വളർച്ചയ്ക്ക് വേണ്ടത്
എസ് .വി.പ്രേംദാസ്

വെന്തെരിയുന്ന പാടത്തിൻ്റെ വക്കത്തും
കണിക്കൊന്ന പൂത്തു നിൽക്കുന്നുണ്ട്.
ഇടിഞ്ഞു വീഴാറായ കിണറിൻ്റെ
ആഴങ്ങളിലും തെളിനീരുവകൾ
ഉറവ പൊട്ടുന്നുണ്ട്.
പകുതി വെട്ടി നിലംപൊത്താറായ
മരങ്ങളിലും
ഇണക്കുരുവികൾ കൂടുകൂട്ടുന്നുണ്ട്.
പ്രണയസല്ലാപങ്ങൾ തുടരുന്നുണ്ട്.
കഴിഞ്ഞ മിന്നലിൽ തല പോയ തെങ്ങും
നേരെ നിവർന്നുനിൽക്കുന്നുണ്ട്.
കാറ്റ് ആഞ്ഞ് വീശുമ്പോഴും
മറിയാതിരിക്കാൻ പാടുപെടുന്നുണ്ട്
കുഞ്ഞിലകൾ പേറിയെ മെലിഞ്ഞ തണ്ടുകൾ.
കീറിപ്പോയ പന്തുകൾ കൊണ്ടും
തട്ടിക്കളിക്കുന്നുണ്ട്
കുരുന്നു കുട്ടന്മാർ.
അനുകൂലമല്ല, പ്രതികൂലമാണ്
വളർച്ചയ്ക്ക് വേണ്ടത്.

Leave a comment