നളകഥയും പിൽക്കാല മലയാളസാഹിത്യവും
ഡോ:അഞ്ജന അയ്യപ്പൻ
അസിസ്റ്റന്റ് പ്രൊഫസർ,
നൂറുൽ ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്,
കുമാരകോവിൽ 629180
Guide Name :
Prof. K. K. Sivadas,
HoD, Dept. of Malayalam, Kerala University

പ്രബന്ധസംഗ്രഹം
സാഹിത്യം എല്ലാക്കാലത്തും ഭൂതകാലത്തിൽനിന്നും തിളക്കമാർന്ന ഇതിവൃത്തങ്ങളെയും കഥാസന്ദർഭങ്ങളെയും ഉപാദാനമായി സ്വീകരിച്ചിട്ടുണ്ട്. ഇതിഹാസങ്ങളായിരുന്നു ഇക്കാര്യത്തിൽ പ്രധാനപ്പെട്ട അക്ഷയപാത്രങ്ങൾ. ഒരിക്കലുമവസാനിക്കാത്ത തരത്തിൽ പിൽക്കാല സാഹിത്യരചയിതാക്കൾക്കും അവരുടെ കൃതികൾക്കും അവലംബമായി രാമായണവും മഹാഭാരതവും വർത്തിച്ചു. ഇതിഹാസങ്ങളിലെ കഥാസന്ദർഭങ്ങളെ ഉപജീവിച്ചും അവയെ അപനിർമ്മിച്ചും നിരവധിയായ സാഹിത്യകൃതികളാണ് ഭാരതത്തിൽ വിവിധ ഭാഷകളിലായി നിർമ്മിക്കപ്പെട്ടത്. അവയോരോന്നും കാലാതിവർത്തിയായും കാലികപ്രസക്ത മായും നിലകൊണ്ടു എന്നതും ശ്രദ്ധേയമാണ്. മനുഷ്യജീവിതത്തെ യും അവന്റെ വികാരവിചാരങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കാനും ആഖ്യാനം ചെയ്യാനുമുള്ള ഉപകരണമെന്നനിലയ്ക്കാണ് ബഹുഭൂരിപക്ഷം എഴുത്തുകാരും ഇതിഹാസ കഥാ സന്ദർഭങ്ങളെ കണ്ടത്. ഇതിൽ മലയാളസാഹിത്യവും മലയാള സാഹിത്യകാര ന്മാരും എല്ലാക്കാലത്തും മുൻപന്തിയിലായിരുന്നു. നളകഥയാണ് ഇക്കാര്യത്തിൽ സവിശേഷപ്രാധാന്യമർഹിക്കുന്നത്. അതിനാൽത്തന്നെ നളകഥ മലയാളസാഹി ത്യത്തിൽ ചെലുത്തിയ സ്വാധീനത്തെ മുൻനിർത്തിയാണ് ഈ പ്രബന്ധം രചിച്ചിരിക്കുന്നത്. പ്രാചീനകാലം മുതൽ ഇന്നുവരെ നളകഥ മലയാളത്തിൽ ചെലുത്തിയ സ്വാധീനത്തെ ചില കൃതികളെ മുൻനിർത്തി ഇവിടെ വിശകലനം ചെയ്യുന്നു.
