ചെറുകഥ

വൈകിയെത്തിക്കുന്ന വഴികൾ…

ശിവദാസൻ മഠത്തിൽ


പാതി മറച്ച ക്യാബിനു പുറത്ത് ലൈറ്റുകൾ ഓരോന്നായി അണയുന്നു…. ചക്രങ്ങളിൽ നീങ്ങുന്ന കസേര കളുടേയും ബാഗുകൾ തുറന്നടയുന്നതിൻ്റെയും ശബ്ദങ്ങളോടൊപ്പം, എഴുന്നേൽക്കുന്നവർ നടുനിവർത്തുമ്പോഴുള്ള ആശ്വാസ ശബ്ദങ്ങളും കേൾക്കാം.. സഹപ്രവർത്തകർ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
എല്ലാവരും ഇന്ന് വീക്കെൻ്റ് മൂഡിലാണ്.
മാസങ്ങളോളം വർക്ക് ഫ്രം ഹോമിലിരുന്നപ്പോൾ ഓഫീസിൽ വന്നാൽ മതിയെന്നു ചിന്തിച്ചവരാണ്,
ഇപ്പോൾ ഒരു ദിവസത്തെ ഹോളിഡേ കാത്തിരിക്കുന്നത്. .

“സാർ ഇന്നും വൈകുമോ ?.. “
കോഫി മഗ് എടുത്തു ട്രേയിൽ വെച്ചു കൊണ്ട് ഭവ്യതയോടെയുള്ള കുമാരൻ്റെ ചോദ്യത്തിൽ അയാൾക്കും നേരത്തെ ഇറങ്ങണമെന്ന സൂചനയുണ്ട്.

തല്ക്കാലം മതിയാക്കാം… ബാക്കി വർക്ക് വീട്ടിൽ പോയിട്ട്….
ലാപ് ടോപ്പ് ഷട്ഡൗൺ ചെയത് ബാഗിലേക്ക് വെക്കുമ്പോഴാണ് നേരത്തെ എത്തണമെന്ന അപ്പുവിൻ്റെ മുന്നറിയിപ്പ് ഓർമ്മ വന്നത്.
അവൻ്റെ ഫ്രൻ്റിൻ്റെ ബർത്ത് ഡേ പാർട്ടിയാണ് ഒരു ഗിഫ്റ്റും വാങ്ങി വേണം പോകാൻ….
രണ്ടു വർഷത്തെ കോവിഡ് കാലത്തിനു ശേഷം ആദ്യമായുള്ള ഒത്തുചേരലല്ലേ.. എന്തായാലും പോകാമെന്ന് വാക്കും കൊടുത്തതാണ്.

ഇപ്പോൾ തന്നെ ആറു മണിയായി …
ഈ പീക് ട്രാഫിക് ടൈമിൽ ബ്ലോക്കൊന്നുമില്ലെങ്കിൽ പോലും വീട്ടിലെത്താൻ ഒരു മണിക്കൂ റിലധികമെടുക്കും…..
വാഷ് റൂമിൽ പോലും പോകാതെ ലിഫ്റ്റിനടുത്തേക്കോടുമ്പോൾ കാത്തിരിക്കുന്ന അപ്പുവിൻ്റെ മുഖം മാത്ര മായിരുന്നു മനസിൽ….

തിരക്കുപിടിച്ച റോഡിലൂടെ കാർ ഇഴഞ്ഞു നീങ്ങുകയാണ്. വാഹനത്തിരക്കുകൊണ്ട് വീർപ്പുമുട്ടുന്ന റോഡുകൾ തിരക്കില്ലാത്ത കോവിഡ് കാലത്തെ യോർത്ത് നെടുവീർപ്പിടുന്നുണ്ടാവുമിപ്പോൾ…..
ഒരു തിരക്കുമില്ലാത്ത ആ നാളുകൾ ഏറെ പാഠങ്ങൾ പഠിപ്പിച്ചല്ലെ കടന്നു പോയത്.
പക്ഷെ എത്ര പെട്ടെന്നാണ് വീണ്ടും പഴയ പോലെയായത്….

മുന്നിലെ വാഹനങ്ങൾ നീങ്ങുന്നില്ലല്ലോ .. ബ്ലോക്കാണല്ലോ ഈശ്വരാ…
ഇനി വഴി മാറി പോകുന്നതാണ് ബുദ്ധി.
ഇടയ്ക്ക് പോവാറുള്ള വീതി കുറഞ്ഞ വഴിയിലേക്ക് കയറിയപ്പോൾ എതിരെ വലിയ വാഹനങ്ങളൊന്നും വരരുതേ എന്നായിരുന്നു പ്രാർത്ഥന.

