ചെറുകഥ
നിഴൽമുഖി
വി.കെ.കെ.രമേഷ്

അന്ന്, പതിവിനു വിപരീതമായി നിഴൽമുഖി നേരത്തേ വന്നു. സാധാരണയായി സംസാരിക്കാനായി അവൾ എഴുന്നേറ്റുവരുന്നത് ഇരവിന്റെ അങ്ങേപ്പകുതിയിലായിരിക്കും. ഇതിപ്പോൾ മല്ലികാനഗറിനു മുകളിൽ ചെൈന്നയുടെ ആകാശത്ത് നക്ഷത്രങ്ങൾ വിരിയാനാരംഭിച്ചിട്ടേയുള്ളൂ. അതിൽ കാര്യമൊന്നുമില്ല, സ്റ്റുഡിയോവിന്റെ അകത്തേക്ക് വെളിച്ചമൊന്നും കയറാതായിട്ട് കാലങ്ങളായി.
”എപ്പടി ഇര്ന്തത് പകൽ?”1
പതിവു തെറ്റിക്കാതെ അവൾ ചോദിച്ചു.
”ഇന്നിക്ക് കെടച്ചത് തലയേ ഇല്ലാത ഒരു പൊണത്തെ.”2
ക്യാമറ സൂക്ഷിച്ച ബാഗ് അതിന്റെ സൂക്ഷിപ്പുസ്ഥാനത്തേക്ക് കയറ്റിവെക്കുന്നതിനിടയിൽ എങ്ങനെയോ മറുപടി പറഞ്ഞു.
തലയില്ലാത്താത്ത ശവം ഇടിവെട്ടേറ്റ മൊട്ടപ്പനപോലെ മറിഞ്ഞുകിടക്കുകയായിരുന്നു. മൂർച്ചകുറഞ്ഞ ഏതോ ഒരായുധംകൊണ്ട് ബലമായി മുറിച്ചതുപോലെ കാണപ്പെട്ട കഴുത്ത് മതിലിൽ കുത്തിനിർത്തിയ കുപ്പിച്ചില്ലുപോലെ തോന്നിച്ചു. ഓർക്കാനിഷ്ടപ്പെടാത്ത ചിലയിടങ്ങളിലേക്ക് ഇത്തരത്തിൽ യാതൊരു മടിയില്ലാതെ ചോദ്യങ്ങൾ എടുത്തുനീട്ടാതെ അത്തരം കാഴ്ചകളിൽ ഇവൾക്ക് ഒരു തുണയായി കൂട്ടിനുവന്നാലെന്താണ്, ഒരിക്കൽപ്പോലും അതു ചെയ്യില്ല. എന്നല്ല, സ്റ്റുഡിയോമുറിവിട്ട് അവൾ പുറത്തുകടന്നിട്ടില്ല. ഈർഷ്യതോന്നി. മുഖത്തുനിന്ന് അത് മനസ്സിലായിട്ടുണ്ടാകും, വായുവിൽ ഒട്ടും ഉരസലുണ്ടാക്കാതെ അവൾ ഇഴഞ്ഞുവന്ന് ചുമലിൽ ഇരുന്നു. സ്പർശം അനുഭവിക്കാനായില്ലെങ്കിലും അവൾ അവിടെ ഉണ്ടല്ലോ എന്നോർത്ത് അറിയാതെ തെല്ലു സുഖം തോന്നി.
”അന്ത പൊണം, അത് യാരോട്?”3
”അതെല്ലാം യാര്ക്ക്താൻ തെരിയും? പോലീസുകൂടെ അട്ടർ ഹെൽപ്പ്‌ലെസ്സ്.”4
നിഴൽമുഖി തോളിൽ മുഖം താഴ്ത്തി. അടുത്തമാത്ര മടിയിലേക്ക് പറന്നിറങ്ങി.