ആമുഖം
ഭാരതത്തിന്റെ സാംസ്കാരികമനസ്സിനെ രൂപപ്പെടുത്തുന്നതിൽ ഇതിഹാസ പുരാണകൃതികൾ ശക്തമായ മാധ്യമമായി പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശിക വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ അവയെ ഉപേക്ഷിക്കാതെ സൂക്ഷ്മ മായ മനുഷ്യത്വത്തിലധിഷ്ഠിതമായ ദേശീയസംസ്കാരത്തിലേക്ക് വളരാനുള്ള ശ്രമങ്ങളുടെ പൂർത്തീകരണം മേൽപ്പറഞ്ഞ കൃതികളുടെ സ്വാധീനഫലമായാണ് സാധ്യമായത്. മഹത്തായ ആഖ്യാനങ്ങളുടെ സ്വർഗ്ഗഭൂമിയായി ഭാരതം മാറിയതും ക്ലാസിക് കൃതികളുടെ ആഖ്യാനങ്ങളിലൂടെയും പുനരാഖ്യാനങ്ങളിലൂടെയുമായിരുന്നു. പ്രാദേശിക ഭാഷകളിലേക്ക് നടന്ന വിവർത്തനങ്ങളും പരിവർത്തനങ്ങളും ആ ഭാഷകളെ കൂടുതൽ സമ്പന്നമാക്കുകയും അവരുടെ ഭാവുകത്വമേഖലകളെ വിപുലമാക്കുകയും ചെയ്തു. ഇത്തരത്തിൽ പ്രാദേശികഭാഷകളിലെഴുതപ്പെടുന്ന ഇന്ത്യൻ സാഹിത്യം അവയുടെ വളർച്ചയുടെ ഘട്ടങ്ങളിൽ ഇതിഹാസപുരാണ കൃതികളോട് പല പ്രകാരേണ കടപ്പെട്ടിരിക്കുന്നു. ഇതിൽ രാമായണവും മഹാഭാരതവുമാണ് സവിശേഷപ്രാധാന്യമർഹിക്കുന്നവ. ഈ കൃതികളിലെ കഥകളും ഉപകഥകളും കാലാനുസൃതമായി പരിഷ്കരിച്ചും, പുനഃസൃഷ്ടിച്ചും പുത്തൻ ജീവിതസമസ്യകളെ വ്യാഖ്യാനിക്കാൻ പാകത്തിലുള്ള വ്യതിരിക്ത ആഖ്യാന രൂപങ്ങളായി എല്ലാക്കാലത്തും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.
മലയാളസാഹിത്യചരിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ രാമായണ-മഹാഭാരത കാവ്യങ്ങളുടെ സ്വാധീനം എത്രമേൽ ശക്തമായിരുന്നു എന്ന് മനസ്സിലാക്കാം. രാമചരിതകാരൻ, കണ്ണശ്ശന്മാർ, ചെറുശ്ശേരി നമ്പൂതിരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, പൂന്താനം, രാമപുരത്ത് വാര്യർ, ഉണ്ണായിവാര്യർ തുടങ്ങിയുള്ള ആദ്യകാല കവികളുടെ രചനകളെല്ലാംതന്നെ പ്രമേയപരമായും ആഖ്യാനപരമായും ഇതിഹാസകാവ്യങ്ങളോട് എത്രമേൽ കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാം. ഇതിൽ സവിശേഷസ്ഥാനം അർഹിക്കുന്ന ഒന്നാണ് ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ. മലയാള ആട്ടക്കഥാസാഹിത്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായ കൃതി എന്നതിനുമപ്പുറം ആഖ്യാനപരവും പ്രമേയ പരവുമായ നിരവധി പരീക്ഷണങ്ങൾക്ക് സ്വാധീനശക്തിയായി ഈ കൃതി മാറി. മഹാഭാരതത്തിലെ നളകഥാഖ്യാനത്തെ ഉപജീവിച്ചുകൊണ്ട് നിരവധിയായ സാഹിത്യകൃതികളും രൂപങ്ങളുമാണ് പിന്നീട് മലയാളത്തിലുണ്ടായത്. ആധുനിക കാലഘട്ടത്തിൽപോലും നിരന്തരപരിണാമിയ ജീവിതാവസ്ഥകളെയും കാലസന്ധി കളെയും വ്യാഖ്യാനിക്കാനുള്ള ആദിപ്രരൂപ മാതൃകയെന്ന നിലയിൽ നളകഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സ്വീകരിക്കപ്പെടുന്നുണ്ട്.