വൈകിയെത്തി പാർടിക്ക് പോകാനായില്ലെങ്കിൽ കുറഞ്ഞത് ഒരാഴ്ചയെക്കിലും കുടുംബ സമാധാനമില്ലാതാവും.
പണ്ട് അവൻ്റെ ഇതുപോലുള്ള കാര്യങ്ങളൊന്നും
അറിയുക പോലുമില്ലായിരുന്നു.
അവൻ്റെ ആവശ്യങ്ങൾ അമ്മയോടു മാത്രമെ പറയാറുള്ളൂ…
അവൻ്റെ സ്കൂളിലടക്കം അമ്മ മാത്രമെ പോകാറുമുള്ളൂ.
അച്ഛൻ്റെ തിരക്കും സമയമില്ലായ്മയും അവനും അമ്മയെ പോലെ മനസിലാക്കിയിരുന്നു.
ലോക് ഡൗണും വർക്ക് ഫ്രം ഹോമുമാണ് ഈ മാറ്റത്തിനും കാരണമായത്….

റോഡിനിടതു വശത്തെ ചെറിയ വീടിനു മുന്നിൽ നിന്നും മുന്നിലേക്ക് നീണ്ടു വന്ന ഒരു മെലിഞ്ഞ കയ്യാണ് ചിന്തകളിൽ നിന്നുണർത്തിയത്.
ഒരു സ്ത്രീയായിരുന്നു കാറിനു മുന്നിൽ കൈ കാണിച്ചത്…
പഴകി നിറം മങ്ങിയ വസ്ത്രം, എണ്ണമയമില്ലാതെ പാറി പറക്കുന്ന ചെമ്പൻമുടി… മുഖത്ത് മുഷിഞ്ഞ തുണിമാസ്ക്…
കൂടെ ഒരു ആൺകുട്ടിയുമുണ്ട്.
എന്തിനായിരിക്കും?
വല്ല തട്ടിപ്പുമായിരിക്കും
നിർത്തേണ്ട….
പെട്ടെന്നാണ്
കോവിഡിൻ്റെ അതിരൂക്ഷമായ
രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ദിവസങ്ങൾ ഓർമ്മയിലേക്ക് വന്നത്…

ഏതോ സമ്പർക്കം വഴി കിട്ടിയ
കോവിഡുമായി അടച്ചിട്ട മുറിയിൽ ഏകാന്തനായിരിക്കുമ്പോൾ
ഗേറ്റിനു മുൻപിൽ കൃത്യമായി മരുന്നും പച്ചക്കറിയും അവശ്യസാധനങ്ങളുമായി വന്നവർ…
ഫോൺ വഴി ദിവസേന അസുഖവിവരം അന്വേഷിച്ചവർ….
ഒരാഴ്ച കഴിഞ്ഞിട്ടും ചുമയും ശ്വാസം മുട്ടലും മാറാതിരുന്നപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാൻ വന്ന വർ…..
പി.പി.ഇ കിറ്റിനകത്തെ ചൂടും അസ്വസ്ഥതകളും സഹിച്ച് ഇരുപത്തിനാലു മണിക്കൂറും ചികിത്സിച്ചവർ…
അങ്ങനെ നിരവധി പേർ മനസിലേക്ക് കയറി വരുകയായിരുന്നു ….

ഓർമ്മിക്കലുകൾക്കിടയിൽ
കാൽ അറിയാതെ ബ്രേക്കിൽ അമർന്നു.

കാറിനടുത്തേക്ക് ഓടിവരുന്നതിനിടയിൽ ആ സ്ത്രീ കുട്ടിയോട് ഉറക്കെ പറയുന്നുണ്ടായിരുന്നു…

“മോനെ അച്ഛന് ചോറും മരുന്നും എടുത്തു കൊടുക്കണം, അമ്മ ഉടനെ വരാം… “

കാറിനടുത്തെത്തിയ അവർ കിതച്ചു കൊണ്ട് പറഞ്ഞു ..

“സാറേ സഹായിക്കണം, അടുത്ത കവലയിലൊന്നിറക്കണം… കുഞ്ഞമ്മ വയ്യാതിരിക്കുകയാണ്…. അവിടം വരെയൊന്നു പോകാനാണ്”

ലോക്ക് തുറന്നു കൊടുത്ത യുടൻ അവർ കാറിനകത്തേക്ക് കയറി,
കയ്യിൽ ഒരു സ്റ്റീൽ പാത്രവുമുണ്ട്….

കാർ മുന്നോട്ട് നീങ്ങുമ്പോൾ എൻ്റെ മനസിലെ സംശയം നീക്കാനെന്ന പോലെ അവർ പറഞ്ഞു കൊണ്ടേയിരുന്നു.