”അന്ത പൊണത്ത്ക്കും എൻ ഗതി താനാ?”5
മറുപടി പറയാതെ ഞാൻ പിൻവാങ്ങി. നേരത്തേ കിടക്കാമെന്നു നിശ്ചയിച്ച്, സ്റ്റുഡിയോവിന്റെ ഉൾമുറിയുടെ തറയിൽ ദിനതന്തിപത്രം നീട്ടിവിരിച്ചു. പണ്ട്, അവിടമൊരു തിളങ്ങുന്ന ഫ്‌ളോറായിരുന്നു. എത്രയോ യുവമിഥുനങ്ങൾ വെള്ളിവെളിച്ചത്തിലിരുന്നുകൊണ്ട് എന്റെ ക്യാമറക്കകത്തേക്ക് ഛായയായിട്ടുണ്ട്. ചിരിക്കുന്നമുഖങ്ങളോട് സ്ഥിരമായി സമാഗമം സാധിച്ചിരുന്ന ആ യന്ത്രത്തിനിപ്പോൾ മുത്തമിടാൻകിട്ടുന്നത് തലപോയ ശവങ്ങളെ. അതാണ് ഗതികേടിന്റെ കാലമെന്നു പറയുന്നത്! തറയിൽ പ്ലാസ്റ്റർ അടർന്നുപോയ വിടവുകൾ പലയിനം ഭൂഖണ്ഡങ്ങളെ നിരത്തിവെച്ചിട്ടുണ്ട്. ഉറങ്ങാൻനേരത്ത് തെല്ലുനേരം അതിലേക്കുതന്നെ നോക്കിക്കിടക്കുകയെന്നത് എനിക്കൊരു പതിവാണ്. അരികുകളെ വിടർത്തി, തറയിലെ വിടവുകളെ വലുതാക്കിക്കൊണ്ടിരിക്കുകയല്ലേ മഹാകാലം. കരയുടെ വിതാനങ്ങൾ വെള്ളംപോലെ പരന്നുമുന്നേറുകയാണ്. മനുഷ്യൻ കടന്നുചെല്ലാത്ത കരകളാണ് അവയെന്നു ചിലപ്പോഴൊക്കെ തോന്നും, അഥവാ മോഹിക്കും. ഉരുവമെടുക്കുന്നതിന്റെ വേഗതയിൽത്തന്നെ കലങ്ങിത്തീരുകയുംചെയ്യുന്ന ഛായകളേയും പിൻപറ്റി ഒറ്റക്ക് നടന്നുതീർക്കാൻ തീർച്ചപ്പെടുത്തിയവർക്ക് അങ്ങനെയൊക്കെ വിചാരിക്കാൻ തീർച്ചയായും അവകാശമുണ്ട്, സാവകാശവും.
”നാൻ ഒന്നു കേക്കട്ടുമാ?”6
നിഴൽമുഖി തലഭാഗത്തേക്ക് നീങ്ങിവന്നുകൊണ്ട് മെല്ലെ ചോദിച്ചു.
”നാൻ യാർ, അന്ത കേൾവി താനേ, ദയവ് സെയ്ന്ത് കേൾക്കാതെ.”7
അവളുടെ ചാരനിറത്തിന് അല്പം കാളിമ കയറിയോ.
”എത്ക്കാകെ ഇപ്പടി ദെനമും കുടിക്കറീങ്കെ?”8
അതായിരുന്നു അത്തവണ അവളുടെ ചോദ്യം. ആദ്യമായിട്ടാണ് അവളിൽനിന്ന് അത്തരമൊന്നുണ്ടാകുന്നത്. തലക്കകത്ത് അറിയാതൊരു തരിപ്പ്. മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും, അതിനുള്ളൊരു ആവേഗം അറിയാതെ വന്നുപോയി. അവൾ ഉന്നയിച്ചത് പരിഹാരമില്ലെങ്കിലും ഉത്തരമുള്ളൊരു ചോദ്യമാണ്, സമ്മതിച്ചു. എന്നാൽ, മറുപടി ആരോടും പറയില്ലെന്നുമാത്രം.
വളഞ്ഞുകൂടുന്ന ശരീരഭാഗങ്ങളിൽനിന്ന് വിയർപ്പിന്റെ ചാലുകൾ ഭൂമിനോക്കി ഒഴുകിവരുന്നുണ്ട്. നല്ല ചൂടാണ്. സ്വന്തം മുഖംകൊണ്ട് ഭൂമിയുടെ അങ്ങേപ്പകുതിയിലേക്ക് കടന്നുകളഞ്ഞിട്ടുണ്ടാകുമെങ്കിലും ഭൂമധ്യരേഖയിലെ സൂര്യൻ അന്നേരവും, ചൂടിന്റെ പണി അവസാനിപ്പിച്ചിട്ടില്ല. ഉടൽ താനേ നിന്നുകത്തുന്ന വേനലിന്റെ ഉച്ചിക്കാലങ്ങളിൽമാത്രമല്ല, കാറ്റിൽ മഞ്ഞിനെ പായിക്കുന്ന സുഖദഋതുവിലും എന്റെ ഈ ഉടൽ ഗതികിട്ടാതെ ഉഷ്ണിക്കുകതന്നെയാണ് പതിവ്, അത് വേറെക്കാര്യം!