മഹാഭാരതം വനപർവ്വത്തിലാണ് നളകഥ ആഖ്യാനം ചെയ്തിരിക്കുന്നത്. കലി ബാധിതനായ നള മഹാരാജാവ് രാജ്യവും അധികാരവും ഭാര്യയും നഷ്ടപ്പെട്ട് ഏകനായി വനത്തിൽ അലഞ്ഞു നടക്കുന്നതിനെ മനുഷ്യന്റെ തീവ്രദുഃഖ സന്ദർഭത്തിനുള്ള ഉദാഹരണമായിട്ടാണ് അവിടെ അവതരിപ്പിക്കുന്നത്. നളദമയന്തിമാരുടെ വിവാഹം, വിരഹം, പുനസമാഗമം എന്നിവ പ്രമേയമാക്കി ഭാരതത്തിൽ തന്നെ നളകഥയ്ക്ക് ഭിന്നഭാഷകളിൽ, ഭിന്നരൂപങ്ങളിൽ, ഭിന്ന കാലങ്ങളിൽ നിരവധി അനുവാദങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ ഓരോ ആഖ്യാനവും നളകഥയുടെ പുതിയ വ്യാഖ്യാനങ്ങളായി മാറുന്നുമുണ്ട്, നളൻ, ദമയന്തി, ഹംസം, കാട്ടാളൻ, ഇന്ദ്രാദി ദേവന്മാർ, കലി പുഷ്ക്കരൻ, കാർക്കോടകൻ, ഋതുപർണ്ണൻ, ബാഹുകനളൻ തുടങ്ങി തീർത്തും ഭിന്നപ്രകൃതികളായ കഥാപാത്രങ്ങളുടെ സാന്നിധ്യ മാണ് നളകഥയ്ക്കു ഇത്രയേറെ പുനരാഖ്യാനങ്ങൾ സംഭവിക്കാനുള്ള കാരണം.
ഒരേസമയം മതപരവും തൊഴിൽപരവും വിനോദപരവുമായ നാടൻ പാട്ടുകളിൽ തുടങ്ങി ആധുനിക ചെറുകഥയിൽ വരെ നളദമയന്തീചരിതം പ്രമേയമാ കുന്നുണ്ട്. അവ ഓരോന്നും ആ കാലഘട്ടത്തിന്റെ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തെ പ്രകടമാക്കുന്നുമുണ്ട്. നളകഥ പ്രതിപാദിതമായ മലയാള കൃതി കളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയവും ഉൽകൃഷ്ടവുമെന്ന് അംഗീകരിക്കപ്പെട്ടി രിക്കുന്ന കൃതി മഴമംഗലം നമ്പൂതിരിയുടെ നൈഷധം ചമ്പുവാണ്. പതിനേഴാം നൂറ്റാണ്ടിലെ ഈ കൃതി മധ്യകാല ജനതയുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലം പ്രകടമാക്കുന്നതോടൊപ്പം നളദമയന്തിമാരുടെ പ്രണയം, വിരഹം എന്നിവയും പൂർവ്വോത്തര ഭാഗങ്ങളായി അവതരിപ്പിക്കുന്നു. ശൃംഗാരരസത്തിനും അംഗപ്രത്യംഗ വർണ്ണനകൾക്കും സൗന്ദര്യാസ്വാദനത്തിനും ഏറെ പ്രാധാന്യം നൽകുന്നു ഈ കൃതി. സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കണ്ടിരുന്ന ആ കാലഘട്ടത്തിൽ സ്ത്രീ ചാരിത്ര്യവതിയായിരിക്കണമെന്ന് സാമൂഹിക സങ്കൽപത്തെ പ്രകടമാക്കുന്നുണ്ട്, നിലവിലിരിക്കുന്ന സാമൂഹികവ്യവസ്ഥയ്ക്കു വിധേയപ്പെടുന്ന, കുലസ്ത്രീ സങ്കൽപ്പത്തിനു പ്രാധാന്യം കൊടുക്കുന്ന ദമയന്തി അക്കാലത്തെ മണിപ്രവാള നായികമാരിൽനിന്നും വ്യത്യസ്തയാകുന്നു. മഹാഭാരതത്തിലെ നളോ പാഖ്യാനത്തെ പതിനേഴാം നൂറ്റാണ്ടിൽ ഉണ്ണായിവാര്യർ നവീന രൂപഭാവങ്ങളോടെ മനുഷ്യ സങ്കടങ്ങളുടെയും അതിജീവനത്തിന്റെയും കഥയാക്കി പരിവർത്തിപ്പിച്ചു. ഇതിഹാസ്യത്തിലെ ജീവിതവീക്ഷണത്തിനു പ്രാധാന്യം കൊടുക്കുമ്പോൾത്തന്നെ വർത്തമാന ജീവിതവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം ഇതിൽ കഥാപാത്ര സൃഷ്ടി നടത്തിയത്. നളദമയന്തി പ്രണയം, വിവാഹം, വിധിവശാലുണ്ടാകുന്ന ദുരിതങ്ങൾ, അവയിൽനിന്നുള്ള വിടുതൽ എന്നിവയെ അദ്ദേഹം മനുഷ്യാനു ഭവങ്ങളാക്കി പരിവർത്തിപ്പിച്ചു. സാമൂഹിക വ്യവസ്ഥിതി മനുഷ്യജീവിതാവസ്ഥകളിൽ നടത്തുന്ന ഇടപെടലുകളെ അതിസൂക്ഷ്മമായി കഥാപാത്രങ്ങളുടെ ചിന്തകളിലൂടെ യും വാക്കുകളിലൂടെയും പ്രതിഫലിപ്പിച്ചു. ആ കാലഘട്ടത്തോടുള്ള പ്രതിഷേധം വ്യവസ്ഥാനിഷേധത്തിന്റെ അടരുകളായി ദമയന്തിയിൽ സന്നിവേശിപ്പിച്ചു. പുരുഷന്റെ പ്രവർത്തികളെ വിനീതവിധേയയായി പിന്തുടരുന്ന ക്ലാസിക് പ്രവണത കളിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര ചിന്ത ഉൾക്കൊള്ളുന്ന പുരുഷനെ അവശ്യ ഘട്ടത്തിൽ നിയന്ത്രിക്കുന്ന വിമർശിക്കുന്ന സവിശേഷ വ്യക്തിത്വമായി ദമയന്തി മാറുന്നത് ഇക്കാരണത്താലാണ്. പണം, പദവി, അധികാരം എന്നിവയ്ക്കപ്പുറം മാനവികദർശനങ്ങളും സ്വാതന്ത്ര്യബോധവും ഉൾക്കൊള്ളുന്ന വ്യക്തിത്വങ്ങളാണ് നളചരിതം ആട്ടക്കഥയിലെ കഥാപാത്രങ്ങൾ. സ്ത്രീ ഉപേക്ഷിക്കപ്പെടുന്നതിന്റെയും ക്ഷണിക്കപ്പെടുന്നതിന്റെയും പിന്നിൽ പുരുഷന്റെ ധനബലം പ്രധാനമാകുന്നു എന്ന അധികാരവ്യവസ്ഥയെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.
നളകഥ മലയാളത്തിൽ
നളകഥയെ അടിസ്ഥാനമാക്കി നിരവധി കൃതികളാണ് മലയാളസാഹിത്യ ത്തിലുണ്ടായിട്ടുള്ളത്. ഇതിൽ പ്രഥമസ്ഥാനത്തുള്ളത് ഉണ്ണായിവാര്യർ രചിച്ച നളചരിതം ആട്ടക്കഥയാണ്. മറ്റൊരു കൃതി മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പുവുമാണ്. ഇതു കൂടാതെ തുള്ളൽ, കിളിപ്പാട്ട്, വഞ്ചിപ്പാട്ട്, നാടകം, ചെറുകഥ തുടങ്ങിയുള്ള വിവിധങ്ങളായ സാഹിത്യരൂപങ്ങളെ ഇതിവൃത്തപരമായും പ്രമേയപര മായും നളകഥ സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യം മലയാളസാഹിത്യം സൂക്ഷ്മമായി അപഗ്രഥിക്കുമ്പോൾ കണ്ടെത്താനാകും.
