സാബു ചോലയിൽ കവിതകൾ

നിറമണിയും മുകിലിന്റെ
വിരൽ കോർത്തു നീയെന്റെ
അരികത്തു മഴയായ് വരൂ.
ഒരു ചുംബനത്തിന്റെ
തോരാത്ത മധുരമായ്
മനമാകെ നനവും തരൂ.

ഓരോ ദളത്തിലും
തേനൂറും പ്രണയമായ്
തുണയായി നീ മാറുമോ.
മഴവിൽ നിറങ്ങളിൽ
അണയാത്ത മോഹമായ്
തണലായി നീ പോരുമോ.

ഒരുപുലർവേളയിൽ
ഉതിരുന്ന കുളിർമഞ്ഞായ്
നിനവിൽ നീ നിറയുന്നുവോ .
കനവിന്റെയഴൽ പോലെ
ഉയിർ നീറിനിൽക്കുന്നു
അകലേയ്ക്ക് മായുന്നുവോ.

മറവിപ്പാടുകൾ

പകരംവയ്പ്പുകൾ
ഒട്ടും നടക്കാത്തിടങ്ങളിലേയ്ക്ക്
അത്രയേറെ ഉത്തേജിതമായ ചിന്തയുമായി
ചെന്നു കയറേണ്ടിയിരിക്കുന്നു.

മുത്തൊഴിഞ്ഞൊരു ചിപ്പിയെപ്പോലെ
മനസ്സ് നിർജ്ജീവമാണെന്ന് തോന്നുമ്പോൾ വേണം അങ്ങനെ ചെയ്യാൻ.

അപ്പോൾ മറവികൾക്ക്
മുൻപെങ്ങുമില്ലാത്തവണ്ണം
വല്ലാത്തൊരു ഭംഗി തോന്നും.

ഓർമ്മകളുടെ കണ്ണീർപ്പാടുകളൊഴുകാത്ത ഒതുക്കുകല്ലുകളിലിരുന്ന്
വെയിലുകായട്ടെ അവ.

കവിതയുടെ കണ്ണികളിൽനിന്ന്
അടർത്തിമാറ്റപ്പെട്ട ഒരടര്
അപ്പോളും
എന്റെ ചാരെ ചിതറിക്കിടക്കും.

Leave a comment

Trending