കിടന്നെങ്കിലും ഉറക്കം വേറിട്ടുതന്നെനിന്നു. ഉൾക്കടലിനും, വെന്തുപോയ മണ്ണിനുമിടയിൽ കുടുങ്ങിപ്പോയ നദിയുടെ വിമ്മിട്ടംപോലെ എന്തോ സ്ഥിരമായി വായുവിൽ കനത്തുനിൽക്കുന്നുണ്ട്. പാതിമയക്കത്തിലാണ്ടുകിടക്കുകയാണ് മല്ലികാനഗർ. നിരത്തിലെ വാഹനങ്ങളുടെ നടവട്ടങ്ങൾ ഏതാണ്ടൊക്കെ മൃദുവായിട്ടുണ്ട്. പുലരാനിരിക്കുന്ന ഒഴിവുദിനത്തിന്റെ കോട്ടുവാപോലെ രാത്രി അതിന്റെ മടിയത്രയും എടുത്തുപുറത്തിട്ടിരിക്കുന്നു. റേഡിയോ ഇളയരാജയുടെ ശബ്ദത്തിൽ ദൂരപരിസരത്തിരുന്നുകൊണ്ട് ഒന്നിനുപിറകെ മറ്റൊന്നായി മൂളുകയാണ്. ഈടുവയ്പ്പുകൾക്കിടയിലെവിടെയോ ഒളിഞ്ഞിരിക്കുന്ന പൂച്ച ഇണയെ ലക്ഷ്യംവെച്ചിട്ടെന്നതുപോലെ നിർത്താതെ കരയുന്നു… ചൂടിലുരഞ്ഞ് ദേഹമാകെ വിയർത്തു. വേനൽക്കാലവായുവിലേക്ക് ആവിയായിപ്പൊങ്ങുന്ന ബാഷ്പം ചൂടിൽ നനവുകളഞ്ഞ് ഉപ്പു പാറിക്കുകയാണ്. അതാണ് സദാ മൂക്കിനോടുരുമ്മുന്നത്. എഴുന്നേറ്റ് പഴകിത്തേഞ്ഞ മരത്തിന്റെ ജനൽ തുറന്നു. മരം മറയാത്ത ആകാശം അടുത്തും അകലെയുമായി മുഴുവനായി കാണാം. മധുരയിൽനിന്ന് ചുരുണ്ടമുടിയുടെ ചെറുപ്പവും, മനസ്സിൽ പ്രതീക്ഷയുടെ സൗന്ദര്യവുമായി ചെന്നൈയിൽ വണ്ടിയിറങ്ങുമ്പോൾ റെയിൽനിലയത്തിൽ വരവേറ്റ അതേ ക്ഷീണചന്ദ്രൻതന്നെയാണിപ്പോഴും. കോടമ്പാക്കത്ത് പൊടിക്കാറ്റിനെ ചിലങ്കയെന്നോണം ചുമന്ന് കാലുകൾ തരംഗംപോലെ മിടിച്ചുചലിച്ചതിന്റെ ഓർമ്മ വിദൂരത്തിലെ സ്വന്തംപോലെ തെല്ലകലെ നിൽപ്പുണ്ട്. തൊടാനായുന്നതിൽ അർത്ഥമില്ല. പിന്നോട്ട് ഓടിമാറുന്ന തിരകളെ കൈയെത്തിപ്പിടിക്കുന്നതുപോലെ വേദനാജനകമാണത്.
നിഴൽമുഖി ജനലിനടുത്തേക്കു പറന്നുവന്നു. അവൾ അതിന്റെ തണ്ടിൽ പക്ഷിമാതിരി ഇരുന്നു. ”ഉറക്കം വരുന്നില്ലേ” എന്ന ചോദ്യചിഹ്നത്തിന്റെ രൂപത്തിലേക്ക് അവൾ വളഞ്ഞുതിരിഞ്ഞുവന്നു. ശബ്ദത്തെ പൂർണ്ണമായി ഒഴിവാക്കി ചോദ്യം ശരീരംതന്നെയായി ഉരുവപ്പെടുന്ന അത്ഭുതവിദ്യ നിഴൽമുഖിയിൽനിന്ന് പഠിക്കേണ്ടതാണ്. വർത്തമാനം അവസാനിപ്പിച്ച് ഉറക്കത്തിലേക്ക് പിൻവവാങ്ങുമ്പോൾ അവൾ ഉപയോഗശൂന്യമായ ലാബിലേക്ക് പറന്നുനീങ്ങുകയാണ് പതിവ്. അവിടെ ആർക്കെന്നറിയാതെ സൂക്ഷിക്കപ്പെട്ട നെഗറ്റീവ് ഫിലിം റോളുകൾക്കായി ഒരു പെട്ടിയുണ്ട്. വാതിലുകൾക്കിടയിൽ അകത്തു പ്രവേശിക്കാൻ നീണ്ട വിടവുള്ളൊരു തകരപ്പെട്ടി. അതിനകത്താണ് അവൾക്ക് കിടപ്പറ.
