ആഴ്ച പാങ്ങ്

രതി സുരേഷ്


*
പിഞ്ഞതെങ്കിലും മുഷിയാത്ത വസ്ത്രവും, കുറിയും, കുടയും, വടിയുമായി മുന്നിൽ കൈ കൂപ്പി നില്ക്കുന്ന വൃദ്ധനെ കണ്ടപ്പോൾ ബാങ്ക് മാനേജർ സീതയുടെ ചിന്തകൾ കാലങ്ങളെ പിന്നിലേയ്ക്ക് നടത്തി.
ഓടിട്ട പഴയ വീടിൻ്റെ ഉമ്മറ കോലായിൽ മുല്ലയും, മല്ലിയും, പിച്ചകവും, ചെമ്പകവും മണം വിതറുന്ന സന്ധ്യകൾ,ആ പൂക്കൾ അച്ഛനും, അമ്മയും വാഴനാരുകൊണ്ട് കെട്ടി മാലയാക്കി വെക്കും,വീടിനകം മുഴുവൻ പൂമണം നിറയും, അതും ശ്വസിച്ചാണ് ഉറങ്ങുക.നേരം പുലരുമ്പോഴേക്കും പൂക്കൂടയുമായി അച്ഛൻ സൈക്കിളിൽ യാത്രയാവും. പൂ വിറ്റ് കിട്ടുന്ന കാശ് കൊണ്ടാണ്
വിശപ്പാറ്റിയത്. പഠിക്കാൻ മിടുക്കികളായ സീതയുടേയും അനുജത്തിയുടേയും കൂട്ടുകാരിയാണ് സുഹറ.
സുഹറയുടെ
കോൺവെൻ്റ് സ്കൂളിലെ ഇംഗ്ലീഷും സീതയുടെ സർക്കാർ സ്കൂളിലെ മലയാളവും അവരുടെ ചങ്ങാത്തത്തിന് താരതമ്യപ്പെടുത്തലുകളുടെ രണ്ട് തട്ടുകൾ പേറിയ തുലാസുകൾ തീർത്തിരുന്നില്ല.
കോലായിലെ പൂക്കളുടെ മണവും പാതയ്ക്കപ്പുറത്തെ കളത്തിലെ
പുന്നെല്ലിൻ്റെ മണവും കാറ്റിൽ കൈക്കോർക്കുന്ന ചില നേരങ്ങൾ,
ഒരു നാൾ ഉച്ചയ്ക്ക സ്കൂളിൽ നിന്നും വിശപ്പ് നിറഞ്ഞ വയറുമായി വരുന്ന മക്കൾക്കു വേണ്ടി കളത്തിലെ അടുക്കളപ്പുറത്ത് ചെന്ന് അമ്മ അരിമണികൾക്കായി കൈനീട്ടി.
വട്ടപൊട്ടും, ഇളക്കത്താലിയും, വീതിക്കര മുണ്ടും നേര്യതും കൊണ്ട് അഴക് കൂട്ടുന്ന കുലസ്ത്രീ താടിയ്ക്ക കൈ കൊടുത്തു ‘ഇന്ന് വെള്ളിയാഴ്ചയല്ലേ അരിയും, കാശും, പാലും, മോരും കൊടുക്കാൻ പാടില്ല’ എന്ന് മൊഴിഞ്ഞു. ആഴ്ചപാങ്ങായ ചൊവ്വയും,വെള്ളിയും മഹാലക്ഷ്മി പുറത്തുപോവാതെ സംരക്ഷിക്കുന്ന ആചാരത്തിനു നേർക്ക് ബലഹീനമായി പോലും ഒന്ന് തുപ്പാൻ കഴിയാതെ, കറ്റക്കളത്തിലെ തന്നേക്കാൾ വലിപ്പമുള്ള നെല്ല് പൊലികൾക്കിടയിലൂടെ അമ്മ മടങ്ങി. തൻ്റെ മക്കളുടെ വിശപ്പ് അടക്കാൻ തൊടിയിലെ പപ്പായ മരത്തിൽ നിന്നും പാതി പഴുത്ത പപ്പായ കോലിട്ടു കുത്തിവീഴ്ത്തി. എന്നത്തേയും പോലെ വൈകുന്നേരം സീതക്കൊപ്പം കളിക്കാനെത്തിയ സുഹറ
പുകയാത്ത അടുപ്പിലെ തണുത്ത ചാരത്തിലൂടെ സീതയുടെ വീട്ടിലെ പട്ടിണിയറിഞ്ഞു. ഓടിച്ചെന്ന് തൻ്റെ വീട്ടിൽ നിന്നും വലിയ സഞ്ചി നിറച്ച് അരിയും, പച്ചക്കറികളും കൊണ്ടുവന്നു. ആഴ്ചപാങ്ങ് ആചരിക്കാത്ത സുഹറയുടെ അന്നം അന്നത്തെ അത്താഴം സുഭിക്ഷമാക്കി.
ഇന്നും സുഹറ സമൃദ്ധിയോടെ കഴിയുന്നു പക്ഷെ
അന്ന് തൻ്റെ അമ്മ അന്നത്തിനായി കൈനീട്ടിയ വീട്ടിലെ ജന്മിയാണ് ഇന്ന് തൻ്റെ മുന്നിൽ വന്ന് ലോണിനായി അപേക്ഷിച്ചത്.
‘മാഡം അദ്ദേഹത്തിൻ്റെ ലോൺ പേപ്പറുകൾ ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞ് മുന്നിൽ വന്നു നിന്ന ചെറുപ്പക്കാരിയെ നോക്കി കടലാസിൽ ഒപ്പിടുമ്പോൾ, സീതയുടെ നാവിൽ പപ്പായയുടെ മധുരം ഊറി,
ഇന്നത്തെ
വെള്ളിയാഴ്ച ലോൺ ലഭിച്ച സംതൃപ്തിയോടെ അദ്ദേഹം ഉറങ്ങട്ടെ എന്ന് ആചാരങ്ങൾക്ക് വഴിപ്പെടാത്ത മനസ്സ് മന്ത്രിച്ചു.

Leave a comment

Trending