അപൂർണ്ണതകൾ അടയാളപ്പടുത്തുമ്പോൾ …

ശിവദാസൻ മഠത്തിൽ

ശ്രീ. ബാലു പുളിനെല്ലിയുടെ ശിഥിലം എന്ന കവിതാ സമാഹാരം 36 മികച്ച കവിതകൾ കൊണ്ട് സമ്പന്നമാണ്.

ഹ്രസ്വവും ലളിതമായ വരികളിലൂടെ തന്റെ ആശയം വ്യക്തമാക്കി വായനക്കാരുമായി ഹൃദയബന്ധം സ്ഥാപിക്കുവാൻ കവിക്കു കഴിയുന്നുണ്ട്.

ഈ കവിതാസമാഹരത്തിലെ ഏതാനും കവിതകളെ സ്വന്തം കാഴ്ചപ്പാടിൽ വിലയിരുത്താനുള്ള എളിയൊരു ശ്രമമാണ് ഇവിടെ നടത്തുന്നത്.

 തകഴിയുടെ സുപ്രസിദ്ധമായ രണ്ടിടങ്ങഴി യിലെ അടിയാളരുടെ ജീവിതത്തെ ഓർമ്മിപ്പിക്കുന്ന “മഴയോർമ്മ” എന്ന കവിതയാണ് പുസ്തകത്തിൽ ആദ്യത്തേത് .

മഴയത്ത് ചോരുന്ന വീടിനെ ദൃശ്യവൽക്കരിക്കുന്ന കവിതയിൽ ഏറെ ശ്രദ്ധേയമായ  വരികൾ

“അപ്പൻ ഇറയത്ത്
പനയോലത്തുണ്ടു കൊണ്ട്
ചോർച്ചയുടെ മുറിവുണക്കുന്നു. “

” ചോരും മഴയെ   ചാരിക്കിടന്ന്
ഒന്ന് കണ്ണടച്ചതേയുള്ളൂ
പടിപ്പുറത്താരോ
വിളിച്ചു കൂവുന്നു
പണിക്കു വരുന്നുണ്ടോ?”

ഇത്തരത്തിൽ ഏറെഅധ്വാനിച്ചിട്ടും ദുരിതമനുഭവിക്കുന്ന വരെ കാണിച്ചു തരുന്ന കവി

കാക്ക എന്ന അടുത്ത കവിതയിലൂടെ കറുപ്പിനെ അകറ്റി നിർത്തുന്ന മനുഷ്യമനസിനെ കാണിച്ചു തരുന്നു.കാലാകാലങ്ങളായി കറുപ്പ് നിറം മോശമാണെന്ന് നമ്മുടെയൊക്കെ മനസ്സിലടിച്ചേൽപ്പിച്ച ധാരണയെ ചോദ്യം ചെയ്യുന്നത് ഒരു കുട്ടിയിലൂടെയാണ്

 “എന്തുചന്തമാണ് കാക്കക്ക്
ആകാശത്തിന്റെ നിറം
ഇരുട്ടിന്റെ നിറം
കൺമഷിയുടെ നിറം
നമ്മുടെ കൃഷ്ണന്റെ നിറം
എന്റെ നിറം”

എന്ന് പറയുന്നതും

“കറുത്ത കാക്ക ബലിക്കു വരുമ്പോൾ വിശുദ്ധനും
ബലിയിട്ടു കഴിഞ്ഞാൽ അശുദ്ധനുമാകുന്ന
കപട മൂല്യങ്ങളേയും ഈ കവിതയിലൂടെ ചോദ്യം ചെയ്യുന്നു.

വിയർപ്പൊഴുക്കി വിളയുണ്ടാക്കുന്ന തൊഴിലാളികൾ

അർഹതപ്പെട്ട വേതനം ലഭിക്കാതെ മാറ്റി നിർത്തപ്പെടുന്ന  സാമൂഹ്യ വ്യവസ്ഥ “ഒരു തുള്ളി കണ്ണീർ ” എന്ന കവിതയിലൂടെ അവതരിപ്പിക്കുന്നു.