”അതുക്കുള്ളൈ യാരെല്ലാം?”9
നിഴൽമുഖി ചോദിക്കും.
നെഗറ്റീവായതുകൊണ്ടുതന്നെ അതിലുള്ളവരുടെ മുഖങ്ങളൊന്നും തിരിച്ചറിയാൻ എളുപ്പമല്ല. പണ്ടൊരുകാലം, ഈ സ്റ്റുഡിയോവിൽ ക്യാമറക്കായി ചിരിക്കുകയും. പരിഭ്രമിക്കുകയും, സങ്കോചപ്പെടുകയുമൊക്കെചെയ്ത അനവധിയായ മുഖങ്ങളാണ് അതിനകത്ത്. അതുമാത്രമോ, അതിനുമൊക്കെ മുമ്പ്, മധുരയിലെ വീടിനകത്ത് ഉറ്റവർ മുന്നിൽ നിന്നുതന്നതും! ആകാശത്തിനുതാഴെ, പ്രണാമംപോലെ മുതുകു കുനിച്ചുനിന്ന ആ പഴയവീട്. ഇടവിട്ട പുളിന്തണലുകളോടെ പരന്നുകിടക്കുന്ന ഭൂമി. കോവിൽനിഴലുകളുമായി മണ്ണിലേക്ക് മെല്ലെ ചായുന്ന സായംകാലസൂര്യൻ. പനകൾ തുറിച്ചുനിൽക്കുന്ന മേഘാകാശം…. കറുപ്പിലും വെളുപ്പിലുമായി അതത്രയും നെഗറ്റീവുകളിൽ കുടിപാർക്കുന്നു. ഒരർത്ഥത്തിൽ ഓർമ്മകളുടെ കാവാണ്, അത്. സ്വയമൊരു നെഗറ്റീവായതുകൊണ്ടാവാം, നിഴൽമുഖിക്ക് അതൊന്നും സ്വയം കണ്ടറിയാനാവാത്തത്.
മേഘത്തിന്റെ നിഴൽക്കഷ്ണമൊന്ന് ക്ഷീണചന്ദ്രനോടുരുമ്മി. അത് നരച്ച ലായനിമാതിരി വെളിച്ചത്തെ സദാ മുക്കിയൊതുക്കാൻ ശ്രമിക്കുകയാണ്. രാവിലെ മുഖദാവിൽ നേരിട്ട തലയില്ലാത്ത ശവശരീരത്തെ അറിയാതെ ഓർമ്മവന്നു. മൂർച്ച കുറഞ്ഞ ആയുധത്താൽ ബലമായി മുറിക്കപ്പെട്ട കഴുത്ത് വിരസമായി സ്വന്തം തലക്കുവേണ്ടി തറയിൽ പരതുന്നതുപോലെ.
”വേണ്ട, അതൊക്കെ ആർക്കു വേണം?”
അങ്ങനെ പറയാനാണ് തോന്നിയത്. അന്നേരം, അത് തറയിൽനിന്ന് തലയൊന്നു തപ്പിയെടുത്ത് മുന്നിലേക്ക് നീക്കിപ്പിടിച്ചു. അതെന്റെ തല!
ഇപ്പോൾ, തോന്നുന്നത് മറ്റൊരു മട്ടിലാണ്. കൈകളിലിരിക്കുന്ന ക്യാമറ സ്വന്തം തലയാണ്. അത് ശവത്തിനു നേർക്ക് നീട്ടിപ്പിടിക്കുന്നത് ഞാനാണ്.
”വേണ്ട, അതൊക്കെ ആർക്കു വേണം?”
അങ്ങനെ പറയുന്നത് തലയില്ലാത്ത ഉടലാണ്.
