ശ്രീ…” വത്സന്റെ  മാധുര്യം “

സീമ രാജ് ശങ്കർ.

🌹ശ്രീ. ടി. ശ്രീവത്സൻ എഴുതിയ മുപ്പതു കഥകൾ എന്ന കഥാ സമാഹാരത്തിലെ മുപ്പത്തിയൊന്നു കഥകളും ഞാൻ വായിച്ചുവെങ്കിലും, എന്റെ മനസ്സിനെ തെല്ലൊന്ന് ചിരിപ്പിക്കുകയും, വേദനിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത കഥയിലൂടെ സഞ്ചരിച്ചതിന്റെ ഒരു ലഘു വിവരണം മാത്രമാണിത്.

ഇതിലെ ആദ്യത്തെ കഥ ‘ന്റെ ‘ എന്നതാണ്. ആഗ്രഹാര തെരുവിന്റെ പശ്ചാത്തലത്തിൽ നാം പലപ്പോഴും കണ്ടുമറന്ന ചില വ്യക്തിത്വങ്ങളെ ഓർമിപ്പിക്കുന്നു ‘ന്റെ ‘. പ്രധാന കഥാപാത്രങ്ങളായ ബുദ്ധിമാന്ദ്യമുള്ള അട്ടുകൃഷ്ണനും, മനോരോഗിയായ രംഭയും നമ്മുടെ മനസ്സിനെ തെല്ലൊന്ന് കരയിക്കുന്നുവെങ്കിലും, കഥാവസാനം രംഭയുടെ നിർബന്ധത്തിന് വഴങ്ങി അവർ ഒന്നായിത്തീരുന്നതുമാണ് കഥാസാരം. ഈ കഥയെ ഒ. ചന്തുമേനോന്റെ  ഇന്ദുലേഖ യിലെ കഥാസന്ദർഭവുമായി കോർത്തിണക്കിക്കൊണ്ട് കഥാകാരൻ നമ്മെ വിസ്മയിപ്പിച്ചിരിക്കുന്ന രീതി അഭിനന്ദനാർഹമാണ്. ‘വത്സൻ’ എന്ന കഥയിൽ നൂലാമാല എന്ന് ഇരട്ടപ്പേരുള്ള ഒരു ഗുണ്ടയുടെ ജീവിതത്തിലുണ്ടായ അനുഭവത്തെ നർമ്മത്തിൽ ചാലിച്ചു വായനക്കാരന് സമ്മാനിച്ചിരിക്കുന്നു. “ഡൈ ഇൻ ഹാർനെസ് ‘എന്ന കഥ അഭ്യസ്ത വിദ്യയും, സുന്ദരിയും, വിധവയുമായ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ ഹൃദയസ്പർശിയായ വരികളിൽ  പരാമർശിച്ചിരിക്കുന്നു. തന്റെ ഭർത്താവിന്റെ കമ്പനിയിൽ ജോലി തരാക്കാനുള്ള ഇന്റർവ്യു അറ്റൻഡ് ചെയ്യുമ്പോൾ അപ്രതീക്ഷിതമായി ആ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ്‌ കഥാസാരം. ഒരു സ്ത്രീ എന്നും നിസ്സഹായയും നിശ്ശബ്ദയുമായി മാറേണ്ടി വരുന്നുവെന്ന് കഥാകരൻ ഊന്നിപ്പറയും പോലെ തോന്നി.  നിഷ്കളങ്കയായ,ജാതിമത ഭേദങ്ങളൊന്നുമില്ലാതെ കലർപ്പില്ലാത്ത സ്നേഹം മാത്രം മനസ്സിൽ സൂക്ഷിക്കുന്ന മധ്യവയസ്കയായ പാത്തുമ്മയെന്ന സ്ത്രീയുടെ കഥ പറയുന്നു  ‘പാത്തുമ്മയുടെ ആട് ‘. കഥാ നായികയുടെ കാഴ്ചപ്പാടുകളെയും വിശ്വാസങ്ങളെയും സാധാരണ കാണാറുള്ളതുപോലെ ഒരു അധ്യാപകൻ എന്ന നിലയിൽ തിരുത്തികൊടുക്കുവാനുള്ള തന്റെ ഉദ്ദേശ്യത്തെ വളരെ സ്നേഹപൂർവ്വം ഉപേക്ഷിച്ച് പടികളിറങ്ങുന്ന മാഷിന്റെ നന്മമനസ്സ് എനിക്ക് നന്നേ ബോധിച്ചു.

