു.
“ബൊമ്മക്കൊലു “എന്ന കഥ, മനുഷ്യർക്കിടയിൽ ഇന്നും നില നിൽക്കുന്ന ജാതീയ വേർതിരിവിന്റെയും, അപകർഷതാ ബോധത്തിന്റെയും നേർക്കാഴ്ച്ചയെ നമുക്ക് മുന്നിൽ വരച്ചുകാട്ടുന്നു.
ചിരപ്പരിചിത എങ്കിലും നിർദ്ധനയായ് , അഴുക്കു ചാലിൽ മരിച്ചു കിടക്കുന്ന ഒരു നാടോടി സ്ത്രീയുടെ ശവശരീരത്തോട് പോലീസ് ഉദ്യോഗസ്ഥൻ കാണിക്കുന്ന ഗൗരവമില്ലായ്മ നമ്മെ ചിന്തിപ്പിക്കുന്നു.
പ്രകാശൻ എന്ന പ്രാരാബ്ദകാരനായ ഉദ്യോഗസ്ഥനും, പരിസ്ഥിതി സ്നേഹിയുമായ വ്യക്തിയുടെ വീടിന്റെ ശോച്യാവസ്ഥയെ വെളിവാക്കുന്ന കഥയാണ് “പുഴു “. പ്രകാശൻ മാഷിന്റെ മനസിന്റെ നന്മയും, ആദർശവും മുറുകെ പടിക്കുവാൻ കിണഞ്ഞു ശ്രെമിക്കുന്നതും, അതിൽ അദ്ദേഹം വിജയിക്കുന്നതുമാണ് കഥയുടെ രത്നച്ചുരുക്കം. തന്റെ കാഴ്ചപ്പാടുകളും, ആശയങ്ങളും സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റുകയില്ലായെന്ന് വെളിപ്പെടുത്തുന്നു പ്രകാശൻ മാഷ് എന്ന പ്രകൃതി സ്നേഹി.
മാധ്യമ ധർമ്മങ്ങളെ കാറ്റിൽ പറത്തി ലാഭക്കൊതിയോടെയുള്ള പത്ര മാധ്യമങ്ങളുടെ ഇന്നത്തെ ശോചനീയാ വസ്ഥയെ ചൂണ്ടി കാണിക്കുന്നു “ഇന്ത്യൻ ടൈംസ് “. പത്രം വായന പതിവാക്കിയ ഗൃഹനാഥൻ പത്രക്കാരനെ ക്ഷമയോടെ കാത്തുനിൽക്കുന്നതും, കയ്യിൽ കിട്ടിയ പത്രമെടുത്തുകൊണ്ട് ‘ഇതിനെത്ര കനം ‘എന്ന് പറയുന്നതുമാണ് സന്ദർഭം, പക്ഷെ ആ ചുരുങ്ങിയ സമയം കൊണ്ട് ഇന്നത്തെ ദിനപ്പത്രങ്ങളിൽ ആനുകാലിക പ്രസക്തിയുള്ള വാർത്തകളെക്കാൾ പ്രാധാന്യം പരസ്യങ്ങൾക്കാണ് എന്ന സത്യം പറയാതെ പറയുന്നു കഥാകൃത്ത്.
