കടൽ ജീവിതങ്ങൾ
സീമ രാജ് ശങ്കർ

🌹എന്റെ സുഹൃത്തും, കലാ സാംസ്‌കാരിക, സാമൂഹിക രംങ്ങളിൽ തന്റേതായ രീതിയിൽ ഇടപെടലുകളും, സംഭാവനകളും നൽകിവരുന്ന ശ്രീ. പ്രേമംദാസ്.എസ്. വി. യുടെ കടൽ ജീവിതത്തിലേക്കൊരു എത്തിനോട്ടം.
മനുഷ്യ നിർമ്മിതമായ ഓരോ സൃഷ്ടിയിലും നമുക്ക് പൂർണ്ണത കണ്ടെത്തുവാൻ സാധിക്കില്ല. ഓരോന്നും ഓരോ പുതിയ അനുഭങ്ങളെയാണ് നമുക്ക് സമ്മാനിക്കുന്നത്..
കടൽ ജീവിതങ്ങൾ.
🌹എന്റെ സുഹൃത്തും, കലാ സാംസ്‌കാരിക, സാമൂഹിക രംങ്ങളിൽ തന്റേതായ രീതിയിൽ ഇടപെടലുകളും, സംഭാവനകളും നൽകിവരുന്ന ശ്രീ. പ്രേമംദാസ്.എസ്. വി. യുടെ കടൽ ജീവിതത്തിലേക്കൊരു എത്തിനോട്ടം.
മനുഷ്യ നിർമ്മിതമായ ഓരോ സൃഷ്ടിയിലും നമുക്ക് പൂർണ്ണത കണ്ടെത്തുവാൻ സാധിക്കില്ല. ഓരോന്നും ഓരോ പുതിയ അനുഭങ്ങളെയാണ് നമുക്ക് സമ്മാനിക്കുന്നത്.
===
♥️കാലത്തിന്റെ വേഗമറിയാതെയുള്ള മനുഷ്യമനസ്സിന്റെ തേടൽ പോലെ…
പല വിധ സൗരഭ്യങ്ങൾ നിറഞ്ഞ ഒരു പൂക്കുടക്കുള്ളിൽ കിടന്നുറങ്ങുന്ന പ്രതീതിയുള്ളവക്കുന്നു “പ്രഹേളിക ” എന്ന കവിത.
♥️മനുഷ്യന്റെ നിത്യോപയോഗസാധനങ്ങുടെ ഉത്ഭവസ്ഥാനത്തേക്ക് തനിച്ചൊരു യാത്ര നടത്തിയിരിക്കുന്നു കവി “ഉള്ളൊരുക്കങ്ങളുടെ കാണാക്കാഴ്ച്ചകൾ ” എന്ന കവിതയിൽ.
നമ്മൾ ഉപയോഗിക്കുന്ന ഓരോ സാധനങ്ങളിലും എത്ര വിയർപ്പിന്റെയും കണ്ണീരി ന്റെയും ഉപ്പുരസം പറ്റിപ്പിടിച്ചിരിക്കുന്നുണ്ടാവാം.
“തൂവിയിട്ട ഉപ്പു പരലുകളിൽ
കറുത്ത നിഴലുകൾ കൗപീനമുടുത്തു
വിയർക്കുന്ന, ഉപ്പുപാടങ്ങൾ തെളിഞ്ഞു കുത്തുന്നത് കാണാം..
♥️മനുഷ്യൻ അവന്റെ അനുഭവങ്ങളിലേക്കും, ഓർമ്മകളിലേയ്ക്കും ഒന്നൂളിയിട്ട് നിവർന്നു വരുമ്പോൾ സത്യത്തിൽ അവനെന്നും മനോഹരമായതെന്നു കരുതുന്ന സംഭവങ്ങൾ മാത്രമേ മനസ്സിൽ സൂക്ഷിക്കാറുള്ളു എന്നത് ഒരു യാഥാർഥ്യമാണ്.
ഇതാണ് “സ്മരണപ്പുഴ” എന്ന കവിത വായിച്ചപ്പോൾ എനിക്ക് തോന്നിയത്.