മൈസൂർ ബാംഗ്ലൂർ റൂട്ടിലോടുന്ന നോൺസ്റ്റോപ്പ് ബസ്സിൽ യാത്ര ചെയ്യുന്ന കഥാകാരൻ തന്റെ സഹയാത്രികനോട് കൂടുതൽ അടുക്കുന്നതും, അയാളോടൊപ്പം ഒരു മുറിയിൽ സംസാരിച്ചിരിക്കുന്നതും, അവസാനം അയാൾ ഒരു മനോരോഗിയാണെന്ന് തിരിച്ചറിയുമ്പോൾ  അയാൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ‘ചെറുകഥ’യിൽ. മുറിവിട്ടിറങ്ങുന്ന അയാളെ പിന്തുടരുന്ന ഒരു വാണിഭക്കാരൻതനിക്ക് മുന്നിലേക്ക്‌ തള്ളിവിടുന്ന പെൺകുട്ടിയോട് സാറിനൊരു പാട്ടു പാടി കൊടുക്കുവെന്ന് പറയുന്നു.ആ കുഞ്ഞ് പാടുന്ന എവിടെയൊക്കെയോകേട്ടുമറന്ന ആ പാട്ട് ഒരു വേള എന്നെ ഓർമയുടെ പിന്നമ്പുറങ്ങളിലേക്ക് വലിച്ചു കൊണ്ടുപോയപോലെ ഒരു തോന്നൽ. ഇരുട്ടിന്റെ ഭയാനകത്വത്തെ വെളിവാക്കുന്ന ‘ചെറുകഥ ‘ വായനക്കാരനെ ശരിക്കും വേദനിപ്പിക്കുന്നതാണ്. എല്ലായ്പോഴും സാരോപദേശകാഥകൾ കേട്ടു തഴമ്പിച്ച നമുക്കു വേറിട്ട ഒരു വായനാനുഭവം നൽകുന്നു ശ്രീവത്സൻ സാറിന്റെ ‘നി സ്സാരോപദേശ കഥകൾ “ബസ്സ്‌ യാത്ര ചെയ്യുന്ന രണ്ടു ചെറുപ്പക്കാരുടെ സംഭാഷണം ഇതിവൃത്തമായി രചിച്ചിരിക്കുന്ന ഈ കഥയിൽ, ഒരേ മാനസ്സിക തലത്തിൽ സഞ്ചരിക്കുന്ന മനുഷ്യർക്ക് സംസാരിക്കുവാൻ വിഷയ ദാരിദ്ര്യം 

തീരെയുണ്ടാവില്ല എന്ന്  പറയാതെ പറഞ്ഞിരിക്കുന്നു കഥാകാരൻ. മൃഗങ്ങളുടെ വാലിൽ തുടങ്ങി, ചർച്ച പിന്നീട് സ്ത്രീകളുടെ മുടിയെക്കുറിച്ചും, അവരുടെ ബ്ലൗസ്സിലേക്കും, സിന്ദൂരരേഖയിലണി യുന്ന കുങ്കുമപൊട്ടും, ഒരു സഹയാത്രികയുടെ തലയിൽ നിന്നും ഊർന്നു വീണ കാനകാംബരവും മുല്ലപ്പൂവും ചേർത്തു കെട്ടിയ മാലയും വരെ ചർച്ചാവിഷയമാവുന്നത് നമ്മെ രസിപ്പിക്കുന്നുണ്ട്. തലയിൽ നിന്നും താഴേക്കു വീണ പൂ മാലയെഷൂ കൊണ്ട് ചവുട്ടിയരച്ചാലോ എന്നു പോലും ചിന്തിക്കുന്നു ഒരുവൻ. അങ്ങനെ ഈ ചെറുപ്പക്കാരുടെ ഭ്രമാത്മകമായ ചിന്തകളെ രസകരമായി എഴുതിയിരിക്കുന്നു ‘നിസ്സാരോപദേശകഥ ‘യിൽ.