”എവന്തേൻ ഇന്ത പട്പാവി?”10
എസ്.5 പോലീസ് സ്‌റ്റേഷനിലെ എസ്.ഐ തെല്ലുശബ്ദത്തോടെയാണ് സംശയിച്ചത്. പിണം അയാൾക്കൊരു തലവേദനയാണ്. ആർക്കറിയാം, ഡിജിറ്റൽ കാലമല്ലായിരുന്നുവെങ്കിൽ നെഗറ്റീവ് വാഷ് ചെയ്യുമ്പോൾ ഒരുവേള, കഴുത്തിനു മുകളിലെ ആ തലകൂടി തെളിഞ്ഞുവരുമായിരുന്നു! അതല്ലെങ്കിൽ ബ്ലോ അപ്പ് ചെയ്താലെങ്കിലും. അങ്ങനെയും പലതു തെളിഞ്ഞുവരാറുണ്ടത്രെ! നെഗറ്റീവില്ലാത്ത കാഴ്ചയിൽ അത്തരം സാദ്ധ്യതകളൊന്നുമില്ല.
”തലയില്ലാത്ത ആ ഉടലിനെ പുറത്തുകൊണ്ടുവരാനാണോ നിങ്ങൾക്ക് താത്പര്യം, ഇവിടെയൊരാൾ തന്നെ വാഷ്‌ചെയ്ത് പുറത്തെടുക്കാനാവശ്യപ്പെട്ടിട്ടും അതനുസരിക്കാതെ അനങ്ങാപ്പാറപോലെ മിഴിച്ചുനിൽക്കുന്ന ആളാണ്. നിങ്ങൾക്ക് ഒരിറ്റ് സ്‌നേഹമില്ല, കാരുണ്യവും.”
നിഴൽമുഖി പറയാതെ പറഞ്ഞു. മനസ്സിന്റെ ഭാഷണങ്ങൾക്കുപോലും അവൾക്കു മുന്നിൽ മറഞ്ഞുനിൽക്കാനാവില്ല. അനുധാവനത്തിന്റെ അൽപകാലങ്ങൾക്കുള്ളിൽത്തന്നെ അവൾ എന്നെ പൂർണ്ണമായി പിടിയിട്ടുകഴിഞ്ഞിരുന്നു. എന്നാലും കാര്യമില്ലാതെ ഈ മനസ്സ് തരളമായിപ്പോകുന്നതെന്തിന്! കൗമാരകാലത്തെ ഇരവുകളിലെന്നതുപോലെ മെയ്യിൽ വിഷാദം ആനന്ദമായി പൂക്കുന്നതുമാതിരി. പെട്ടെന്നുണ്ടായതാണ്. അതുമായി അടഞ്ഞമുറികളിലിരിക്കുക ദുസ്സഹമാണെന്നുറപ്പല്ലേ, ഷർട്ടെടുത്തിട്ടു. ലുങ്കിയിൽനിന്ന് പെട്ടന്നുതന്നെ പാന്റിലേക്കു കയറി.
”എനക്ക് വരമുടിയാതേ…”11
നിഴൽമുഖി കരയുന്നതുപോലെ പറഞ്ഞു. വിഷലഹരിയും ആഹരിച്ച് ഒത്തൊരു കീടജന്മത്തേപ്പോലെ ബോധമില്ലാതെ ഞാൻ അവിടെക്കിടന്നുറങ്ങുന്നതിൽപ്പോലും അവൾക്ക് ഇത്രയേറെ എതിർപ്പുണ്ടാകില്ല. അങ്ങനെയാണെങ്കിലും എന്റെ ഉടൽ അവിടെത്തന്നെയുണ്ടല്ലോ. പഴയ ലാബിൽ, ഫിലിംറോളുകൾക്കിടയിൽ വലിഞ്ഞുകയറുമ്പോൾ അതായിരിക്കാം അവളുടെ സമാധാനം. അതുപോലും എന്റെ ഉറക്കത്തിനുശേഷംമാത്രമേ സംഭവിക്കുകപതിവുള്ളൂ. അപൂർവ്വമായി പുറത്തേക്കിറങ്ങിപ്പോകുന്ന ഇരവുകളിൽ അവളിങ്ങനെ അസ്വസ്ഥയാകാറുണ്ട്.
”നീ കൂടെ വരലാമേ.”12
പതിവിനു വിപരീതമായി ഇത്തവണ, ഞാൻ അവളേക്കൂടി പുറത്തേക്കു ക്ഷണിച്ചു.
”ഉങ്കളുക്കു താൻ നല്ലാ തെരിയുമേ, എനക്ക് വരമുടിയാത്.”
അവൾ തന്റെ പല്ലവി ആവർത്തിച്ചു.
