നിന്നിലേക്ക് :

പ്രേംദാസ് എസ്.വി

വറ്റിവരണ്ട പുഴയിൽ നിന്നും
കൈചൂണ്ടുന്നത്
നിന്നിലേക്ക് തന്നെയാണ്.

കൊടുംചൂടിൽ ദാഹത്തൊണ്ടകൾ
അലമുറയിടുന്നത്
നിന്നെ നോക്കിയാണ്.

ഉഷ്ണക്കാറ്റിൽ ഉറക്കം വരാത്ത
നിശകൾ
പ്രാകുന്നത് നിന്നെത്തന്നെയാണ്.

പറവകളും കന്നുകാലികളും
മറ്റനവധി ജീവജാലങ്ങളും
വരണ്ട് വരണ്ട്
ഓടിത്തളരുന്നത്
നിൻ്റെ ഹൃദയത്തിലേക്കാണ്.

മഴയും വെയിലും ക്രമാനുഗതമാവാതെ
നിലവിട്ടു പെരുമാറി
വരൾച്ചയും പേമാരിയും
പ്രളയവും ദുരിതങ്ങളും
നിൻ്റെ ചെയ്തികളിലാണ്
ഉരുവം കൊണ്ടത്.
നീയാരെ പഴിക്കുന്നു.

മഴക്കാറ് വന്നിട്ടും ചെയ്യാത്ത കാർമുകിലിനെയോ
ഒരിയ്ക്കലും വീശാത്ത
കുളിർ കാറ്റിനെയോ
കിളികളും ജീവജാലങ്ങളും
ചേക്കേറാൻ കഴിയാത്ത
വനങ്ങളെയോ
ജലഉറവകളും ഫലവൃക്ഷങ്ങളുമില്ലാതെ
അലഞ്ഞു തളരുന്ന
പാവം മൃഗങ്ങളെയോ.

എല്ലാ ചൂണ്ടുവിരലുകളും
നിന്നെ ചൂണ്ടുമ്പോൾ
ചൂളാനെങ്കിലും മറക്കാതിരിക്കുക.
എല്ലാ ചൂണ്ടുവിരലുകളും
നിന്നിലേക്കാണ്.

Leave a comment

Trending