♥️”താതർ “
ഓർക്കുന്നുണ്ട് ഞാൻ എന്ന് തുടങ്ങുന്ന ഈ കവിത വായിക്കുമ്പോൾ,കവി പരേതനായ തന്റെ പിതാവ് എന്ന നന്മമരത്തിന്റെ ചില്ലകളിലൂടെ മന്ദം മന്ദം കയറി നടക്കുന്നതുപോലെയാണ് എനിക്കാനുഭവപ്പെട്ടത്. ഒരുപാട് മാനുഷിക മൂല്യങ്ങൾ ചേർത്തുപിടിക്കുന്ന, ആദർശവാനായ താതനിൽ തുടങ്ങി ദാരിദ്ര്യത്തിന്റെ കണ്ണീരുപ്പു കലർന്ന മുഹൂർത്തങ്ങളിലൂടെ തന്നെ കൈപിടിച്ചുയർത്തി, പ്യൂപ്പയിൽ നിന്നുയർന്നു വരുന്ന ഒരു ചിത്രശലഭത്തെപ്പോലെ തന്നിലെ പരിണാമത്തിന് കാരണക്കാരായ പിതൃക്കളെക്കുറിച്ചും കവി സ്മരിക്കുന്നു “താതർ ” എന്ന കവിതയിൽ.
♥️തൊട്ടടുത്ത പേജിൽ “യുവത “എന്ന കവിതയിൽ നിഷ്കളങ്കരും, സ്നേഹസമ്പന്നരുമായ വളർന്നു വരുന്ന യുവത്വത്തിന്റെ തന്റേടവും, സൗഹൃദവും വീറും വാശിയും, ആദർശവും, മതേതരത്വബോധവും എല്ലാം ഹനിക്കുന്ന രീതിയിലുള്ള പിതാക്കന്മാരുടെ സദാചാരപൊലീസിനെ അനുസ്മരിപ്പിക്കുന്ന മുരടൻ സ്വഭാവത്തെ നിശിതമായി വിമർശിക്കുന്ന കവി “യുവത “എന്ന കവിതയിൽ.
♥️ഇന്നത്തെ സമൂഹത്തിൽ സ്ത്രീ കളും, കുട്ടികളും, മനോവൈകല്യത്തിനടിമപ്പെട്ട ചുരുക്കം ചില പുരുഷൻമാരിൽ നിന്നും നേരിടേണ്ടി വരുന്ന അപമാനകരമായ ഇടപെടലുകളും, അവയുടെ ഭയാനകതയും ആശങ്കയും ചൂണ്ടികാട്ടിയിരിക്കുന്നു കവി “നോട്ടം ” എന്ന കവിതയിൽ.
♥️നമ്മിലെ ഉയർച്ചയും താഴ്ചയും, നന്മ യും തിന്മ യും, ശത്രുവിനെയും മിത്രത്തെയും എല്ലാം നിശ്ചയിക്കുന്നത് നമുക്കുള്ളിലെ നാം തന്നെയാണെന്നും, മനുഷ്യൻ എന്നും അവന്റെ ശത്രുവിനെത്തേടി അലയുകയാണെന്നും ഒരു കളിയാക്കൽ പോലെ കവി ഉദ്ധരിക്കുന്ന വരികൾ ആണ് “ശത്രു ” എന്ന കവിത.
♥️എന്തൊക്കെയോ തിരഞ്ഞു തിരഞ്ഞ് നടക്കുന്ന മനുഷ്യജീവിതത്തിന്റെ വേഗത്തിലുള്ള പ്രയാണത്തിനൊടുവിൽ നാം മനസ്സിലാക്കുന്ന രണ്ടു കാര്യങ്ങളാണ് തോൽവിയും ജയവും ശാശ്വതമല്ലെന്നും കയറ്റിറക്കങ്ങൾ വന്നു പോകുമെന്നും, എല്ലാം തികഞ്ഞവനെന്നഹങ്കരിക്കുന്ന മനുഷ്യന്, പഠിച്ചു തീരാത്ത പാഠപുസ്തകം പോലെ അത്ഭുതം നൽകിക്കൊണ്ട് പ്രകൃതി എന്ന ശക്തി നമ്മെ വെല്ലുവിളിച്ചുകൊണ്ടേയിരിക്കും എന്ന ആത്യന്തികമായ സത്യത്തെ കവി “കാലം ” എന്ന കവിതയിൽ സൂചിപ്പിക്കുന്നു.
♥️”ഒന്നാമതാവും “
ഇതൊരു ആക്ഷേപഹാസ്യ കവിതയെന്ന് നമുക്ക് വിളിക്കാം. ഒരു ജനാതിപത്യരാജ്യം ആണ് നമ്മുടേതെന്നു അഹങ്കരിക്കുന്ന നാം ഇന്ത്യക്കാർ, കണ്ണൊന്നു തുറന്ന് പിടിച്ചാൽ ചുറ്റിനും കാണുന്ന നെറികെട്ട അരക്ഷിതാവസ്ഥയുടെയും, ഉത്തരവാദിത്വമില്ലായ്മയുടെയും, നേർക്കാഴ്ച്ച നിസ്സഹായനായി കവി നോക്കിക്കാണുകയും, തന്റെ പ്രതിക്ഷേധം തൂലികത്തുമ്പിലൂടെ പുറത്തേക്ക് തുപ്പിയതുപോലെയു മാണ് എനിക്ക് തോന്നിയത്. വരികൾ ഞാനൊന്നു വായിക്കാം.
ഇടവഴികളിൽ ചോരയുടെ ഗന്ധം,
കെട്ടിപ്പൊക്കിയ ഗോപുരങ്ങളിൽ കാമഗന്ധം,
ജോലിയിടങ്ങളിലും വീടുകളിലും സ്ത്രീ വിരുദ്ധത.
അഴുക്കുകളും, മാലിന്യങ്ങളും നിറഞ്ഞ –
മനസ്സുകളും പാതയോരങ്ങളും.
അറുത്തെറിഞ്ഞ കാലക്കൂറ്റൻമാരുടെ ജഡംങ്ങൾ ചാക്കിൽ കെട്ടിപ്പൊതിഞ്ഞു കളഞ്ഞതും
വഴിയോരം നാറ്റിക്കുന്നുണ്ട്.
അറ്റുവീണ തേങ്ങകൾ തട്ടിമറിഞ്ഞു വീഴുന്നുമുണ്ട്
വെട്ടിയ പുല്ലുകളും, വെട്ടാത്ത പുല്ലുകളും
കണക്കാക്കാൻ കഴിയാതെ
മേസ്തിരിമാർ കുഴങ്ങുന്നുണ്ട് കൂലികൊടുക്കാൻ.
എങ്കിലും…
ഞങ്ങൾ സെമിനാറുകൾ നടത്തി,
പരിപ്പുവടയും ചായയും കഴിച്ചു,
ഫണ്ട് മുഴുവൻ ചിലവഴിച്ചു
ഒന്നാമതാവും..
♥️”ഒരു പാഴ്പ്പാട്ട് ” എന്ന കവിത നമ്മിൽ പ്രത്യാശ നൽകുന്ന ഒന്നാണ്. കാരണം എത്ര കടുത്ത വേദനകൾ മറികടക്കുമ്പോഴും ദൈവം നമുക്കായ് മറ്റൊരു സന്തോഷം കരുതിയിട്ടുണ്ടാവും എന്നൊരു ഓർമ്മപ്പെടുത്തലാണ് ഈ കവിത സമ്മാനിക്കുന്നത്.
♥️മനസ്സിന് കുളിർമ്മ സമ്മാനിക്കുന്ന “ഒരു ക്രിസ്തുമസ് ഗീതം”എന്ന കവിതയും,
♥️മനുഷ്യ ജീവിതത്തിന്റെ നൈമിഷികതയെ തിരിച്ചറിയാതെ എല്ലാം അറിയുന്നവനെന്നഹങ്കരിച്ച് വിഡ്ഢിയായ് ജീവിക്കുന്ന മനുഷ്യജന്മത്തേക്കാൾ ശ്രേഷ്ഠമാണ് എന്നും നിലനിൽക്കുന്ന അരുണനും, വരുണനും, മാരുതനും, പ്രകൃതിയും എന്ന മഹത്തായ ആശയത്തെ പങ്കുവയ്ക്കുന്ന “നൈമിഷികം “എന്ന കവിതയും,
♥️ഗൃഹതുരത്വമുണർത്തുന്ന പോയ കാലത്തിന്റെ നന്മകളോരോന്നും എണ്ണിയെണ്ണിപ്പറയുന്ന ‘കാലത്തിന്റെ മുഖത്തെഴുത്ത് “എന്ന കവിതയും നല്ല വായനാസുഖം പ്രദാനം ചെയ്യുന്നു.