നിഴൽമുഖി ഒരിക്കൽപ്പോലും സ്റ്റുഡിയോവിൽനിന്നു പുറത്തിറങ്ങിയിട്ടില്ല. സൂര്യചാന്ദ്രവെളിച്ചങ്ങളിൽ സ്വരൂപം അലിഞ്ഞുപോകുമെന്നായിരിക്കാം അവളുടെ ഭയം. താൻ ആരാണെന്നറിയാൻ കാത്തിരിക്കുന്ന ഒരുവൾ പക്ഷേ, വെളിച്ചത്തെ ഭയക്കുന്നതെന്തിന്? അഥവാ, സ്വരൂപദർശനം കിട്ടുകയാണെങ്കിൽത്തന്നെ തുടർന്ന്, അവളെന്താണ് ചെയ്യാൻപോകുന്നത്? സ്റ്റുഡിയോവിന്റെ ഉപേക്ഷിക്കപ്പെട്ട ലാബിൽ, ഫിലിം നെഗറ്റീവിന്റെ ആലയത്തിൽത്തന്നെ തുടരുമോ?
തിരിഞ്ഞുനോക്കാതെ ഞാൻ നിരത്തിലേക്ക് ഇറങ്ങി, കുത്തനെ കിഴക്കോട്ടുവെച്ചുപിടിച്ചു. അവളില്ലാത്ത ഇരവുസവാരി എനിക്കേതായാലും പുത്തിരിയൊന്നുമല്ല. കൈവശം കരുതിയ കീടം അടിച്ചും ബോധംപോകാത്ത അസുലഭസന്ദർഭങ്ങളിലെങ്കിലും അതു പതിവുള്ളതാണ്. മുൻപിൻ ചലിക്കുന്ന കാലടികളിൽക്കയറി ഉടലങ്ങനെ ദീർഘചതുരനിരത്തിനെ നക്കിയെടുക്കുമ്പോൾ നിഴൽമുഖിയുടെ ഇല്ലാത്ത നിശ്വാസം വേവലാതിയുടെ അരലയെന്നോണം പിൻതുടരുന്നതായി തോന്നാറുണ്ട്, അതൊന്നും വകവെക്കാറില്ലെങ്കിലും.
പഴംകാലആൽബങ്ങളുടെ അകത്താളുകൾപോലെ കറുത്തിട്ടാണ് ആകാശം. അങ്ങിങ്ങായി നക്ഷത്രങ്ങൾ മുളച്ചുതുടങ്ങിയിരിക്കുന്നു. ഇടയ്ക്കിടെ കണ്ണടക്കുന്ന ദുർബലമായ ചില ഫ്‌ളാഷ്‌ലൈറ്റുകളേമാതിരിയാണ് അവ സദാ പെരുമാറുന്നത്. നഗരത്തിന്റെ പിന്നാംപുറപാതകളിലേക്ക് യാത്രയങ്ങ് മാറ്റിപ്പിടിച്ചു. അതിലൂടെയാകുമ്പോൾ ഭൂബന്ധങ്ങളൊന്നുമേശാതെ ചുമ്മാ നടക്കാം. ഒറ്റപ്പെട്ട വാഹനങ്ങളെ കണ്ണുകളിലേക്കു കയറ്റാതെ അങ്ങനെത്തന്നെ നിരത്തിൽ ഉപേക്ഷിക്കാം.
പാട്ടി മരിച്ചപ്പോഴാണ് അവസാനമായി ഊരിലൊന്നു തലകാണിച്ചത്. മാസങ്ങൾക്കു മുമ്പ്. അതുപോലും പള്ളിക്കൂടച്ചങ്ങാതി ഷൺമുഖമാണ് ഫോൺചെയ്തറിയിച്ചത്. വീട്ടിൽനിന്നും ആരറിയിക്കാനാണ്, പോയത് അവസാനത്തെ ആസ്പദമാണ്. ബാക്കിയുള്ളവരൊക്കെ അതിനു മുമ്പുതന്നെ പോയ്ക്കഴിഞ്ഞിരുന്നുവല്ലോ. ഉദകക്രിയകൾക്കുശേഷം, ഒഴുകാത്ത ഓടപോലെ നഗരത്തിലേക്കു മടങ്ങുമ്പോൾ ബസ്സ്‌നിലയത്തിലേക്ക് കൂട്ടിനു വന്നതും ഷൺമുഖംതന്നെ.
