തുടരുന്ന യാത്രകൾ
ശിവദാസൻ മഠത്തിൽ

വരണ്ടുണങ്ങിയ പാടങ്ങളേയും ഇലകൊഴിഞ്ഞ് നിൽക്കുന്ന മരങ്ങളേയുമൊക്കെ പിന്തള്ളി ട്രെയിൻ അതി വേഗം കുതിക്കുകയാണ്.
മുൻവശത്തെ സീറ്റിൽ അമ്മയുടെ മടിയിൽ കയറി നിൽക്കുന്ന മൂന്നോ നാലോ വയസുള്ള കുട്ടി വണ്ടിയുടെ ചെറിയ ഇളക്കത്തിനൊപ്പം ചാടി കളിക്കുകയാണ്. താഴെ വീഴാതിരിക്കാൻ അമ്മയുടെ മുടിയിൽ മുറുകെ പിടിച്ചിട്ടുണ്ട്. വേദനക്കിടയിലും പുഞ്ചിരിച്ചു കൊണ്ട് അമ്മ അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ബാഗിൽ ചാരി ഫോണിൽ മിഴിനട്ടു കിടക്കുന്ന മുകൾ ബർത്തിലെ ചെറുപ്പക്കാരി സ്ക്രീനിലെ കാഴ്ചകൾക്കും ഇയർഫോണിലുടെ കേൾക്കുന്ന ശബ്ദത്തിനുമൊപ്പം മുഖത്ത് ഭാവങ്ങൾ മാറി മാറി പ്രകടിപ്പിക്കുകയും ഇടയ്ക്ക് ചിരിക്കുകയും ചെയ്യുന്നു.
ഇതിനിടയിൽ വന്ന ഫോൺ തീരെ താല്പര്യമില്ലാതെ അറ്റൻറ് ചെയ്ത് അവൾ പറയുന്നു. “ഇല്ലമ്മ.. ഊണ് കഴിക്കാൻ സമയമായില്ല. “
“ഞാൻ കഴിച്ചോളാം”
“ട്രെയിനിൽ തന്നെ കിട്ടും…. “
“ശരി ഞാൻ പിന്നെ വിളിക്കാം”
ഫോൺ ഡിസ്കണക്ട് ചെയ്ത് കാഴ്ചയിലേക്ക് മടങ്ങുമ്പോൾ രസച്ചരട് പൊട്ടിയ നിരാശ അവളിൽ കാണാം.
നാട്ടിൽ നിന്നുള്ള മൂന്ന് ദിവസത്തെ മടക്കയാത്രയിൽ എപ്പോഴും രണ്ടാം ദിവസം തള്ളി നീക്കാനായിരിക്കും ഏറെ ബുദ്ധിമുട്ട്.
ആദ്യ ദിനം നാട്ടിലെ പഴയ ഓർമകളിലും അമ്മ പറഞ്ഞ കാര്യങ്ങളിലുമായിരിക്കും മനസ്.
മൂന്നാം ദിനം ലീവ് കഴിഞ്ഞ് തീർക്കേണ്ട ജോലിയും.
എല്ലാ മാസവും രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാത്ത കണക്കിനോടൊപ്പം നാട്ടിലേക്ക് വന്നതിൻറെ അധികച്ചെലവ്കൂടെ ചേർത്തു വയ്ക്കാനുള്ള ചിന്തകളുമായിരിക്കും.
രണ്ടാം ദിവസത്തെ ശൂന്യതയാണ് ഈ യാത്രയിൽ മുഴുവൻ.
ഒരു ബാഗ് അല്ലാതെ മറ്റു ലഗേജുകളൊന്നുമില്ല ഈ യാത്രയിൽ.
ഇതുവരെയുള്ള യാത്രകളില്ലൊം ഒരു പാട് പെട്ടികൾ ഉണ്ടാകും….. കൊണ്ടാട്ടം, മുറുക്ക്, ചക്കവരട്ടി, അച്ചാർ തുടങ്ങി പൊതിച്ച തേങ്ങ വരെ….. നാട്ടിലേക്ക് വരുന്ന തറിഞ്ഞാൽ തുടങ്ങുന്ന അമ്മയുടെ തയ്യാറെടുപ്പ്
മേൽപ്പറഞ്ഞ സാധനങ്ങൾ പെട്ടിയിലാക്കി കയറിട്ട് കെട്ടി ഭദ്രമാക്കി ഓട്ടോറിക്ഷയിൽ വെക്കുന്നതു വരെയുണ്ടാകും.
കഴിഞ്ഞ മാസം വന്നപ്പോൾ അമ്മ പറഞ്ഞത് ഓർത്തു.
“ഇനിയത്തെ വരവിന് സരിതയേം മക്കളേം കൊണ്ട് വരണം. കണ്ടിട്ട് കുറെയായില്ലേ “
സരിതയുടെ നടുവേദനയും കുട്ടികളുടെ സ്കൂളിലെ തിരക്കുമൊക്കെ കാരണമായി പറഞ്ഞെങ്കിലും നാലുപേരുടെ യാത്രാച്ചിലവും. ബന്ധുവീടുകളിലേക്കുള്ള സന്ദർശനച്ചിലവുമൊക്കെയായിരുന്നു മനസിൽ.
“അമ്മയ്ക്ക് അവിടെ വന്ന് താമസിച്ചു കൂടെ കുറച്ച് ദിവസം”
പതിവു ചോദ്യത്തിനുത്തരം , കണ്ണടച്ചുള്ള ചിരിയും ഒരു വശത്തേക്കുള്ള തലയാട്ടലും മാത്രമായിരുന്നു.
ചെറിയൊരു മുറിയും അടുക്കളയും മാത്രമുള്ള നഗരത്തിലെ തൻറെ വാടക വീടിൻറെ അവസ്ഥ അമ്മ ഉള്ളിൽ കണ്ടിരിക്കാം.
തൻറെ ക്ഷണം അമ്മ സ്വീകരിച്ചതിപ്പോഴാണ്.
ഈ യാത്രയിൽ…
അമ്മ ഒപ്പമുണ്ട്…
ചേർത്തു പിടിച്ച ബാഗിലെ മൺകുടത്തിൽ…
ഗംഗയിലൊഴുകാനുള്ള ഒരു പിടി ചാരമായി…


Leave a comment