അതിജീവനം

സാബുചോലയിൽ

കൃത്യമായൊരു ലക്ഷ്യത്തോടെയാവണം
ആ സ്വപ്നമെന്റെ ഉറക്കം കവർന്നത്.

അതെന്റെ ഉടൽ മുഴുവൻ വിയർപ്പിന്റെ കടൽ നട്ടുവച്ച് അതിന്റെ ഭീമൻ തിരകളാലമ്മാനമാടിച്ചു.

കിതപ്പിന്റെയൊരു നെടുനീളൻ എസ്‌കലേറ്റർ
എന്റെ തൊണ്ടവഴികളിൽ വിരിച്ചുവച്ചു.

രക്തക്കുഴലുകളിൽ ചുവപ്പിനുപകരം
വെളുപ്പിനെ പ്രസവിച്ച്
അതെന്റെ ഉൾബോധങ്ങളിൽ
മരണമെന്നെഴുതിയിട്ടു.

ഹൃദയം അതിജീവനത്തിന്റെ ഗോദകൾ തുറക്കാനൊരുങ്ങുമ്പോൾ
പ്രതിരോധത്തിന്റെ ഓരോ ആയുധവും വലിച്ചെറിയപ്പെട്ടു.

ഓരോ ഞരമ്പിലും
വ്യക്തമായ അനുപാതത്തിൽ
ഉറക്കമില്ലായ്മയുടെ
വിഷക്കൂട്ടുകൾ ഒട്ടിച്ചുവച്ചു.

അന്ത്യയാമത്തിൽ
നിലാവിന്റെ കുട ചൂടിയ പൂമരക്കൊമ്പിലെ
അവസാനത്തെ മിന്നാമിന്നിയും മിഴിയടച്ചപ്പോൾ
ആ കിനാവ്
കണ്ട കാഴ്ചകളുടെ കണ്ണാടികൾ നിലത്തിട്ടുടച്ചുകൊണ്ടിറങ്ങിപ്പോയി.

Leave a comment

Trending