സിനിമയിൽ എന്താവാം? എന്തായിക്കൂടാ?

ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍

തെന്മലയുടെ അടിവാരത്തിൽ ഒരു കളപ്പുര. ആശാന്റെ വീടാക്കി കളിയച്ഛൻ സിനിമയുടെ ചിത്രീകരണം നടക്കുന്നു. ആശാനായി പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരിയും കഥകളി വേഷക്കാരനായ കുഞ്ഞിരാമനായി, മനോജ് കെ ജയനും കൂട്ടുകാരനായ ചെണ്ടക്കാരൻ വാസു എന്ന വേഷത്തിൽ പട്ടാമ്പി മണിയും.
കലാമണ്ഡലത്തിലെ ഏതാനും കലാകാരന്മാരും അവർക്കൊപ്പമുണ്ട്. ഇവർ ഉൾപ്പെടുന്ന രംഗ ചിത്രീകരണത്തിനു വേണ്ടി സെറ്റിലുള്ള എല്ലാവരും തത്രപ്പാടിലാണ്.

സീൻ…
കളി കഴിഞ്ഞു മടങ്ങുന്ന കുഞ്ഞിരാമൻ മൂക്കറ്റം കുടിച്ചു വരുന്നതും ആശാനുമായി വാക്ക് തർക്കത്തിൽ ആവുന്നതും ആശാനെ പിടിച്ചു തള്ളി, ആശാന്റെ കസേരയിൽ വീണു കിടന്ന് പിച്ചും പേയും പറയുന്കയും ചെയ്യുന്നു. തലേദിവസം കുഞ്ഞിരാമന് കിട്ടിയ പൊന്നാട തഞ്ചത്തിൽ അവിടെവെച്ച് ചെണ്ടക്കാരൻ വാസു പിൻവലിയുന്നു. ബോധമില്ലാതെ കിടക്കുന്ന ശിഷ്യനേയും പൊന്നാടയേയും നോക്കി ദുഃഖം അടക്കിപ്പിടിക്കുന്ന ഗുരു, പൊന്നാട ശിഷ്യന്റെ അരികിൽ വെച്ച് മടങ്ങുന്നു. മടങ്ങി ഒന്നുരണ്ട് അടികൾ വെച്ചപ്പോഴേക്കും പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് ആശാൻ തിരിഞ്ഞു നോക്കുന്നു. ശിഷ്യൻ പൊന്നാടയിലേക്ക് ശർദ്ദിക്കുന്നത് ഗുരു കാണുന്നു ഇതാണ് രംഗം.
ചിത്രീകരിക്കേണ്ട ഭാഗത്തേക്കുള്ള സാധനസാമഗ്രികൾക്കു വേണ്ടി കലാസംവിധാന വിഭാഗം അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്നു. ഒരു പൊന്നാടയും പൊന്നാടയിലേക്ക് മനോജ് കെ ജയൻ ശർദ്ദിക്കുന്ന ഛർദ്ദിലുമാണ് അവർ ഓടി നടക്കുന്ന രണ്ട് വസ്തുക്കൾ. പൊന്നാട കിട്ടി പക്ഷേ ഛർദ്ദില് ഉണ്ടാക്കുന്നതിനെ കുറിച്ച് അവർ ചർച്ചയിലാണ്. ശർദ്ദിഎത്രത്തോളം പൊന്നാടയിൽ പരക്കണം, സ്ക്രീനിൽ എത്രമാത്രം അത് കാണണം എന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണ് ഞാനും ക്യാമറമാൻ എം ജെ രാധാകൃഷ്ണനും.


അപ്പോൾ സെറ്റിൽ ഉണ്ടായിരുന്ന കലാമണ്ഡലം മനോജും മറ്റു ചിലരും രാമനുണ്ണി മാഷുമായി എന്തോ കാര്യമായി ചർച്ച ചെയ്യുന്നു. തുടർന്ന് രാമനുണ്ണി മാഷ് എന്റെ അടുത്തെത്തി, എന്നെ സ്വകാര്യമായി വിളിച്ചു.

” ആ പൊന്നാടയിലെ ശർദ്ദില് ഒഴിവാക്കിക്കൂടേന്നാണ് കഥകളിക്കാരുടൊക്കെ അഭിപ്രായം. ഇപ്പോ ഷൂട്ട് ചെയ്ത് കഴിഞ്ഞാ, മാറ്റാൻ പറ്റില്ലല്ലോ. . , ഒന്നുകൂടി ആലോചിക്കു “


എസ്. വി. രാമനുണ്ണി മാഷ്. കലാപരമായും സാഹിത്യപരമായും എന്റെ ഏത് സംശയങ്ങൾക്കും ഞാൻ ആശ്രയിക്കുന്ന ഒരു സഹോദരൻ.