നളകഥയെ അടിസ്ഥാനമാക്കി രണ്ടു കൃതികൾ കുഞ്ചൻനമ്പ്യാർ രചിച്ചിട്ടുണ്ട്. നളചരിതം തുള്ളലും, നളചരിതം കിളിപ്പാട്ടും. ഇതിഹാസ കഥയുടെ വെറും പുനരാവിഷ്കാരമല്ല കവിയുടെ ലക്ഷ്യം. പകരം നിശിതമായ രാഷ്ട്രീയ സാമൂഹിക വിമർശനവും ബോധവത്ക്കരണവുമായിരുന്നു പതിനെട്ടാം നൂറ്റാണ്ടിലെ കേരളീയ ജീവിതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അനുഭവമണ്ഡലത്തിലുള്ള എല്ലാ വിഷയങ്ങളും തന്റെ കൃതികൾക്കുള്ളിലെ ആക്ഷേപഹാസ്യത്തിന് അദ്ദേഹം വിധേയമാക്കി.
ബഹുഭാര്യത്വത്തെ സംബന്ധിക്കുന്ന പുരാണ സന്ദർഭത്തെ സൂചിപ്പിച്ചു കൊണ്ടാണ് നളചരിതം തുള്ളൽ ആരംഭിക്കുന്നത്. അതോടൊപ്പം കേരളീയ സമൂഹം പിന്തുടരുന്ന കുടുംബസങ്കൽപ്പത്തിന് പ്രാധാന്യം നൽകുകയും സംബന്ധ വ്യവസ്ഥയ്ക്കെതിരെ സാമൂഹികവിമർശനത്തിന്റെ ആയുധങ്ങളപ യോഗിച്ച് കടുത്ത ആക്രമണം നടത്തുകയും ചെയ്യുന്നു. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ രാഷ്ട്രീയ തിന്മകളെയും ബഹുഭാര്യത്വം, ബഹുഭാർതൃത്വം, കപട സദാചാരം, അസന്മാർഗ്ഗിക നടപടികൾ, ദാരിദ്ര്യം, മോഷണം, വഞ്ചന മുതലായ വ്യക്തിതിന്മ കളെയും കുറിച്ച് ആക്ഷേപഹാസ്യത്തിലൂടെ സാധാരണ ജനങ്ങൾക്കും അവബോധം നൽകുകയും . മാനസികോന്നമനത്തിന് അവരെ സജ്ജരാക്കുകയും ചെയ്യുന്നു. ‘സംബന്ധം’ എന്ന ആചാരം കേരളത്തിൽ ശക്തമായി നിലനിന്നിരുന്ന കാലഘട്ടത്തിലാണ് ഏകപതീവ്രതത്തെ പ്രമേയമാക്കി നളചരിതം കിളിപ്പാട്ട് രചിച്ചത് എന്നതും ശ്രദ്ധേയമാണ്.
പുരാണ കഥാപ്രസിദ്ധമായ ഇതിവൃത്തങ്ങളാൽ സമ്പന്നമായിരുന്ന മലയാള നാടക സാഹിത്യത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ നളകഥയ്ക്കു അതിപ്രധാന മായൊരു സ്വാധീനം ചെലുത്താൻ കഴിഞ്ഞു. മലയാളത്തിലെ ഏക നളമഹാകാവ്യം എന്ന ബഹുമതി നേടിയ വിദ്വാൻ പി.ജി.നായരുടെ ‘നളോദയം’ ആധുനിക രചനാകഥാഘടനയിൽ സവിശേഷ വ്യതിയാനങ്ങളോടുകൂടി രചിക്കപ്പെട്ട ഒന്നാണ്.