“കുഞ്ഞമ്മ വീടുകളിലും ഹോട്ടലിലുമൊക്കെ പണിക്ക് പോയിരുന്നതാ ഈ കൊറോണ വന്നതോടെ പണിയില്ലാതായി… ഇപ്പോൾ കിടപ്പുമായി….”

“അപ്പോൾ നിങ്ങളുടെ കൂടെ വരാൻ ആരുമില്ലേ ….?”

“മോൻറച്ഛൻ അഞ്ചാറു കൊല്ലമായിട്ടു കിടപ്പാണ്, പണിക്കുപോയിട്ടൊരു അപകടം പറ്റിയതാണ്, കുറെ ചികിത്സയൊക്കെ നടത്തി വലിയ കാര്യമൊന്നുമുണ്ടായില്ല.. “

കാർ കുറച്ചു ദൂരം കൂടെ മുന്നോട്ട് പോയി അടുത്ത ജംഗ്ക്ഷനിൽ എത്തിയപ്പോൾ അവർ പറഞ്ഞു.
” സാറെ ഇവിടെ നിർത്തിയാൽ മതി …
ഇനി നടന്നു പൊയ്ക്കൊള്ളാം കുറച്ചു ദൂരമേയുള്ളൂ”

“സാരമില്ല… ഞാൻ അവിടെ കൊണ്ടു വിടാം” ….
അങ്ങിനെ പറയാനാണ് അപ്പോൾ തോന്നിയത്….

മറ്റൊരു വഴിയിലൂടെ കുറച്ചു ദൂരം പോയി അവർ കാണിച്ചു തന്ന വീടിനു മുന്നിൽ വണ്ടി നിർത്തി….
വീട് എന്ന് പറയാനൊന്നു മാവില്ല…
ആസ്ബെറ്റോസ് ഷീറ്റിട്ടമേൽക്കൂര…
ഒരു മരപ്പലക വാതിലായ് അടച്ചു വെച്ചിട്ടുണ്ട്.
ജനാല പഴയ തുണി വെച്ച് മറച്ചിട്ടുമുണ്ട്.
അവർ കാറിൽ നിന്നിറങ്ങി അതിവേഗം അവിടേക്ക് കയറിപ്പോയി….

പോയവഴി തിരിച്ച് വന്ന് വീണ്ടും വീട്ടിലേക്കുള്ള വഴിയിലെത്തിയപ്പോൾ ഏറെ വൈകിയിരുന്നു.
തുടർന്നുള്ള യാത്രയിൽ ആ യുവതിയെ കുറിച്ചു തന്നെയായിരുന്നു ചിന്തിച്ചത്.
അവരോട് വല്ലാത്ത ബഹുമാനം തോന്നുന്നു.
സ്വന്തം മാതാപിതാക്കളെ നോക്കാൻ പ്പോലും സമയമില്ലാതെ… സ്വന്തം കാര്യത്തിനായ് മാത്രം മനുഷ്യർ പരക്കം പായുന്ന ഇക്കാലത്ത്….
വർഷങ്ങളായുള്ള തൻ്റെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കുമിടയിൽപ്പോലും
മറ്റുള്ളവരുടെ വിഷമവും വേദനയും കാണാനുള്ള അവരുടെ വിശാല മനസിനെ ആദരിച്ചേ പറ്റൂ….

വൈകിവീട്ടിലേക്ക് കയറുമ്പോൾ പ്രതീക്ഷിച്ചതു പോലെ പിണക്കത്തിലായിരുന്നു രണ്ടു പേരും…
ഭാര്യ അർത്ഥഗർഭമായ് ആദ്യം വാച്ചിലേക്കും പിന്നെ മകനേയുമൊന്നു നോക്കി…..
പതുക്കെ അപ്പുവിൻ്റെയടുത്ത് പോയിരുന്ന് അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…
“അച്ഛൻ ഇന്ന് വരുന്ന വഴിക്ക് വളരെ വലിയൊരു കാര്യം ചെയ്തു …
അന്ന് നമുക്ക് സുഖമില്ലാതിരുന്നപ്പോൾ ഒരു പാട് പേർ നമ്മളെ സഹായിച്ചില്ലേ… അതുപോലെ വലിയൊരു കാര്യം”
പറഞ്ഞതവന് മനസിലായോ എന്നറിയില്ല…. എന്നാലും തനിക്കപ്പോൾ വല്ലാത്തൊരാനന്ദവും അഭിമാനവുമാണ് തോന്നിയത്…..


Leave a comment

Trending