‘അലക്‌സാണ്ടർ ചക്രവാർത്തിയുടെ ശവപ്പെട്ടി ‘ എന്ന കഥയുടെ തുടക്കം തന്നെ ഒരു വ്യക്തി ചരിഞ്ഞു കിടക്കുമ്പോൾ അയാളുടെ ഒരു കയ്യുടെ അപ്രാധാന്യത്തെക്കുറിച്ചുള്ള സംശയത്തോടെയാണ്. സത്യത്തിൽ ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ കൈ യെ കുറിച്ച്. ചില നിർബന്ധങ്ങളുള്ള, അടുക്കും ചിട്ടയും ആവശ്യത്തിലധികമുള്ള അശോകൻ എന്ന വ്യക്തിയുടെ പെരുമാറ്റരീതികളോട് പൊരുത്തപ്പെട്ടുപോകുന്ന രാധിക യെന്ന ഭാര്യയുടെ വിരക്തിയാലുള്ള ജീവിതത്തെ ഈ കഥയിൽ നമുക്ക് കാണാം. വളരെ പരിമിതമായ ജീവിത സൗകര്യങ്ങളിൽ ഒതുങ്ങി കഴിയുന്ന അശോകൻ എപ്പോഴും ഒരു യാത്രക്കൊരുങ്ങിയിരിക്കുന്നവനെ പോലെ തോന്നുന്നു. മരണമെന്ന യാഥാർത്യത്തിനായുള്ള കാത്തിരിപ്പാണോ എന്ന് സംശയം തോന്നി എനിക്ക്. അശോകന്റെ ഓർമയിൽ തെളിഞ്ഞു കാണുന്ന ‘ഇറങ്ങിയോട്ടം ‘, ശിവകാശി യെന്ന വ്യവസായ നഗരത്തിലെ പല കെട്ടിടങ്ങളിൽ നിന്നും പുറത്തേക്കു വെട്ടുക്കിളികളെപ്പോലെ ഇറങ്ങിയോടുന്ന കുഞ്ഞുങ്ങൾ കാലങ്ങൾക്ക് മുന്നേ നിലനിന്നിരുന്ന ദയനീയമായ ബാലവേല യെ ഓർമിപ്പിച്ചു. അശോകന്റെ ഉറക്കമില്ലാത്ത രാത്രികളിൽ അയാളുടെ ഓർമയിൽ തെളിയുന്ന മറ്റൊന്നാണ് സ്റ്റേജിൽ ഒരു മജീഷ്യൻ പെട്ടിക്കുള്ളിൽ കയറിയ ഒരു മനുഷ്യനെ രണ്ടായി മുറിച്ചു മാറ്റുന്നതിനും , പിന്നീട് ജീവൻ നൽകുന്നതിനും സാക്ഷികളായി,  മനുഷ്യത്വരഹിതമെങ്കിലും ആ പ്രവൃത്തിയെ ക്ഷമയോടെ കാത്തിരിക്കുന്ന കാണികളുടെ മനസ്സിനെ അദ്ദേഹം എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്നത് അത്ഭുതമായി വർണ്ണിച്ചിരിക്കുന്നു. വർഷങ്ങളോളം വെട്ടിപ്പിടിച്ചു ശേഖരിച്ചു വയ്ക്കുന്നതെല്ലാം ഒരു നിമിഷം കൊണ്ട് മരണം കവർന്നെടുക്കുമ്പോഴുണ്ടാകുന്ന ഒരു പിടച്ചിലിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിരിക്കുന്നു. കഥയുടെ അവസാനവും കയ്യിലേക്കൊരു മടക്കം. അദ്ദേഹം ഇങ്ങനെ എഴുതിയവസാനിപ്പിച്ചിരിക്കുന്നു. ശവപ്പെട്ടിയുടെ അവസാനത്തെ ആണിയടിച്ചതിനുശേഷം രണ്ടു കൈകളും പുറത്തേക്ക് ഇട്ടത് കാണാമായിരുന്നു. അതിൽ ഒരു കൈ അത്രയ്ക്ക് രോമാവൃതവും ദൃഢവുമായിരുന്നില്ലയെന്നത് ആരും ശ്രദ്ധിച്ചില്ല. ആ കൈകൾ തീർക്കുന്ന സമയം പത്തു പത്ത് ആയിരുന്നുവോ എന്ന ഒരു ചോദ്യത്തോടെ കഥയാവസാനിപ്പിച്ചു.’