ഒരു മഴയോർമ്മ

സീമ രാജ് ശങ്കർ

ശ്രീ. ബാബു പുളിനെല്ലി എന്ന കവിയുടെ ശിഥിലം എന്ന കവിതാ സമാഹാരത്തിന്റെ ഉള്ളകങ്ങളിലൂടെയുള്ള എന്റെ സഞ്ചാരം ആണ് ഇത്. ഞാൻ സഞ്ചാരിച്ചത് എന്റെ എളിയ യുക്തിബോധത്തിന്റെ തേരിലായിരുന്നു. അതുകൊണ്ട് തന്നെ എന്റെ കണ്ടെത്തലുകൾ അഭികാമ്യമാണോ എന്നതിൽ സംശയമേറെയുണ്ട്  എന്ന ക്ഷമാപണത്തോടെ ചിലത് പങ്കു വയ്ക്കട്ടെ.

 കേട്ടുതഴമ്പിച്ച പ്രണയാർദ്രമായ മഴയോർമ്മകളിൽ നിന്നും വ്യത്യസ്തമായ് കണ്ണീരിൽ കുതിർന്ന വ്യാകുലതയും, നിസ്സഹായാവസ്ഥയും നിറഞ്ഞു തുളുമ്പുന്ന “ചുട്ടു പൊള്ളുന്ന ഒരു മഴത്തുളിയായ് മാറുന്നു താങ്കളുടെ മഴയോർമ്മ.

ഇഷ്ടപ്പെട്ട വരികൾ :

അമ്മയുടെ അകത്തും പുറത്തും

രണ്ടുപേരുണ്ടായിരുന്നു.

മഴ കണ്ടു ഭയന്നവളും

മഴ കൊള്ളാൻ കൊതിച്ചവളും.

 ഒരെഴുത്തുകാരൻ കടന്നുപോകുന്ന ചില ആശയദൗർലഭ്യത്തിന്റെയും മന:സ്ചാഞ്ചല്ല്യത്തിന്റെയും ഒരോർമ്മപ്പെടുത്തൽ പോലെ തോന്നി “ശിഥിലം “

വലുതായ് വലുതായ്

ചെറുതാവണം

ഒരാലിൻ വിത്തോളം.

കാലൊച്ച മറന്നുപോയ നാട്ടുവഴികളെയും, നടക്കാൻ മറന്നുപോയ പുതുതലമുറയെയും ‘വഴികൾ ‘ എന്ന കവിതയിലും, മനുഷ്യ ജീവിതത്തിന്റെ പ്രയാണത്തെ “ഓട്ടം “എന്ന കവിതയിലും കേരളം നേരിടുന്ന കപട സദാചാരബോധത്തെ പേടിയോടെ സമീപിക്കേണ്ടി വരുന്ന പുരുഷമനസ്സിന്റെ ദയനീയതയെ “യാത്രയിൽ “എന്ന കവിതയിലും ചൂണ്ടി ക്കാട്ടുന്നു കവി. മനുഷ്യ മനസ്സിന്റെ ഭ്രാന്തൻ ചിന്തകളുടെ വെളിപ്പെടുത്തൽ പോലെ തോന്നി “എടുത്തു കളയാൻ ” എന്ന കവിത. ഇഷ്ടവരികൾ :

“ചിലപ്പോൾ നിന്നെത്തന്നെ

എടുത്തു കളയേണ്ടിവരും

ഞാൻ എന്നിലേക്ക് മടങ്ങാൻ”.

 നർമ്മത്തിൽ ചാലിച്ചെഴുതിയ “സെൽഫി ” എന്ന കവിതയും, രണ്ടു തലമുറകളുടെ രുചിമുകുളങ്ങളുടെ വേർതിരിവിന്റെ നേർകാഴ്ച്ച പ്രതിപാദി ക്കുന്ന “പാഠഭേദം “എന്ന കവിതയും, കന്നുകാലിച്ചന്തയിലൂടെ നമ്മെ കൈപിടിച്ചു നടത്തിക്കൊണ്ട്, ഒരു കച്ചവടക്കാരന് മാത്രം വഴങ്ങുന്ന ചില പദങ്ങൾ   കൂട്ടിച്ചേർത്തെഴുതിയ “തരക് “എന്ന കവിത യും വേറിട്ട്‌ നിൽക്കുന്നു.

അദ്ദേഹത്തിന്റെ “കളി “എന്നകവിതയിലെ ഈ വരികൾ നമ്മെ ഇത്തിരി ചിന്തിപ്പിക്കുന്നുണ്ട്

“നല്ലതുമാത്രം പറയുവാനില്ലല്ലോ വാക്കുകൾ

ഉള്ളതും മൊത്തം വിഷമുള്ള നോക്കുകൾ

ഏതമ്പിനുള്ളിലാണ് സ്നേഹത്തിന്റെ കൊമ്പുള്ളത്

കളിയറിയാവുന്നവന് മാത്രം വിളയുന്നു ജീവിതം “.നർമ്മത്തിന്റ മേമ്പൊടി ചേർത്ത് രാഷ്ട്രീയപ്പാർട്ടികളിൽ അരങ്ങേറുന്ന കപടനാടകമാണ് “മൊഴിമാറ്റം “എന്ന കവിതയുടെ ഇതിവൃത്തം. ആശയവൈരുധ്യം ഏറെയുണ്ടെങ്കിലും ഓരോ പൗരന്റെയും മനസ്സിൽ താനൊരു ഇന്ത്യക്കാരനാണ്  എന്ന നിറവുണ്ടെന്നു കവി ഊന്നിപറയുന്നു. ഇന്നീ ലോകത്തു കാണുന്ന അന്ത:വിശ്വാസത്തിനും പ്രകൃതി ചൂഷണങ്ങൾക്കുമെതിരെയുള്ള ഒരു ചാട്ടുളിപ്രയോഗം പോലെ തോന്നുന്നു അദ്ദേഹത്തിന്റെ “മറന്നുപോയത് അഥവാ ദുരന്തമായത് ” എന്ന കവിത.