♥️ഓരോ മനുഷ്യന്റെയും മാനസികോല്ലാസത്തിനുള്ള ശീലങ്ങൾ അവന്റെ ബൗദ്ധികതലത്തിന്റെ ചിന്തകൾക്കാനുസരിച്ചു വ്യത്യസ്തമായിരിക്കും. ചിലർ ഭക്ഷണം, സംഗീതം, നൃത്തം, വായന, തുടങ്ങി നിരവധി കാര്യങ്ങളിൽ വ്യാപൃതരായിരിക്കുവാൻ ഔൽസുക്യമുള്ളവരായിരിക്കും. ഇവിടെ കവി ഒരു സഞ്ചാരപ്രിയനാണെന്നും, പ്രകൃതിയും, സൗഹൃദവും ആണ് അദ്ദേഹത്തിന്റെ ആത്യന്തികമായ മാനസികോല്ലാസത്തിനുള്ള ഉപാധിയെന്ന് വെളിപ്പെടുത്തുന്ന കവിതയായി “മൃദു സ്പർശമായ് എന്നെ ” എന്ന കവിത.
♥️”പോരാട്ടം “
ഒരു പോരാളിയുടെ മനസ്സ് ഒരിക്കലും ഉറങ്ങുന്നില്ല. അവൻ ഒരിക്കലും ഒന്നിനെയും ലക്കാക്കുന്നില്ല. അവനു പിന്നിൽ നിരന്നിരുന്ന അനുയായികൾ പിൻവാങ്ങിയാലും, യുദ്ധക്കളം മാറി മറിഞ്ഞാലും അവൻ തളരാതെ പോരാടിക്കൊണ്ടിരിക്കും. ചതിക്കുഴികളിൽ വീഴാതെ, മുന്നോട്ടുപോവുക എന്നതല്ലേ യഥാർത്ഥ പോരാട്ടം എന്ന് കവി ഈ കവിതയിൽ ഊന്നിപറയുന്നു.
♥️”പിൻപാട്ടുകാരന്റെ പാട്ട് ” എന്ന കവിതയിലെ പരാമർശം ശരിക്കും ചിന്തനീയമാണ്. കാരണം, ഓരോ വ്യക്തിയുടെയും വളർച്ചക്കുപിന്നിൽ മറ്റൊരാളുടെ നിശ്ശബ്ദമായ കദനമോ, പിന്താങ്ങലോ, സഹനമോ ഉണ്ടായിരിക്കുമെന്ന് ലോകം വാഴ്ത്തുന്ന ചില മഹദ്വ്യക്തികളുടെ ജീവിതത്തെ ഉദാഹരണമാക്കിക്കൊണ്ട് കവി ഊന്നിപറയുന്നു.
“മുൻപാട്ടുകാരന്റെ പാട്ടിനു ശ്രുതിയായി മാറും –
പിൻപാട്ടുകാരനെ അറിയുന്നീലാരും.
മുൻപാട്ടും, പിൻപാട്ടും ലയം തീർക്കുമ്പോൾ
അതൊരു ശ്രുതിലയമായിതീരും.
♥️ഓരോ ദുരന്തവും ഒരുവനിൽ ഏൽപ്പിക്കുന്ന തീരാനൊമ്പരത്തിന്റെ ഭാരം എന്നും ഒരോർമ്മയായ് അവനെ വേട്ടയാടികൊണ്ടിരിക്കുന്നുവെന്നും, നഷ്ടപ്പെട്ടു പോയതൊന്നും അതേ രൂപത്തിൽ എവിടെയും പുന:സൃഷ്ടിക്കപ്പെടാറില്ല എന്ന സത്യവും വിളിച്ചോതുന്ന കവിതയാണ് നിശബ്ദതയിലെ വിലാപം.
♥️ഒരു കുഞ്ഞിന്റെ വ്യക്തിത്വരൂപീകരണത്തിൽ അദ്ധ്യാപകർക്കുള്ള സ്ഥാനം എന്നും മുൻപന്തിയിലാണ്. എന്നാൽ ദ്രോണാചാര്യരെപ്പോലെ പാക്ഷാഭേദമുള്ള അദ്ധ്യാപകരെ ചിലപ്പോഴൊക്കെ നമുക്ക് ദർശിക്കുവാനാവും. ഒരു സാന്ത്വനവാക്കുപോലും ലഭിക്കാതെ കൊഴിഞ്ഞു വീഴുന്ന ബാല്യങ്ങൾ നമുക്കു മുന്നിൽ ഇന്നും നിത്യക്കാഴ്ചയാണ്.