”ഇന്നയിലിരുന്ത് ഉൻ വീട് ചുടുകാടു മാതിരി.”13
എന്നന്നേക്കുമായി അവിടെ താഴ് വീണുകഴിഞ്ഞുവല്ലോ. ശ്മശാനമെന്നു ഷൺമുഖം വിശേഷിപ്പിച്ചത് അങ്ങോട്ടിനി ഊർക്കാർ ആരും കടന്നുചെല്ലാൻ ധൈര്യം കാണിക്കില്ലെന്നു വ്യക്തമാക്കാൻവ്ണ്ടിയായിരിക്കണം. പാട്ടി വെള്ളം കിട്ടാതെ ചത്തുവെന്നാണ് അവൻ വെളിപ്പെടുത്തിയത്.
”അത് ഉൻ തപ്പ്താൻ.”14
വായിക്കാത്ത എത്ര കത്തുകൾ. ”പാട്ടിക്ക് തീരെ വയ്യ, നീ എത്രയും വേഗം വരണം.” ഷൺമുഖത്തിന്റ കൈവശം അക്കാലം, എന്റെ ഫോൺനമ്പരുപോലുമില്ല. സ്വയം കൊണ്ടുനടക്കാൻകഴിയാത്ത കാലത്തുപോലും പാട്ടിക്ക് എന്നെ ബുദ്ധിമുട്ടിക്കണമെന്നില്ലായിരുന്നത്രെ.
”എൻ പേരനെ തൊന്തരവു പണ്ണാതെ, ഷൺമുഖം. എൻ കടസിനാൾ വര്‌മ്പോത് എന്ത തകവൽ ഇല്ലേന്നാലും അവൻ താനാ വരുവാൻ ഡാ. അവൻ എൻ പേരൻ.”15
പാട്ടി പറയുമായിരുന്നു. അവസാനത്തെ ഒരു ചൊട്ടു വെള്ളം എടുത്തുകൊടുക്കാൻ പേരക്കുട്ടി മടങ്ങിയെത്തിയില്ല. അവസാനദാഹത്തിന്റെ പരിസരത്ത് പാട്ടി ഒറ്റയ്ക്കായി… എന്നോ മാറ്റിനിർത്തിയതൊന്നാകെ ഇപ്പോൾ, ഓടിയടുക്കുകയാണ്. അത്തരം മുഹൂർത്തങ്ങളെ എങ്ങനെയൊക്കെ വ്യാഖ്യാനിക്കാൻ ശ്രമിച്ചെന്നാലും വേദനാജനകംതന്നെ.
യാത്രക്കാർ കയറാൻ ബാക്കിയുള്ളതുകൊണ്ട് നിലയത്തിൽ ബസ്സ് കുറേ നേരം കിടന്നു. കൂർത്തചില്ലുപോലെ ചെരിഞ്ഞുവീഴുന്ന വെയിലിന് ഉടൽ വിട്ടുകൊടുത്ത് ഇളകാതിരിക്കുമ്പോൾ അപ്പുറത്തേക്കു മാറിയിരുന്നുകൂടേയെന്ന് ഷൺമുഖം കുറ്റപ്പെടുത്തി.
”ഉനക്കാകെമട്ടും വാൻതൂറൽ* ഇറങ്കിവരാത്, ഡാ. അപ്പടി നിനയ്ക്കാതെ.”16
തീ തിന്നാനിറങ്ങിവന്ന പരുന്ത് കുളത്തിന്റെ പരിസരത്തേക്ക് പറക്കാറില്ലല്ലോ.
”വീട്ട്‌സെവരിലിര്ന്ത് നീ തായ്തന്തൈ ഫോട്ടോകൂടെ എട്ക്കലെ, ഏൻഡാ?”17
ഷൺമുഖം ചോദിച്ചു.
വടിച്ചതലയോടെ സ്റ്റുഡിയോവിൽ വന്നുകയറുമ്പോൾ ചുമലിൽ ചെറുതായൊരു ഭാരമുണ്ടെന്നു തോന്നി. വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾത്തന്നെ ശ്രദ്ധിച്ചതാണ്, എന്തോ ചുമലിലുണ്ട്. ശ്വസിക്കാത്തൊരു വേതാളത്തെ ചുമലിൽ തൂക്കിനടക്കുന്ന വിക്രാമാദിത്യൻ! വാതിൽ തുറന്ന് അകത്തേക്കു കടന്നതും കരച്ചിൽ ഒന്നാകെ ഓടിയെത്തി. ആർക്കും വേണ്ടാത്തൊരു പുഴപോലെ തലയിണയെ നനച്ചുകൊണ്ട് കിടക്കയുടെ മരുഭൂമിയിൽ സ്വയം വറ്റിത്തീർന്നു.
