മീഡിയം വേവ്
ശിവദാസൻ മഠത്തിൽ

പഴകി തുരുമ്പിച്ച തയ്യൽ മെഷീനിൽ നിന്നുമുയരുന്ന ശബ്ദം കേട്ടാണ് പതിവുപോലെ അയാൾ ഉണർന്നത്. മുനിഞ്ഞു കത്തുന്ന റാന്തൽ വിളക്കിൻ്റെ വെളിച്ചത്തിൽ മെഷീൻ ചവിട്ടുന്ന ചേച്ചിയുടെ ശോഷിച്ച കാലുകൾ അവൃക്തമായി കാണാം.
താഴ്ന്ന മേൽക്കൂരയ്ക്കകത്തേക്ക് വെളിച്ചം കടന്നു വരാൻ ഇനിയും സമയമെടുക്കും. അടുത്ത വീട്ടിലെ തളളക്കോഴിയും കുഞ്ഞുങ്ങളും മുറ്റത്തെത്തിയിട്ടുണ്ട്. വാഴച്ചോട്ടിലെ ചളിയിൽ നിന്നും ചോറിൻ്റെ വറ്റുകൾ കൊത്തിയെടുക്കാനെത്തിയ കാക്കയെ പറപ്പിക്കാനുള്ള ബഹളവുമായാണ് തള്ളക്കോഴിയുടെ വരവ്. ഇത്രയും നാൾ കാക്കയെ കാണുമ്പോൾ തള്ളയുടെ ചിറകിനടിയിൽ ഒളിച്ചിരുന്ന കുഞ്ഞുങ്ങൾ ഇപ്പോൾ തള്ളയ്ക്ക് പിന്തുണയുമായി കാക്കയെ ശബ്ദമുണ്ടാക്കി പേടിപ്പിക്കുന്നത് കേൾക്കാം.
പതുക്കെ കൈ കുത്തി,തളർന്ന ശരീരത്തെ മലർത്തി മുകളിലേക്ക് നോക്കി അയാൾ നെടുവീർപ്പിട്ടു. ഒരു ദിവസം കൂടി തുടങ്ങുന്നു. നീണ്ട മുപ്പത് വർഷമായി ഈ കിടപ്പ്. തനിക്ക് ഓർമ്മയില്ലെങ്കിലും അമ്മ കാണുന്നവരോടൊക്കെ പറയുമായിരുന്നു.
“നാലഞ്ചു വയസു വരെ എത്ര ഓടിനടന്ന കുട്ടിയാണ്…..നല്ല ബുദ്ധിയും…. നാലു വയസാകുമ്പഴക്കും ,ചേച്ചിൻ്റെ കൂടെ ഉസ്ക്കൂളിൽ പുവാൻ ലഹളയിണ്ടാക്കിയവനാണ് …..
എന്ത് ചെയ്യാ…. ഒരു പനിയാണ് കാരണം….. ഒരു മാസം കഴിഞ്ഞിട്ടും പനി വിടണ്ട വട്ടമേ ഇല്യ….. കുട്ടി കെടന്ന കെടപ്പന്നെ…. വൈദ്യൻമാരൊക്കെ വന്നു നോക്കി…… ഉള്ള *കന്നിനെ വിറ്റിട്ടാണ് **മിഷ്യനാസ്പത്രീ കൊണ്ടുപോയത്.അപ്പനുള്ളപ്പോ ഒരു പാട്
* * *ചീരഴിഞ്ഞു നടന്നു.മൂപ്പര് പോയപ്പോ ഒന്നും പറ്റാണ്ടായി .
ജീവൻ മാത്രം നിന്നു അതന്നെ ഭാഗ്യം”
എത്ര കഷ്ടപ്പെട്ടാലും കിട്ടിയ ജീവൻ നിലനിർത്തുമെന്നുള്ള ഉറച്ച പ്രഖ്യാപനത്തോടെയെ അമ്മ വിശദീകരണം നിർത്താറുള്ളൂ. മരണം വരെ അമ്മ ആ വാക്കുപാലിച്ചു.
കിടക്കയ്ക്ക് തൊട്ടടുത്തു തന്നെയുള്ള റേഡിയോയുടെ സ്വിച്ച് തിരിച്ചു. പ്രഭാത സംപ്രേക്ഷണം തുടങ്ങുന്നതേയുള്ളൂ.
അയാൾ ഉണർന്നതറിഞ്ഞ് ചേച്ചി തയ്യൽ നിർത്തി അകത്തേക്ക് പോയി.
ചായയുമായി അടുത്തെത്തിയ ചേച്ചിയുടെ നേരെ നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു.തലയിൽ നരക്കാത്ത മുടികൾ കുറച്ചേ ബാക്കിയുള്ളൂ. മെലിഞ്ഞു ശോഷിച്ച കാലുകൾക്ക് താങ്ങാനുള്ള ശക്തി കുറഞ്ഞതുകൊണ്ടാവാം ശരീരം മുന്നോട്ട് വളഞ്ഞിരിക്കുന്നു. അകാലത്തിലേറ്റു വാങ്ങിയ വാർധക്യത്തിൻ്റെ പ്രതീകമായി വിട്ടുമാറാത്തൊരു ചുമ.