പതിനാറാം സർഗ്ഗത്തിൽ പുളിന്ദിക്ക് മുന്നിൽ പശ്ചാത്തപിക്കുന്ന ദമയന്തിയും തന്റെ വിരഹ ദുഃഖം മറന്ന് ദമയന്തിയെ ആശ്വസിപ്പിക്കുകയും സുരക്ഷിതസ്ഥാനത്തി എത്തിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന പുളിന്ദി മികച്ച വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രമാണ്. കാവ്യങ്ങൾ എന്നപോലെ നളകഥ അടിസ്ഥാനപ്പെടുത്തി ഒട്ടേറെ വ്യാഖ്യാനങ്ങളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. നളദമയന്തിക്കഥ പ്രമേയമാകുന്ന ദമയന്തി, നളൻ, നളോദയം, മഹിളാദർശനം എന്നീ ബാലസാഹിത്യകൃതികളും ഏറെ ശ്രദ്ധേയമാകുന്നു. ആധുനിക മലയാളകാവ്യസാഹിത്യത്തിലും നളദമയന്തി ക്കഥ പ്രത്യക്ഷ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദുഃഖിതയായ ദമയന്തി, ദമയന്തി, നളചരിതം എന്നീ കാവ്യങ്ങളും ദമയന്തീശാപസതകം, വജ്രകുണ്ഡലം, പരിത്യക്ത യായ ഭൈമി എന്നിങ്ങനെയുള്ള ഖണ്ഡകാവ്യങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
മലയാള ചെറുകഥാ സാഹിത്യത്തിൽ ഹാസ്യത്തിനു പുതിയൊരു രൂപം നൽകിയതും ഹിസ്റ്റോറിക്കൽ സറ്റയർ എന്ന രചനാതന്ത്രം ആദ്യമായി അവതരിപ്പി ച്ചതും വി.കെ. എന്നാണ്. തന്റെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ മാറിനിന്ന് വീക്ഷിക്കുകയും അവയെ നർമ്മത്തിൽ പൊതിഞ്ഞ് വിമർശനാത്മകമായി അവത രിപ്പിക്കുകയുമാണ് അദ്ദേഹത്തിന്റെ രീതി. പുരാണകഥകളുടെ അപനിർമ്മാണ ത്തിന് മികച്ച ഉദാഹരണമാണ് വി കെ എന്നിന്റെ ‘നളചരിമൂലം’. നളോപാഖ്യാനം അതിന്റെ രംഗം, പാഠം എന്നിവയെല്ലാം സമ്മിശ്രമായി ചേർത്ത് നിർമ്മിച്ച കൃതിയാണ് ‘നളചരിതംമൂലം.’
എടവപ്പാതിക്കും വേനൽക്കും ഭാരത വർഷത്തിൽ എക്കാലവും ധാരാളം രാജാക്കന്മാരുണ്ടായിരുന്നു. പുറമെ നളനും ഇയാളാണ് പിന്നീട് കലിയായത് എന്നാരംഭിക്കുന്ന ചെറുകഥയിൽ അവസാനം വരെയും അപനിർമ്മാണത്തിന്റെ ചാരുത കാണാം. പുരാണകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും “സാമ്യമക ന്നോൾ, അനുപം, അഴക് തുടങ്ങിയ പാട്ടിലെ പഴയ പേരുകാരി ദമയന്തിയും” “സൗന്ദര്യം, സാത്മ്യഭാവം, സ്വഭാവോക്തി, സ്വകാര്യ സ്വത്ത് കുതിര, മുതിര….. എന്നിവയിൽ വെല്ലാൻ ആരും ഇല്ലാത്ത നളന്റെയും…… എന്നിങ്ങനെ പോകുന്നു അവതരണം.
ദമയന്തിയുടെ അന്ത:പുരത്തിൽ ദേവന്മാരുടെ ദൂതുമായെത്തുന്ന നളനും, ദമയന്തിയും തമ്മിലുള്ള സംഭാഷണം അപനിർമ്മാണത്തിന്റെ ഉത്തമോദാഹ രണമാണ്.