ആരുമറിയാതെ മരണപ്പെട്ടു പോയ ചിന്നേട്ടൻ ആരോഗ്യവാനായിരുന്നപ്പോൾ

“ചിന്നേട്ടനുണ്ടോ … എന്നുള്ള വിളി
പുരക്കു ചുറ്റും ചുറ്റിതിരിയുന്നുണ്ടാവും
ഏതു പണിക്കും ചിന്നേട്ടന്റെ ഒരു കൈ വേണം “

“വിത്തിടുമ്പോൾ
വളമിടുമ്പോൾ
കള പറിക്കുമ്പോൾ
ചാഴിയെ കൊല്ലുമ്പോൾ
വിള വരിഞ്ഞു മെതിക്കുമ്പോൾ
ചിന്നേട്ടന്റെ ഒരു കണ്ണു വേണം
അളക്കുമ്പോഴും വിൽക്കുമ്പോഴും
വേണ്ടാത്ത കണ്ണ് “

ലളിതമായ ചുരുങ്ങിയ വരികളിലൂടെ മേൽപ്പറഞ്ഞ ആശയം വ്യക്തമാക്കാൻ കവിക്കു കഴിഞ്ഞിട്ടുണ്ട്.

മലയാളിയുടെ കപട സദാചാര ചിന്തകളെ “യാത്രയിൽ ” എന്ന കവിതയിൽ രസകരമായി പരിഹസിക്കുന്നുണ്ട്.തമിഴ് നാട്ടിലെ ഒരു ബസ് യാത്രയിൽ നെരൂദയുടെ സൃഷ്ടികളെയൊക്കെ ചിന്തിച്ചി രിക്കുന്ന മലയാളിയുടെ സമീപം ഒരു യുവതി വന്നിരിക്കുകയും ബസിലെ പാട്ടിനൊപ്പം അയാളുടെ ശരീരത്തിൽ സ്പർശിക്കുന്ന തരത്തിൽ കാല് കൊണ്ടു താളം പിടിക്കുന്നതും ആ സമയത്ത് അയാളിലെ അസ്വസ്ഥതകളും രസകരമായി അവതരിപ്പിക്കുന്നു ഈ കവിതയിൽ.

പരിസ്ഥിയിലുണ്ടാകുന്ന ആഘാതങ്ങൾ ആകുലതകളോടെ കാണുന്ന കവി മനസ് “ഓർമ്മകൾ ” “വിൽക്കാനുണ്ട് പുഴകൾ ” “കൽക്കുഴി ” എന്നീ കവിതകളിൽ കാണാം.

“വെട്ടരുതെന്നെ
ഞാനൊരു മരമല്ല
ഒരു പക്ഷിയുടെ വീട്
മഴ മാറിയെന്ന് ഒലിച്ചു പോയ
ഒരു പുഴയുടെ അടയാളം”

“ഉണങ്ങാൻ വിസമ്മതിച്ച
ഒരു മരത്തോട്
പുഴ ചോദിച്ചു
ഒന്നു നനയാൻ
ഇത്തിരി
വെള്ളം തരുമോ
അലഞ്ഞുതിരിഞ്ഞു
തളർന്നു പോയ
വിരൽതുമ്പു തൊട്ട്
മരം പറഞ്ഞു
കൊക്കോ കോള മതിയോ? “

ഓർമ്മകൾ എന്ന കവിതയിലെ ഈ വരികളും കൽക്കുഴി എന്ന കവിതയിലെ താഴെ പറയുന്ന വരികളും ഏറെ ശ്രദ്ധേയമാണ്.

“കരുണയുടെ കനവുവറ്റി
കണ്ണീര് വറ്റി സ്നേഹം വറ്റി
വക്കിടിഞ്ഞു വരമ്പിടിഞ്ഞു
വഴിയെല്ലാം വഴുതിവീണ്
കാടു കേറി നാടറ്റ്
പ്ലാസ്റ്റിക്ക് മാലിന്യ –
കൂമ്പാരത്തിനുള്ളിൽ
ചുരുണ്ട് ചുരുണ്ട്
വിറങ്ങലിച്ചു കിടക്കുന്നു
വൃദ്ധ സദനത്തിൽ ഉപേക്ഷിക്കപ്പെട്ട പെറ്റമ്മയെപ്പോലെ
സ്വപ്നങ്ങളിലേക്ക്
കൈപിടിച്ചുയർത്തിയ
ആ ദാഹദമനി … “

വർഗീയ സംഘർഷങ്ങളേയും യുദ്ധത്തേയും യഥാക്രമം “മണിപ്പൂര് കത്തുമ്പോൾ ” “യുദ്ധം ” എന്നീ കവിതകളിൽ പരാമർശിക്കപ്പെടുന്നുണ്ട്.