അമ്മയുടെ മരണശേഷം ജീവിതം അനിയനു വേണ്ടി മാറ്റിവെച്ചതാണ് ചേച്ചി.ഇടയ്ക്കെപ്പോഴോ ഉണ്ടായ വിവാഹം പോലും ഒരു സ്വപ്നം പോലെ മറന്നതായി തോന്നുന്നു.
ചായ അടുത്തു വെച്ച് ഒന്നും പറയാതെ ചേച്ചി പോയി.
വീണ്ടും റേഡിയോവിൻ്റെ സ്വിച്ച് തിരിച്ചു.: പരിപാടികൾക്കു മുൻപായുള്ള സംഗീതം ഉയരുന്നു.ചെക്കോസ്ലാവാക്യയിൽ നിന്നും ഇന്ത്യയിൽ എത്തിയ ഒരു ജൂത അഭയാർത്ഥി ഇന്ത്യയുടെ സംഗീതത്തിൽ ആകൃഷ്ടനായി തംബുരു ,വയലിൻ എന്നിവ ഉപേയോഗിച്ച് ശിവരഞ്ജിനി രാഗത്തിൽ തയ്യാറാക്കിയതാണ് ഒരു കാലത്ത് ഇന്ത്യൻ ഗ്രാമ നഗരങ്ങളെ മുഴുവൻ ഉണർത്തിയിരുന്ന ഈ മനോഹര സംഗീതമെന്ന് കഴിഞ്ഞ ദിവസം കേട്ടത് അയാളോർത്തു. ജീവിതത്തിലിന്നേ വരെ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സംഗീതമായാണയാൾക്ക തെപ്പോഴും….
വന്ദേമാതരത്തിനു ശേഷം റേഡിയോ പതുക്കെ സംസാരിച്ചു തുടങ്ങി.
”ആകാശവാണി ….. മീഡിയം വേവ്…… അറുനൂറ്റിമുപ്പത് കിലോ ഹെട്സ് …….”
ചേച്ചി അകത്ത് മറ്റു പണികളിലാണ്. കഴിക്കാൻ വല്ലതുമുണ്ടാക്കിയിട്ടു വേണം സോപ്പു കമ്പനിയിലെ ജോലിക്കു പോവാൻ. അതിനു മുൻപ് അയാളുടെ പ്രാഥമിക കൃത്യങ്ങൾ ചെയ്യിക്കുവാനും സമയം കണ്ടെത്തണം.
ചേച്ചി വന്ന് ബെഡ് പാൻ വച്ച് പോയപ്പോഴാണ് കഴിഞ്ഞ ദിവസം റേഡിയോയിൽ പറഞ്ഞ ഒരു കാര്യം അയാൾ ഓർത്തത്. തിരിച്ചു വന്ന ചേച്ചിയോട് ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. ” ചേച്ചിക്കറിയോ മലയാളികളൊക്കെ ഇപ്പോൾ വലിയ പരിഷ്ക്കാരികളായത്രെ “
“എന്താണ് കാര്യം”
അയാളുടെ ശോഷിച്ച ചലനമില്ലാത്ത കാലുകളുയർത്തി ബെഡ് പാൻ പുറത്തേക്കെടുത്തു കൊണ്ട് ചേച്ചി ചോദിച്ചു.
“പണ്ട് പറമ്പിലെ ഏതെങ്കിലും മൂലയ്ക്കായിരുന്ന കക്കൂസിപ്പോൾ കിടക്ക മുറിയിലെത്തിയ ത്രെ …. അങ്ങനെ നോക്കുമ്പോ… കിടക്കയിൽ തന്നെ കക്കൂസ് വെച്ച ഞാനല്ലെ ഏറ്റവും വലിയ പരിഷ്ക്കാരി….”
തുണി വെള്ളത്തിൽ മുക്കി അയാളുടെ ദേഹം തുടയ്ക്കുകയായിരുന്നു ചേച്ചിയപ്പോൾ .
“ചെക്കൻ്റെ വായക്കും വർത്തമാനത്തിനും മാത്രം ഒരു തളർച്ചയൂല്യ”
ചിരിയും ദുഃഖവും കലർന്ന മറുപടി നല്കി അവർ അകത്തേക്ക് പോയി.
റേഡിയോയിൽ നേത്രരോഗ വിദഗ്ദനോട് ഫോണിൽ സംശയം ചോദിക്കുന്ന പരിപാടിയാണ്.
ഒരു സ്ത്രീ ശബ്ദം അയാളുടെ ശ്രദ്ധയാകർഷിച്ചു.
ഇരുപത് വയസു പ്രായമുള്ള ജന്മനാ അന്ധയായ പെൺകുട്ടിയാണ് സംസാരിക്കുന്നത്. ജീവിക്കാൻ വലിയ ബുദ്ധിമുട്ടുള്ള കുടുംബം നാമമാത്രമായ എന്തോ ചികിത്സകളൊക്കെ ചെയ്തു. ഫലമൊന്നുമുണ്ടായില്ല.
