സാബു ചോലയിൽ കവിതകൾ

ഏതിളം നിനവിന്റെ ജാലകം
മെല്ലെ നീ
പാതിയായ് ചാരുന്നുവോ
പ്രാണനിൽ കുളിരുന്നൊരീണം
വിലോലമായ്
ഉള്ളാകെ നിറയുന്നുവോ.
ഉയിരിനെ പുൽകുന്ന
പ്രണയമാം കാറ്റിനാൽ
ആലോലമാടുന്നുവോ.
ഇളവെയിൽപ്പുടവയിൽ
തങ്കനൂൽനെയ്യുവാൻ
വാസന്തമാകുന്നുവോ.
അണിമഞ്ഞു തുള്ളിയാൽ
വിരൽ തൊട്ടു നിന്നിളം
മെയ്യിൽ തലോടുന്നുവോ
നാളേറെയായെന്നു
കാതിൽ പറഞ്ഞൊരാൾ
അരികത്തണഞ്ഞിരുന്നോ.
- പ്രണയയാത്ര
ആത്മരോദനങ്ങളെയടച്ചിട്ട
അറയുടെ കൊളുത്തൂരിമാറ്റി
നിന്നിലേക്കൊരു തീർത്ഥയാത്രയ്ക്കൊരുങ്ങട്ടെ.
നീഹാരമണികൾ വീണുചിതറിയ കല്ലൊതുക്കുകൾ താണ്ടി
വഴിയമ്പലങ്ങളേറാതെ
നഗ്നമായ പാദദ്വയങ്ങളോടെ
ഒരു യാത്ര .
പൂർവ്വവൃത്തികളുടെ
പാപങ്ങൾക്ക്
പ്രതിനിവൃത്തി ചെയ്ത്
പ്രേമാർച്ചനകൾ മുഴങ്ങുന്ന
മണിമന്ദിരങ്ങൾക്കു ചാരെക്കൂടെ
പനിനീർഗന്ധമേറ്റൊരു
സുന്ദരയാത്ര .
ജലംവീണു കൂമ്പിയ
തുളസിക്കതിരുകൾ
വാസനിച്ച്
സ്നേഹിയ്ക്കപ്പെടാനുള്ളൊരു
പുണ്യയാത്ര .
നിന്നിലേയ്ക്ക് ഞാനും
എന്നിലേയ്ക്ക് നീയും
പൂർണ്ണതയുടെ
മർമ്മരങ്ങളായി നിറയുമ്പോഴേ
പ്രണയമൊരനുഭൂതിയാകൂ …!!!

Leave a comment