കേരളമാതാവിന്റെ മാറിലൂടൊഴുകുന്ന നദികളുടെ ശോച്യാവസ്ഥയുടെ നേർക്കാഴ്ച്ചയാണ് “വിൽക്കാനുണ്ട് പുഴകൾ ” എന്ന പദ്യം.

ഇഷ്ടപ്പെട്ട വരികൾ :

“കല്ലട കബനി കാവേരിപ്പുഴ

ചില്ലറ വിൽപ്പന തീരം വെറുതെ

ഒരു പുഴയുടെ ബലിയിടാനാകുമോ കടലിങ്ങനെ കലിതുള്ളുമ്പോൾ “.

 ജീവിച്ചിരിക്കുന്ന മാതാപിതാക്കളോടുള്ള കടമകൾ അറിഞ്ഞോ അറിയാതെയോ മറന്നു പോകുന്ന സന്താനങ്ങളോടുള്ള ഒരുപിടി ചോദ്യങ്ങളും, മരിച്ചതിനു ശേഷം ആത്മാക്കൾക്കു വേണ്ടി ചെയ്യുന്ന ശേഷക്രിയാകർമ്മമെന്ന കാട്ടിക്കൂട്ടലിനെയും പരിഹാസ രൂപേണ കവി “മഹാബലി “യിൽ വ്യക്തമാക്കിയിട്ടുണ്ട്. ജ്യോത്സ്യന്മാരുടെ പ്രവചനങ്ങളുടെ വൈരുദ്ധ്യത്തെയും അന്ധവിശ്വാസങ്ങളെയും “സനാതനം”എന്ന കവിതയിലും, സ്വന്തം സന്തോഷങ്ങൾക്കനുസൃതമായി വിശ്വാസങ്ങൾ,ദൈവങ്ങൾ,ആചാരങ്ങൾ എന്നിവയെ നിജപ്പെടുത്തുവാനാവുമെന്ന് കവി വിശദമാക്കിയിരിക്കുന്നു “മന്നും കുന്നും ” എന്ന കവിതയിലെ വരികളിൽ.

 ഓരോ ദുരന്തങ്ങളും മനുഷ്യനെ നൈമിഷികമായി മാത്രം മനുഷ്യനാക്കുമെന്ന സത്യം “സംവാദം “എന്ന കവിത വിളിച്ചോതു മ്പോൾ, നീതിനിക്ഷേധം, ജാതീയത, ഉയർന്നു വരുന്ന കൊലപാതകങ്ങൾ,രാത്രിയുടെ ഭയാനകത എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു “ഭയം “എന്ന കവിതയിൽ. മണിപ്പൂർ കലാപത്തിന് നേർക്കുള്ള ശക്തമായ പ്രതിഷേധമായി മാറി “മണിപ്പൂരു കത്തുമ്പോൾ “എന്ന കവിത. യുദ്ധക്കെടുതികളും, ഭക്തിയും സമാധാനവും നിഴലിക്കുന്ന കവിതകളും, മാവേലിത്തമ്പുരാൻറെ പുനർജ്ജന്മത്തെ കാംഷിക്കുന്ന മനുഷ്യമനസ്സും പടത്തിനു നടുവിൽ കാണുന്ന കൽക്കുഴി, ഓലി എന്നൊക്കെവിളിക്കുന്ന താൽക്കാലിക കിണറും ഒക്കെ പരാമർശവിധേയമാക്കിയിരിക്കുന്ന കവിതകളും, കുഞ്ഞു മനസ്സുകളെ സ്പർശിക്കുന്ന രീതിയിലുള്ള ഒരു കുട്ടിക്കവിതയും ഈ കവിതാ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് പ്രശംസനീയം തന്നെ.

“സ്മരണിക “എന്ന കുട്ടിക്കവിതയിലെ ഒരു ഭാഗം :

നാട്ടുപൂവേ നിനക്കെന്താ നാണം

കൂട്ടുകാരാരും വന്നില്ലേ നുള്ളാൻ

പുഞ്ചിരിച്ചു നീ എന്തിന്നു നിൽപ്പൂ

വഞ്ചന പൂക്കുമീ മണ്ണിലിന്നും

നന്മയുള്ള മനസ്സിന്റെ ചന്തം

നിന്നിലോരോ ദളത്തിലും കാണാം

തിന്മ തീണ്ടാത്ത നിൻചിരിക്കുള്ളിൽ

വീണിടാത്തവരാരുണ്ടീ മണ്ണിൽ.

 ഇനിയും മലയാള സാഹിത്യത്തിനു മാറ്റുകൂട്ടാൻ പാകത്തിനുള്ള സാഹിത്യസൃഷ്ടികൾ താങ്കളിൽ നിന്നും ഉണ്ടാവട്ടെയെന്ന പ്രതീക്ഷയോടെ.. ശ്രീ. ബാബു പുളിനെല്ലി സാറിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട്,
സ്നേഹംപൂർവ്വം :സീമ രാജ് ശങ്കർ.

Leave a comment

Trending