“ഹേ മഹാനുഭാവ അഭിനയം ലോകീയിൽ മതി എന്നർത്ഥം അവന്മാരെ ഞാൻ കെടുത്തില്ലെന്നുതന്നെയാണ് ഭാവം. ഹംസമായി വന്ന അൻപുനമ്പൂതിരി പറഞ്ഞില്ലെ. തനിക്ക് ഒഴിവില്ലെങ്കിൽ ഞാൻ വല്ല ടീച്ചറോ സിസ്റ്ററോ ആയി കാലഹരണപ്പെട്ടോളാം. ഇല്ലെങ്കിൽ ആകാശവാണിയുണ്ട്.” മൂലകഥയിലെ സംഘർ ഷാത്മകമായ സന്ദർഭങ്ങളെ നർമ്മ മധുരമായി അവതരിപ്പിക്കുകയാണ് ഇവിടെ വി.കെ.എൻ.
മീനും കപ്പയും അന്നാഹാരവുമില്ലാതെ കാട്ടിലൂടെ അലഞ്ഞ് അവസാനം ദമയന്തി ഉറങ്ങുമ്പോൾ അവിടെ ഉറയൂരിയ പോസിൽ കണ്ട ഒരു ഫിഷ് നൈഫ് കൊണ്ട് ഹാഫ് സാരി കീറി നളൻ ദമയന്തിയെ രക്ഷിക്കാനുള്ള ചുമതല ആദിത്യനെ വസുക്കളെ, പാമ്പുകളെ, മരുത്തുകളെ ഏൽപ്പിച്ച് ഇറങ്ങിപ്പോകുന്നതും “പുലർന്ന നേരത്ത് ദമയന്തി എഴുന്നേറ്റു കോട്ടുവായിട്ടു നളനെ കണ്ടില്ല എന്നാൽ പോട്ടേ എന്നു പറയുന്നതു വി.കെ. എൻ. കഥയിൽ മാത്രം കാണുന്ന ആഖ്യാനസവിശേഷതയാണ്. പ്രായോഗികമതിയായ ആധുനികന്റെ പാരമ്പര്യത്തോടുള്ള നിഷേധത്തെയും സമൂഹത്തോടുള്ള മനോഭാവത്തെയും ഓരോ കഥാപാത്രത്തിലും കാണാൻ കഴിയുന്നു. പാശ്ചാത്യ സാംസ്കാരിക അഭിനിവേശം മലയാളിയുടെ സാമൂഹിക ജീവിതത്തിൽ സൃഷ്ടിച്ച കാപട്യത്തെയും മാനുഷിക പ്രശ്നങ്ങളോടുള്ള മനോഭാവ ത്തെയും തനതായ കാഴ്ചപ്പാടിലൂടെ വി.കെ. എൻ. അവതരിപ്പിക്കുന്നു. പ്രണയം, ദാമ്പത്യം, വിശപ്പ്, മരണം തുടങ്ങിയവയെ മൂലകൃതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിശാസ്ത്രത്തിലൂടെ ഇവിടെ അവതരിപ്പിക്കുന്നു. കഥാപാത്രങ്ങളുടെ ചിത്രീകരണത്തിൽ അവരുടെ ചിന്തകൾ, പ്രവൃത്തികൾ, വികാരങ്ങൾ, പ്രതിക രണങ്ങൾ, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവയിൽ പുതുമയും വ്യത്യസ്തതയും വായനക്കാരനു അനുഭവപ്പെടുന്ന തരത്തിലാണ് ആഖ്യാനം നിർവഹിച്ചിരിക്കുന്നത്. കഥ പറയുന്ന രീതിയിലെ വൈവിധ്യം കൊണ്ടും അവതരണത്തിന്റെ പുതുമകൊണ്ടും വായനക്കാരെ തികച്ചും വ്യത്യസ്തമായ അനുഭവമണ്ഡലത്തിലെത്തിക്കാൻ വി.കെ.എൻ. കൃതികൾക്കു സാധിക്കുന്നു.