ഒരുപക്ഷെ ഒരു ദിവസം അസ്തമിക്കുമ്പോൾ, ഉണർന്നിരിക്കുന്ന ഒരു വിദ്യാർത്ഥിയുമായി ഏറ്റവും കൂടുതൽ സമയം ഇടപഴകുന്ന വ്യക്തിയെന്ന നിലയിൽ ആദ്യാപകർക്ക് കുഞ്ഞുങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ വേഗത്തിൽ സാധിക്കുന്നുണ്ടെന്നു തന്നെ പറയാം. അതിനുള്ള തെളിവാണ് ഇന്നു നാം കേൾക്കുന്ന, നിയമത്തിന്റെ മുന്നിൽ ശ്രദ്ധിക്കപ്പെടുന്ന ബാലപീഡനങ്ങൾ പലതും. കവി “പെരുവിരൽ ” എന്ന കവിതയിലൂടെ ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നു.
♥️ഒരു കവിയുടെ മനസ്സിൽ കവിത എങ്ങിനെ രൂപപ്പെടുന്നു എന്ന് വളരെ ലളിതമായി കവി പറഞ്ഞു തരുന്നു.
പുലർകാലത്തിന്റെ തണുപ്പ് അനുഭവിച്ച മാത്രയിൽ, തെരുവോരത്തു നാം കണ്ടിട്ടും കാണാതെ പോവുന്ന കദനത്തിൽ നിന്നും, മണ്ണിൽ പണി ചെയ്യുന്നവന്റെ വിയർപ്പിലെ ഗന്ധമറിയുമ്പോഴും, അവിടവിടെ ചൂഷണത്തിന്നിരയാവുന്നവരുടെ നിശ്ശബ്ദമായ തേങ്ങലുകൾക്കിടയിൽ നിന്നും കവിത രൂപപ്പെടുന്നു.
ഈ കവിതകൾ ഒരു കാറ്റായ് വീശണം, പൂവിന്റെ ഗന്ധമായ് മാറണം എന്നാണ് കവി അഭിപ്രായപ്പെടുന്നത്.
♥️തലക്കെട്ടുകൊണ്ട് എന്നെ ആകർഷിച്ചകവിതയാണ് “പെരുമഴക്കാലം “. മഴയെ സ്നേഹിക്കാത്തവരായി മനുജനായി പിറന്നവർ ആരുമുണ്ടാവില്ല. ഓരോ പെരുമഴക്കാലവും നമ്മെ പലതും പഠിപ്പിക്കുന്നു. മഴക്കാലം സമ്മാനിക്കുന്ന വ്യത്യസ്തമായ കാഴ്ച്ചകൾ, മഴ സമ്മാനിക്കുന്ന മണം, മഴയത്തു മാത്രം അതിഥികളായ് കാണപ്പെടുന്ന ചെറുജീവികൾ, രാത്രിയുടെ നിശ്ശബ്ദതയിൽ വേറിട്ടു കേൾക്കുന്ന ശബ്ദങ്ങൾ. അങ്ങനെ നമ്മിൽ അനുഭവസമ്പത്ത് സമ്മാനിക്കുന്നു ഓരോ പെരുമഴക്കാലവും.
മനുഷ്യനിൽ ആസക്തിയുടെയും, വലിച്ചെറിയലിന്റെയും ഒപ്പം പിടിച്ചടക്കലിന്റെയും ഉന്മാദാവസ്ഥകൾ പ്രദാനം ചെയ്യുവാൻ പെരുമഴക്കാലത്തിനു സാധിക്കുമെന്ന് കവി ഊന്നി പറയുന്നു ഈ കവിതയിൽ.
നിരാശ, നിസ്സഹായത, നഷ്ടപ്പെടലുകളുടെ വേദനയും ആകുലതകളും, എന്ന് വേണ്ട മനുഷ്യമനസ്സിന്റെ വിവിധ വികാര വിചാരങ്ങളുടെ ഒരു പദസഞ്ചലനമായ് മാറുന്നു ഈ കടൽ ജീവിതങ്ങൾ.
ശ്രീ. പ്രേംദാസ്. എസ്. വി. എന്ന പ്രിയപ്പെട്ട കവിക്ക് അഭിനന്ദനങ്ങൾ. ഇനിയും സാഹിത്യ ലോകത്തിന് അഭിമാനിക്കത്തക്കതായ നിരവധി സൃഷ്ടികൾ അങ്ങയുടെ തൂലികത്തുമ്പിൽനിന്നുമുതിരട്ടെയെന്ന് ആശംസിക്കുന്നു.
♥️സ്നേഹപൂർവ്വം :സീമ രാജ് ശങ്കർ.

Leave a comment