ഈ സിനിമയുടെ സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞു വായിക്കാൻ ഇരുന്നപ്പോൾ മുതൽ ആദ്യമേ എതിർത്തു തുടങ്ങിയ ഒന്നാണ് ഈ ശർദ്ധില്. . സ്വർണ്ണ നിറത്തിൽ കശവ് തിളങ്ങുന്ന പൊന്നാടയിൽ ശർദ്ദില് വീണ് കിടക്കുന്ന കാഴ്ച. അത് കാണികളിൽ ഉണ്ടാക്കുന്ന അറപ്പ്.

കുഞ്ഞിരാമൻ എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിന് ഈ അറപ്പിന്റെ ഗുണം കിട്ടും എന്ന ചിന്തയിലായിരുന്നു ഞാൻ. എഴുതി കഴിഞ്ഞ് വർഷങ്ങളായിട്ടും, ചർച്ചകൾ പലമട്ടു നടത്തിയിട്ടും എന്നിലെ സംവിധായകൻ ഇതൊഴിവാക്കുന്ന കാര്യത്തിൽ വഴങ്ങിയിരുന്നില്ല.

പക്ഷെ ഇപ്പോൾ, എല്ലാവരും വേണ്ടെന്ന് പറയുമ്പോൾ, ഒരു വീണ്ടുവിചാരത്തിന് ഇടമുണ്ട് എന്ന് അനുസരണ ശീലം പഠിപ്പിച്ച ആരോ ഓർമ്മപ്പെടുത്തുന്നത് പോലെ തോന്നി. ഞാൻ ശിവേട്ടനോട് ചോദിച്ചു. ” അതൊക്കെ സംവിധായകന്റെ തീരുമാനമാണേ ഞാൻ അഭിപ്രായം പറയില്ലാ. . ” എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

“ലോകം കണ്ട മഹത്തായ കലകളിൽ ഒന്ന് കൂടിയാട്ടമാണ്. അതിനെ എട്ടുവയസ്സു മുതൽ ഉപാസിക്കുകയും ഭാരതം പത്മശ്രീ തന്ന് ആദരിക്കുകയും ചെയ്ത ഒരു കലാകാരനോടുള്ള ചോദ്യമാണ്, അല്ലാതെ ഒരു സംവിധായകൻ നടനോട് ചോദിക്കുന്ന ചോദ്യമല്ല”എന്ന് പറഞ്ഞപ്പോൾ
“പൊന്നാട കൊണ്ട് ശർദ്ദില് തുടയ്ക്ക് ണ്ത് പോലും ഞാൻ കണ്ടിട്ട്ണ്ട് ന്നാലും നമ്മടെ സിനിമയില് അത് വേണ്ട “

ഞാൻ പിന്നീട് ഒട്ടും ആലോചിക്കാൻ നിന്നില്ല. പൊന്നാടയിൽ ഛർദ്ദിക്കുന്നതിന് പകരം പൊന്നാടയെടുത്ത്, ബോധമില്ലാതെ കിടക്കുന്ന കുഞ്ഞിരാമന്റെ നെഞ്ചത്തേക്ക് എറിഞ്ഞുകൊണ്ട് സങ്കടത്തോടെയും ദേഷ്യത്തോടെയും “പൊന്നാട വാങ്ങ്ണോരാളെ ‘ എന്ന് പറഞ്ഞ് ഗുരു തേങ്ങുന്നവിടെ ആ രംഗം അവസാനിപ്പിച്ചു.

സിനിമ ഇറങ്ങിയശേഷം ഞാൻ വീണ്ടും ആലോചിച്ചപ്പോഴാണ് എന്റെ ആദ്യ ‘ശാഠ്യം’ തെറ്റായിരുന്നു എന്നും എന്നെക്കാൾ അറിവും പക്വതയുമുള്ള ആളുകളുടെ അഭിപ്രായത്തിന് ‘അനുസരണ’ പെട്ടതാണ് ശരിയെന്നും പൂർണ്ണമായും ബോധ്യപ്പെട്ടു.

ഒരു കലാരൂപത്തിലൂടെ വെളിപ്പെടുത്തേണ്ടത് എന്തൊക്കെ എങ്ങനെയൊക്കെ എന്നതിനെ കുറിച്ചൊരുകാഴ്ചപ്പാട് കലാകാരന് ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ട നിമിഷം കൂടിയായിരുന്നു അത്.
ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനപ്പുറം സിനിമയിലെ നായികാനായകന്മാരെ പൂജിക്കുകയും കോവിലുകൾ ഉണ്ടാക്കി കുടിയിരുത്തുകയും ചെയ്യുന്ന മാനസികാവസ്ഥ ഇന്ത്യയിൽ മാത്രമാവും എന്ന് കരുതുന്നു. “ഉടല് മണ്ണ്ക്ക് ഉയിർ അണ്ണന്ക്ക് “എന്നു പറയുന്ന തോഴനും നമുക്ക് സ്വന്തം.