മുൻ തലമുറയുടെ ചരിത്രം ഓർക്കാനിഷ്ടമില്ലാത്ത പുതിയ തലമുറയുടെ ചിത്രം പാഠഭേദം എന്ന കവിതയിലും മഹാബലി എ കവിതയിലും കാണാം

” ഏറ്റവും രുചിയുള്ള പഴമേതാണ് ?

മുത്തശ്ശി ചോദിച്ചു

കുറെ ആലോചിച്ച്

കുട്ടി പറഞ്ഞു

റമ്പൂട്ടാൻ

മുത്തശ്ശിക്കോ?

ഒരാലോചനയുമില്ലാതെ

മുത്തശ്ശി പറഞ്ഞു

പനമ്പഴം

കുട്ടി അറപ്പുകൊണ്ട്

തലതിരിച്ചു. ” എന്ന പാഠഭേദത്തിലെ വരികളും

പട്ടിണികൊണ്ട് മരിച്ചു പോകുന്നതിനു തൊട്ടു മുൻപ്

കള്ളും കോഴിക്കറിയും

വേണമെന്ന് പറഞ്ഞ് തൊണ്ട പൊട്ടി മരിച്ച രാമേട്ടന്

ഒണക്കലരിച്ചോറും കോഴിക്കറിയും കൊട്ടുവടിയും നേദിക്കുന്നതിനു പകരം പച്ചരിയും എള്ളും കൊണ്ട് ബലിയിട്ട മകനെ

മഹാബലി എന്ന കവിതയിലും നമുക്ക് കാണാം.

മനസ് കാണാതെ പുറം കാഴ്ചകളിൽ മുഴുകി സെൽഫിയെടുത്തു നടക്കുന്ന പുതിയ തലമുറയെ അടയാളപ്പെടുത്തുന്നതാണ് സെൽഫി എന്ന കവിത.

ചിലത് എന്ന കവിതയും ഇത്തരത്തിൽ മൗനം കൊണ്ട് സ്നേഹം മറന്നു പോയ പുതിയ തലമുറയെ കാട്ടിത്തരുന്നു.

സൂപ്പർ ഫാസ്റ്റ് ബസിൽ കയറിയ കിട്ടുണ്ണിയേട്ടനു ചുറ്റും ഒന്നും മിണ്ടാതെ അനങ്ങാതെ ചിരിക്കാതെ പുറത്തേക്കൊന്നു നോക്കാതെ ചെവിയിൽ ഇയർ ഫോണും കുത്തിയിരിക്കുന്ന പുതിയ തലമുറയാണ്.

“ഒറ്റപ്പെടുന്നതിനും

ഒറ്റപ്പെടുത്തുന്നതിനും

ഉള്ള തന്ത്രം

ഒരു യന്ത്രമാകുന്നത്

പാവം

കിട്ടുണ്ണിയേട്ടന്

അറിയില്ലല്ലോ …”

എന്ന് പറഞ്ഞു കൊണ്ടാണ് കവിത അവസാനിപ്പിക്കുന്നത്.

ഈ സമാഹാരത്തിലെ ഏതാനും കവിതകളെ കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത്. മറ്റ് കവിതകളും ചിന്തനീയമായ സന്ദേശങ്ങൾ നല്കുന്ന വളരെ മികച്ചവ തന്നെയാണ്. ഇത്തരത്തിൽ സമകാലികമായ വിഷയങ്ങൾ വളരെ വ്യക്തമായും ലളിതമായും അവതരിപ്പിക്കുന്ന ഈ കവിതാ സമാഹാരം എല്ലാ വായനക്കാരും നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്ന് ഉറപ്പാണ്.

ഇനിയും ഇത്തരം മികച്ച രചനകൾ സൃഷ്ടിക്കുവാൻ ശ്രീ. ബാലു പുളിനെല്ലിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Leave a comment

Trending