ചതുരംഗപ്പലകയിൽ നമ്മൾ ‘ എന്ന കഥയിൽ എത്ര കഠിനമായ വേദനയിലും മനുഷ്യ മനസ്സ് കരുണയാൽ നിറയുന്ന മനസ്സുകളിൽ ആകൃഷ്ടരാവുന്നുവെന്നും, അവന്റെ കാമനകൾ പ്രണയാതുരമാവുന്നതിനും തെളിവാണ് ആശുപത്രി കിടക്കയിൽ മരണം കാത്തുകിടക്കുന്ന യുവാവിന്റെ മാനോനില.ജീവിതകമാകുന്ന ചതുരംഗപ്പലകയിൽ ഒറ്റയ്ക്ക് കളിക്കുന്ന കളിക്കാരാണ് നമ്മൾ. ഇന്നും ഓരോരുത്തരും നമ്മോടു തന്നെ യുദ്ധം ചെയ്യുകയും, ജയവും, തോൽവിയും സ്വയം സൃഷ്ടിച്ചെടുക്കുന്നുവെന്നും ആവാം കഥാകാരൻ പ്രസ്താവിക്കുന്നത് എന്നാണ് എന്റെ ഭാഷ്യം.’ഇരട്ട നാവ് ‘എന്ന കഥയിൽ മാതാ പിതാക്കൾ നഷ്ടപ്പെട്ട ഒരു കുട്ടിയുടെ രക്ഷിതാവായ തന്റെ മുത്തച്ഛനോടൊപ്പമുള്ള അവന്റെ ദിനാരാത്രങ്ങളും, അദ്ദേഹത്തിൽ നിന്നും അവന് ലഭിക്കുന്ന സ്നേഹവും പഴങ്കഥകളും, അവസാനം ആകസ്മികമായുണ്ടാകുന്ന അദ്ദേഹത്തിന്റെ മരണം ആ കുഞ്ഞുമനസ്സിനെ തേല്ലോന്നുലയ്ക്കുന്നതും അവന്റെ മനസ്സ് ആ മുത്തച്ഛന്റെ പരുപരുത്ത കൈകളുടെ സംരക്ഷണം കാംഷിക്കുന്നതുമാണ് ‘ഇരട്ടനാവ് ‘. പത്രമാഫീസിലെ എഡിറ്ററുടെ നിർദേശപ്രകാരം ഒരു കലാപംപ്രദേശത്തുള്ള രശ്മി എന്നപെൺകുട്ടി യെ അന്വേഷിച്ചെത്തുന്ന പത്രറിപ്പോർട്ടർ വാർത്താ ശേഖരണത്തിനായി തന്റെ മകളെ ഒരു മാധ്യമമായി ഉപയോഗിക്കുന്ന തന്ത്രം ഒരു ഭാവന മാത്രമാണെന്ന് വിശ്വസിക്കുവാൻ ആണ് എനിക്കിഷ്ടം. ‘നളിനി അല്ലെങ്കിൽ മറ്റൊരു സ്നേഹം ‘ എന്ന കഥയിൽ  നായകൻ യാദൃശ്ചികമായി കണ്ടുമുട്ടുന്ന തന്റെ പഴയ സഹപാഠിയുടെ ഭർത്താവിന്റെ വിയോഗത്തെക്കുറിച്ചുള്ള വിവരണം തികച്ചും അസമയത്തായിരുന്നുവെന്നും, ഭർത്താവിന്റെ മരണത്തിൽ അതീവ സങ്കടത്തിൽ കഴിഞ്ഞിരുന്ന അവരുടെ ഭാഗത്തുനിന്നും അവസാനമായുണ്ടാകുന്ന അനുഭവം എന്നെയും കഥാകാരനെയും തെല്ലൊന്നമ്പരപ്പിച്ചു. ഒരു ഹോസ്പിറ്റലിന്റെ ഐ സി യു വിനു മുന്നിൽ കാത്തിരിക്കുന്ന ബൈ സ്റ്റാൻഡേർസിന്റെ പലവിധ വികാര വിചാര വിക്ഷോഭങ്ങളുടെ നേർക്കാഴ്ച്ച യാണ് ‘ദയ ഇന്റർ നാഷണൽ ‘. രോഗികളുടെ കൂട്ടിരിപ്പുകാരുടെ ഇടയിൽ നിന്ന് വേറിട്ട ഇടപെടലുകൾ നടത്തുന്ന ഫിറോസ് എന്ന ചെറുപ്പക്കാരന്റെ നിഷ്കളങ്കമായ സേവനവും,ത്യാഗവും, സ്നേഹവും, ഉറങ്ങാതെയുള്ള കാത്തിരിപ്പും വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ കഥയിൽ. അവസാനം ആ ഐ സി യു വിന്റെ തറയിൽ മരിച്ചു കിടക്കുന്ന ഫിറോസ് മനുഷ്യമനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന കഥാപാത്രമാണ്. വെറ്റിലത്തിരുമേനി എന്നു പേരുള്ള ഒരു മഹാ ജ്യോതിഷിയുടർ വീട്ടു വരാന്തയിലേക്ക് കടന്നു വരുന്ന വിവിധ തുറകളിലുള്ള ഭക്തജനങ്ങളുടെ ആവശ്യങ്ങളും, ആവലാതിയും, കണ്ടറിഞ്ഞു പണം നേടുകയെന്ന ദുഷ്ടലാക്കോടുകൂടി കാട്ടിക്കൂട്ടുന്ന കപടത നിറഞ്ഞ ആചാരാനുഷ്ടാനങ്ങളുടെ നേർക്കാഴ്ച്ചയാണ് സുദർശനം. വായനക്കാരനെ ചിരിപ്പിക്കുവാനും, ചിന്തിപ്പിക്കുവാനും വക നൽകുന്ന കഥകളാണ് ‘ആംഗ്ലോ’ യും ‘അനുപാത’വും. പ്രണയനൈരാശ്യത്തിൽപ്പെട്ടുഴറുന്ന പവിത്രൻ എന്നാ ചെറുപ്പക്കാരന്റെ കഥ യാണ് ‘ടർണ്ണറുടെ പോം vazhi’. ഉത്തമൻ എന്ന് പേരുള്ള ചെറുപ്പക്കാരൻ ജോലിക്കുള്ള ഇന്റർവ്യൂ നു ഡൽഹിയിലേക്ക് തന്റെ നാട്ടുകാരനും, സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന തൊണ്ണൂറ് വയസ്സുള്ള തമ്പിയാശാനെ കൂടെ കൂട്ടുന്നതും, ട്രൈയിൻ യാത്രയ്ക്കിടയിലും, അവിടെയെത്തിയതിന് ശേഷവും നടക്കുന്ന രസകരമായ സംഭവങ്ങളും, അവസാനം തമ്പിയാശാനെ അവിടെ വച്ച് കാണാതാവുന്നതും ആണ് ‘അലായ് മീനാർ ‘എന്ന കഥയുടെ ഇതിവൃത്തം.

ശ്രീ. ടി. ശ്രീവത്സൻ സർ പല ഇടവേളകളിൽ, പല നാടുകളിൽ സഞ്ചരിച്ച നാളുകളിൽ എഴുതിയ കഥകളായി തോന്നി എനിക്ക്. വേദമന്ത്രങ്ങൾ, ചരിത്രം, സാമൂഹിക വീക്ഷണം എന്നിവയിൽ അദ്ദേഹത്തിനുള്ള അഗാധ മായ പാണ്ഡിത്യം വെളിപ്പെടുത്തുന്ന കൃതിയാണിത്., ഭാഷയുടെ പ്രാവീണ്യം എടുത്തു പറയേണ്ടതാണ്. ഇനിയുമിനിയും സാഹിത്യ ലോകത്തിന് മുതൽക്കൂട്ടായി മാറുന്ന നിരവധി സൃഷ്ടികൾ ശ്രീ. ടി.ശ്രീവത്സൻ സാറിൽ നിന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

നന്ദി, സ്നേഹം :സീമ രാജ് ശങ്കർ.

Leave a comment

Trending