തുടർന്ന് ഡോക്ടറുടെ യാന്ത്രികമായ മറുപടി.
കുട്ടിയുടെ സ്ഥലം പറഞ്ഞപ്പോൾ അയാൾക്ക് അത്ഭുതം തോന്നി. വളരെ അടുത്തുള്ള സ്ഥലം.
വീടിൻ്റെ മുറ്റത്ത് പോലും ഇറങ്ങാൻ കഴിയാത്ത തനിക്ക് ,അടുത്ത് എന്നൊന്നില്ലല്ലോ എന്ന് പിന്നീട് സ്വയം തിരുത്തി.
അയാൾ കുറച്ചു സമയം തൻ്റെ ബുദ്ധിമുട്ടുകൾ മറക്കുകയായിരുന്നു. എഴുന്നേൽക്കാനാവുന്നില്ലെങ്കിലും ഈ ലോകം കാണാൻ തനിക്കാവുന്നുണ്ടല്ലോ.
സുന്ദരമായ ഈ ഭൂമിയെ കാണാത്ത, രാത്രിയും പകലും അറിയാത്ത, പൂക്കളേയും പൂമ്പാറ്റകളേയും കാണാത്ത നിർഭാഗ്യവതിയായ ഒരു പെൺകുട്ടിയുടെ ശബ്ദം റേഡിയോയിലൂടെ അയാളുടെ കാതുകളിലേക്ക് കയറുകയായിരുന്നു. ആ ശബ്ദത്തിൽ നിറഞ്ഞു നിന്ന ദുഃഖം അയാൾ മനസ്സിലേക്ക് ആവാഹിച്ചു. ടെലിഫോണിൽ നിന്നും റേഡിയോ സ്റ്റേഷനിലേക്കും, പിന്നീട് ഉയർന്നു നില്ക്കുന്ന ടവറുകൾ വഴി ആകാശത്തേക്കും ,തരംഗങ്ങളായി തൻ്റെ കുടിലിലെ റേഡിയോയിലേക്കും അതിൽ നിന്നും കാതിലേക്കും ഹൃദയത്തിലേക്കും പടരുന്ന ദുഃഖത്തിൽ പൊതിഞ്ഞ ആ മധുര സ്വരം അയാൾ ആസ്വദിക്കുകയായിരുന്നു.
വെറുതെ സ്വപ്നങ്ങൾ കാണാം…. കഥകൾ മെനയാം. ദുർബലമായ ശരീരത്തിലിരുന്നും മനസിനതു കഴിയുമായിരിക്കും.
കാലുകളില്ലാത്ത ഒരാളെ ചുമലിലേറ്റി പുഴ കടന്ന ഒരു അന്ധൻ്റ കഥ അയാൾ വെറുതെ ഓർത്തു.
പരസ്പരം ആശ്വസിപ്പിക്കാൻ … താങ്ങായി…. തണലായി …… കണ്ണീരും സ്വപ്നങ്ങളും പങ്കു വെക്കാൻ ആ പെൺകുട്ടി അരികിൽ വന്നെങ്കില്ലെന്ന് ഒരു നിമിഷം അയാൾ ആഗ്രഹിച്ചു.
സ്വപ്നങ്ങൾക്ക് നിമിഷ നേരത്തെ ആയുസ് മാത്രം. ചിന്തകൾക്കും വിരാമമിട്ട് റേഡിയോ ശബ്ദിച്ചു. ഡെൽഹിയിൽ നിന്നുള്ള വാർത്തകൾക്കു മുൻപായുള്ള ബഹളങ്ങളാണ്.
അയാൾ യാഥാർത്ഥ്യങ്ങളിലേക്കു മടങ്ങിയെത്തി.
എല്ലാം ശബ്ദങ്ങൾ മാത്രമായിത്തന്നെയിരിക്കട്ടെ…. പുഞ്ചിരിയും, സ്നേഹവും, ദുഃഖവും വേദനയും എല്ലാമെല്ലാം ശബ്ദങ്ങളായി മാറട്ടെ………. റേഡിയോ നിലയങ്ങൾ അവ തരംഗങ്ങളാക്കി അന്തരീക്ഷത്തിൽ നിറയ്ക്കട്ടെ……
തൻ്റെ പ്രിയപ്പെട്ട റേഡിയോ അത് സ്നേഹത്തോടെ സ്വീകരിച്ച് ശബ്ദങ്ങളായി തനിക്ക് സമ്മാനിക്കട്ടെ….
റേഡിയോയിൽ വാർത്തകൾക്കു ശേഷം ചലച്ചിത്രഗാനങ്ങളുമായി പ്രഭാത സംപ്രേക്ഷണം തുടർന്നു കൊണ്ടേയിരുന്നു..
#######
* കന്നുകാലി
* * പാലക്കാട്ട്കാർ വിദഗ്ദ്ധ ചികിത്സക്ക് ആശ്രയിക്കാറുള്ളതൃശൂർ ജൂബിലി മിഷൻ ആശുപത്രി
* * * ബുദ്ധിമുട്ടി നടന്നു*

Leave a comment