വായക്കാരനെ ചിരിപ്പിക്കുവാനും ഒപ്പം ചിന്തിപ്പിക്കുവാനും കഴിയുന്ന കഥകളാണ് “നെയ് ദോശ “യും “രാജാവിന്റെ പശു” വും. നെയ്ദോശയിൽ കൊറോണ കാലത്തെ മനുഷ്യർ അനുഭവിച്ച ഭീകരാവസ്ഥയുടെ നേർക്കാഴ്ച്ച നമുക്ക് മുന്നിൽ തുറന്ന് കാട്ടുന്നു കഥാകാരൻ. അദ്ദേഹം ഒരു ഹോട്ടലിൽ നിന്നും വാങ്ങിയ നെയ്ദോശ ഒരു മരച്ചുവട്ടിലൈറ്റ് ന്ന് ഭക്ഷിക്കാൻ തുടങ്ങുന്നു. തന്നെപ്പോലെ തന്നെ അവിടവിടായി വേറെയും കുറച്ചാളുകൾ പ്രഭാത ഭക്ഷണം ഒറ്റക്കൊറ്റക്കിരുന്നു കഴിക്കുന്നു. അവർക്കിടയിലേക്ക് കടന്നു വരുന്ന ഒറു തെരുവ് നായയെ ആട്ടിയോടിക്കുന്നു മറ്റുള്ളവർ. ചിലർ കല്ലെടുത്ത് എറിയുകയും ചെയ്യുന്നുണ്ട്. പക്ഷേ പല തവണ ഓടിച്ചുവിട്ടിട്ടും പോവാതെ തനിക്കരികിൽ നിലകൊണ്ട ആ നായയോട് തെല്ലൊരു അലിവ് തോന്നിയ അദ്ദേഹം തന്റെ നെയ്ദോശയിൽ പാതി മുറിച്ചെടുത്ത് ഒരു പേപ്പറിൽ വച്ചുകൊടുക്കുന്നു. പലതവണ മണത്തു നോക്കിയതിനു ശേഷം കുനിഞ്ഞ ശിരസ്സുമായി നടന്നകലുന്ന ആ നായയെ നോക്കി മറ്റുള്ളവർ ഒന്നടങ്കം പറയുന്നു “നന്ദി കെട്ട വർഗ്ഗം, എത്ര പെട്ടെന്നാണ് സ്വഭാവം മാറിയത്” എന്ന്. എന്ത് കൊണ്ടാണ് ആ നായ ഭക്ഷണം കഴിക്കാതിരുന്നത് എന്ന ചോദ്യത്തിനുത്തരം വായക്കാരന്റെ ഭാവനക്ക് വിട്ടുകൊടുത്തു കൊണ്ട് അദ്ദേഹം തന്റെ പേന താഴെ വച്ചു. മരണ ഭയം മനുഷ്യനെ മാറി ചിന്തിപ്പിക്കുന്നു എന്നാവും സാരംശം.
ഇന്നത്തെ കർഷകരുടെ ദയനീയാവസ്ഥയുടെ നേർക്കാഴചയാണ് “കയ്പ്പും പുളിപ്പും “എന്ന കഥ. കാരണം അവരുടെ അദ്ധ്വാനത്തിനുള്ള കൂലി ഇന്നും കർഷകന് അനുഭവയോഗ്യമാവുന്നില്ല എന്ന സത്യം നീറുന്ന സങ്കടമായ് അവശേഷിക്കുന്നുവല്ലേ?
വായനക്കാരനെ നിരാശപെടുത്താൻ തയ്യാറല്ലാതിരുന്ന കഥാകാരൻ പ്രണയത്തിനും ഇടം കണ്ടെത്തിയിട്ടുണ്ട്. രവിചന്ദ്രൻ മാഷിന്റെയും അപർണയുടെയും പക്വതയാർന്ന പ്രണയത്തെ വളരെ മനോഹരമായി നമുക്ക് മുന്നിൽ വിവരിക്കുമ്പോൾ, പ്രണയത്തെ എപ്പോഴും ഭയമില്ലാതെ, തന്റെ വാക്കുകളിലൂടെയും അംഗചലനങ്ങളിലൂടെയും പ്രകടിപ്പിക്കുന്നതിൽ സ്ത്രീകൾക്കാണ് മിടുക്കു കൂടുതൽ എന്നൊരു ധ്വനിയുള്ളത് പോലെ തോന്നി. അവരുടെ സ്നേഹംബന്ധത്തിന്റെ ആഴം വളരെ ചുരുങ്ങിയ സന്ദർഭങ്ങളിലൂടെ യാണെങ്കിലും മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. “മാഷൂട്ടി” എന്ന ഈ കഥയിലെ നായകൻ അപർണ്ണക്കെഴുതുന്ന വരികൾ ശ്രദ്ധേയമാണ്. “നീയുള്ളപ്പോഴാണ് മഴ.
അല്ലെങ്കിൽ അത് വെറും
പാഠപുസ്തകത്തിലേതു പോലെ
ജലം ബാഷ്പീകരിച്ച്
മേഘം തണുത്തുറഞ്ഞ് പെയ്യുന്നു എന്നു മാത്രം” സ്നേഹമെന്ന വികാരം മനസ്സിലില്ലായെങ്കിൽ നമുക്ക് ഒന്നിലും ഭംഗി ദർശിക്കുവാനോ ആസ്വദിക്കുവാനോ സാധിക്കില്ല എന്ന് കഥാകാരൻ ഊന്നി പറയുന്നു.