ഉപസംഹാരം
ജീവിതത്തിന്റെ വൈവിധ്യപൂർണ്ണമായ അവസ്ഥകളുടെ ആവിഷ്കാരമാണ് ഇതിഹാസകൃതികളെല്ലാം. സമഗ്രമായ ജീവിതാവസ്ഥകളെ അത് പ്രതിഫലിപ്പി ക്കുന്നു. അതിനാൽത്തന്നെ ഭാരതത്തിലെ പിൽക്കാല സാഹിത്യപാരമ്പര്യത്തിന്റെ വികാസത്തിനുള്ള അക്ഷയഖനികളായി അവ മാറി. വർത്തമാനകാലസാഹിത്യ രചനകളെവരെ ഇന്നും ഇതിഹാസകഥകൾ നിരന്തരമായി സ്വാധീനിക്കുന്നു എന്നത് അവ എത്രമേൽ കാലാതിവർത്തിയും കാലികപ്രസക്തവുമാണ് എന്നതിന് തെളിവാണ്. മഹാഭാരതം വനപർവ്വത്തിലെ നളകഥ ഇക്കാര്യത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്നു. മലയാളസാഹിത്യത്തിൽ നളകഥ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. നളചരിതം ആട്ടക്കഥ മുതൽ വർത്തമാനകാല രചനകളെ വരെ അത് സ്വാധീനിച്ചിട്ടുണ്ട്. അതിനെ സറ്റയറിക്കലായി ആദ്യം ഉപയോഗിച്ചത് കുഞ്ചൻ നമ്പ്യാരാണ്. പിന്നീട് വി.കെ.എൻ. എഴുതി നളചരിതമൂലം എന്ന കഥയും ഇത്തരത്തിലുള്ള ആഖ്യാനത്തിന്റെ ഉദാഹരണമായി കാണാം. നളചരിതകഥയെ അപനിർമ്മിച്ച ഈ രചന പുരാണകഥകളുടെ അപനിർമ്മിതിക്കുള്ള ഉത്തമോദാഹര ണമാണ്. നളചരിതത്തിലെ സംഘർഷാത്മക സന്ദർഭങ്ങളെ നർമ്മമധുരമായാണ് വി.കെ.എൻ. അവതരിപ്പിക്കുന്നത്. പുരാണകഥാസന്ദർഭങ്ങളെ വർത്തമാനകാല പരിതസ്ഥിതിയിൽ എങ്ങനെ ആവിഷ്കരാമെന്ന് ഈ കഥ കാട്ടിത്തരുന്നു. ഇത്തരം പുനരാഖ്യാനങ്ങൾ സാഹിത്യത്തിൽ തുടർന്നുകൊണ്ടിരിക്കും എന്നതും സംശയാതീത മായ വസ്തുതയാണ്.
സഹായകഗ്രന്ഥങ്ങൾ
- അജയകുമാർ എൻ. ഡോ., മലയാളത്തിലെ നളചരിതങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, തൃശ്ശൂർ, 2018.
- ഇരാവതി കാർബ, മഹാഭാരത പഠനങ്ങൾ, ഓഷോ ബുക്സ്, കൊടുങ്ങല്ലൂർ, 1987.
- ഉണ്ണായിവാര്യർ, നളചരിതം ആട്ടക്കഥ, എൻ.ബി.എസ്., കോട്ടയം, 1968.
- കുഞ്ചൻ നമ്പ്യാർ, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ, ഡി.സി. ബുക്സ്, കോട്ടയം, 2013
- മഴമംഗലം നമ്പൂതിരി, ഭാഷാനൈഷധം ചമ്പു, എസ്.പി.സി.എസ്. കോട്ടയം, 2014.
- വി.കെ.എൻ., വി.കെ.എൻ. കഥകൾ, ഡി.സി. ബുക്സ്, കോട്ടയം, 2021


Leave a comment