പാലക്കാട് വടക്കഞ്ചേരിയിലെ ജയഭാരത് തിയേറ്ററിൽ തമിഴ് നടൻ വിജയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ വലിഞ്ഞു കയറിയ 20കാരൻ മറിഞ്ഞുവീണ് മരണപ്പെട്ടത് ഏതാനും വർഷങ്ങൾക്ക് മുൻപ് മാത്രമാണ്. അതിനുശേഷവും ഇത്തരം മാനസിക രോഗികളുടെ എണ്ണം കുറഞ്ഞതായി തോന്നിയിട്ടില്ല.

ഭക്തിയുടെ നെറുകിൽ എത്തുമ്പോൾ എങ്ങനെയാണോ കോമരമായി മനുഷ്യൻ രൂപപ്പെടുന്നത് അതേപോലെ രോഗഗ്രസ്തമായ മനസ്സിന്റെ ഉടമകളാണ് നായകന്മാരുടെ ആരാധകർ(ഭക്തർ ). സിനിമയിലെ നായകന്റെ ഇരുത്തവും നടത്തവും വാചകങ്ങളും വേഷങ്ങളും അനുകരിക്കുന്നത് ഒരു രോഗലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങളെ നിരപദ്രവകരമാണ് എന്ന് തോന്നി ഒഴിവാക്കുമ്പോൾ അത്തരം ആളുകളിൽ രോഗം മൂർച്ഛിക്കും. ലഹരി ഉപയോഗത്തിനും സ്ത്രീ പീഡനത്തിനും കൊലകൾക്കും അഴിമതികൾക്കും കള്ളക്കടത്തിനും എന്ന് വേണ്ട സമൂഹത്തിലെ പല കൊള്ളരുതായ്മകൾക്കും ചില സിനിമകളിലെ കാഴ്ചകൾ വഴിവയ്ക്കുന്നു. സമൂഹത്തിൽ നടക്കുന്നതിന്റെ വളരെ ചെറിയ സൂചനകൾ മാത്രമായോ സമൂഹത്തിൽ നടക്കുന്ന യാഥാർത്ഥ്യത്തിന്റെ നേർചിത്രങ്ങളായോ മാത്രമേ കാണിക്കുന്നുള്ളൂ എന്നാണ് സിനിമക്കാരന്റെ ഇതിനുള്ളന്യായം. ഒറ്റക്കേൾവിക്ക് ഈ ന്യായം ന്യായമായി തോന്നുമെങ്കിലും അത്രയ്ക്ക് ന്യായമല്ല എന്നതാണ് സത്യം. യഥാർത്ഥ ജീവിതത്തിൽ മനുഷ്യൻ ഒരുപാട് ക്രൂരമായ പ്രവർത്തികൾ ചെയ്യുന്നുണ്ട്. നമ്മൾ കാണുന്നുമുണ്ട്. പക്ഷെ അവ ഒരു സിനിമയിൽ ചിത്രീകരിച്ചു കാണിക്കുമ്പോൾ സമൂഹത്തിൽ ‘കല’ എന്ന സങ്കേതത്തിന്റെ കേവല അർത്ഥം നഷ്ടമാവുന്നു. മനുഷ്യമനസ്സുകളിൽ ഏറ്റവും പെട്ടെന്ന് ചലനങ്ങൾ സൃഷ്ടിക്കുന്ന നവമാധ്യമങ്ങളിൽ ഗണനീയമായ (ശക്തിയാർന്ന) സ്ഥാനം സിനിമയ്ക്കുണ്ട്. പണ്ട് നാടകമാണ് ഈ ജോലി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ സിനിമയാണിത് ഏറ്റെടുത്തിരിക്കുന്നത്. സമൂഹത്തിലെ പല മാറ്റങ്ങൾക്കും ഇത് തീയാവുകയും ഉലയാവുകയും ചെയ്തിട്ടുണ്ട്. നന്മയെക്കാൾ തിന്മയ്ക്ക് ആവേഗ ക്ഷേമത കൂടും എന്നുള്ള അറിവ് കലാകാരനുണ്ടാവേണ്ടത് ആരോഗ്യകരമായ കലാ ആസ്വാദകനേയും സമൂഹത്തേയും സൃഷ്ടിക്കാൻ ഉപയോഗപ്പെടും.

കലയെ ആദരിക്കുന്നതിന് വേണ്ടിയാണ് കലാകാരനെ പൊന്നാട അണിയിക്കുന്നത്. പൊന്നാടയിലേക്കുള്ള ശർദ്ദില് ഒഴിവാക്കുന്നതിലൂടെ ഞാൻ ബഹുമാനിച്ചത് കലയെയാണ്. വേദനിപ്പിക്കുന്നതായാലും സന്തോഷിപ്പിക്കുന്നതായാലും ചിന്തിക്കുന്ന രീതിയിൽ കലാപരമായ കാഴ്ചകൾ മാത്രമേ കലയിൽ ഉൾപ്പെടുത്താവൂ എന്നാണ് ഈ എളിയ കലാകാരന്റെ അഭിപ്രായം.

Leave a comment

Trending