“പ്രതിനിഴൽ “, ഭാഗ്യലക്ഷ്മി, ഗ്രേസ് ലില്ലിയുടെ വെളുത്ത പൂവ് എന്നീ മൂന്ന് കഥകളിലെയും കഥാപാത്രങ്ങൾ അനുഭവിക്കുന്ന വൈകാരിക സംഘർഷങ്ങളെ മോനോരോഗാവസ്ഥയുടെ സങ്കീർണ്ണതയെ വെളിപ്പെടുത്തുന്നു കഥാകൃത്ത്.
സ്വപ്‌നങ്ങൾ കണ്ടുറങ്ങാൻ എല്ലാവർക്കും ഇഷ്ടമാണ്. ഒരു രാജകുമാരൻ തന്റെ പ്രണയിനിക്കു നൽകുവാനുള്ള പൂക്കൾ ശേഖരിക്കുന്നതിനായി കാലങ്ങളോളം കാത്തുസൂക്ഷിക്കുന്ന ഒരു മരവും, അതിലെ പൂമൊട്ടുകൾ പൂർണ്ണമായും വിരിയുന്നതിനായുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പും മനോഹരമായി വിവരിച്ചിരിക്കുന്നു “ചുവന്ന പൂക്കൾ “എന്ന കഥയിൽ. രാജകുമാരൻ രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് പിറ്റേന്ന് കാലത്തു തന്റെ പ്രണയിനിക്ക് നൽകുവാനുള്ള ആ പൂക്കൾ വിരിഞ്ഞിട്ടുണ്ടോ എന്ന് നോക്കുന്നു, പക്ഷെ ആ മരത്തിൽ ഒരു പൂമൊട്ടു മാത്രം വിരി ഞ്ഞിട്ടുണ്ടായിരുന്നില്ല. കാലത്തെണീറ്റ രാജകുമാരൻ ഞെട്ടിപ്പോയി. ആ പൂമരത്തിലെ എല്ലാ പൂക്കളും അപ്രത്യക്ഷമായിരിക്കുന്നതും അതിൽ രണ്ടു വണ്ടുകൾ അവശേഷിച്ചതുമാണ്. ഇനിയെന്ത് നൽകും തന്റെ പ്രണയിനിക്ക് എന്ന് ആലോചിച്ച ശേഷം രാജകുമാരൻ തന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള നിലവറയിലെ രത്നശേഖരത്തിൽ നിന്നും കുറേ രത്നങ്ങൾ ഒരുസഞ്ചിയിലാക്കി തടസ്സം നിന്നവരെ അരിഞ്ഞുവീഴ്ത്തിക്കൊണ്ട് രാനാകുമാരിയുടെ കൊട്ടാരത്തെ ലക്ഷ്യമാക്കി പാഞ്ഞു പോവുന്നു. അവിടെ എത്തിയ അയാൾക്ക് മനസ്സിലാവുന്നു അന്നവിടെ രാജകുമാരിയുടെ വിവാഹം നടക്കുകയാണ്. എന്നാൽ അപ്പോഴും അവൾ കാത്തിരുന്ന ആ പൂക്കൾക്കു വേണ്ടി അവന് നേരെ കൈനീട്ടി. പക്ഷേ നിസ്സഹായനായ രാജകുമാരൻ “എനിക്കത് നിനക്ക് നൽകാൻ കഴിയില്ല “എന്ന് പറഞ്ഞുകൊണ്ട് തന്റെ വാളെടുത്ത് സ്വയം മരണം വരിക്കുകയാണ്.അനന്തമായ കാത്തിരിപ്പ് ദുഃഖപര്യവസായി ആയിരിക്കും എന്നും “ഇക്ഷണം അനിവാര്യമാണ് “എന്ന് മനസ്സിലാക്കണമെന്നും കഥാകൃത്തു വെളിപ്പെടുത്തുന്നു.
ഒന്നിനൊന്നു മികച്ച രചനാരീതിയാൽ വായനക്കാരന് വേറിട്ട ഒരു അനുഭവം പകർന്നു നൽകുവാൻ ശ്രീ. പ്രദീഷ് കുഞ്ചു വിന്റെ ഈ കഥാ സമാഹാരത്തിനു സാധിക്കും.
ഇനിയും ഇതുപോലുള്ള മികച്ച സാഹിത്യ സൃഷ്ടികൾ ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട്,
സ്നേഹപൂർവ്വം :സീമ രാജ് ശങ്കർ.

Leave a comment