”അഴാതീങ്ക.”18
അന്നാണ്, ചുമലിൽനിന്ന് നിഴൽമുഖിയുടെ ആദ്യത്തെ ശബ്ദം കേൾക്കുന്നത്.
”യാരത്?”19
വിജനതയുടെ സമീപപരിസരത്തേക്ക് ഞാൻ പരിഭ്രമത്തോടെ ചോദ്യമെറിഞ്ഞു.
”നാൻ താൻ. ആനാൽ അത് യാര്ന്ന് എനക്ക് സുത്തമാ തെരിയാത്.”20
അങ്ങനെയായിരുന്നു തുടക്കം. ഒറ്റയ്ക്കുതന്നെ സഹിക്കാനാകാത്ത ഒരു ജീവിതത്തിലേക്ക് നിഴലിന്റെ ഭാരവുമായി ഒരാൾ വരുന്നതുപോലും അസഹനീയം. ഒട്ടും മാറാതെ അവൾ അവിടെത്തന്നെ തുടർന്നു. സ്വന്തം ചിട്ടകൾക്കൊന്നും തടസ്സമല്ലെന്നു കണ്ടതോടെ അവളെ തുടരാൻ അനുവദിക്കാമെന്ന് എനിക്കങ്ങു തോന്നുകയുംചെയ്തു. അപകടമരണങ്ങളുടെ ഇരകളെ പോലീസിനുവേണ്ടി പടമാക്കുകയാണല്ലോ എന്റെ പണി. ഒരർത്ഥത്തിൽ ചുടലപ്പണിക്കാരേപ്പോലെ ഒരു ചാവുക്കിറാക്കി.* രണ്ടുമൂന്നു സ്റ്റേഷനുകളിൽ കുറ്റിപ്പാടുള്ളതുകൊണ്ട് പണിക്ക് പഞ്ഞമില്ല. പക്ഷേ, ജപ്പാനിൽ ജനിച്ച ക്യാമറക്കുപോലും ഇപ്പോൾ, സ്ഥിരമായി ശവവാസനയാണെന്നുമാത്രം. ജീവനുള്ളവരെ കാണുമ്പോൾ ലെൻസുകൾ അപരിചിതരെ കണ്ടുമുട്ടിയതിന്റെ ഞെട്ടലോടെ പിൻവാങ്ങുന്നു. രാവിലെ ഒൻപതുമണിക്ക് എസ്.5 സ്റ്റേഷനിലെത്തുന്നോടെ തുടങ്ങുകയും, രാത്രി ‘കീട’മടിച്ച് തല മലർന്ന് കുടിപൂകുന്നതോടെ അവസാനിക്കുന്നതുമായ തീർത്തും വിലകെട്ടജീവിതമാണ് എന്റേത്. കടവുൾപ്രസാദമില്ലാത്ത ഒന്ന്. വിഭൂതിയെന്നത് എരിഞ്ഞുതീർന്ന ഉടലിന്റെ ചാരംമാത്രമാണെനിക്ക്.
രാവിലെ പുറത്തേക്കിറങ്ങുമ്പോൾ നിഴൽമുഖി വഴിക്കൂട്ടാനായി വാതിലിനരികിൽ വന്നുനിൽക്കും. പുറമെനിന്ന് അതടയുമ്പോൾ സ്ഥാനം ചില്ലുജനലിലേക്ക് മാറ്റിപ്പിടിക്കും. തിരിഞ്ഞുനോക്കിയാൽ പൊടിപിടിച്ച ജനൽച്ചില്ലിൽ നിഴൽമുഖിയുടെ വഴിക്കണ്ണ്. അതിന് ആർ തിരിഞ്ഞുനോക്കുന്നു. ഗോവണിയിറങ്ങി താഴെയെത്തിയാലുടൻ ശരംപോലെ ഒറ്റനടത്തയായിരിക്കും. രാത്രി വൈകി മടങ്ങിവരുമ്പോൾ കൃത്യമായി ചില്ലിൽ അവളുടെ മുഖം കാണാം. ബാറിലെ ‘കീട’ത്തിനുപുറത്ത് ഭക്ഷണം കഴിച്ചിട്ടാണ് വരുന്നതെങ്കിൽ കിടക്കയിൽ അവൾ കാത്തിരിക്കും. പാന്റു മാറ്റി ലുങ്കിയിലേക്കു കയറിയാൽ കോസടിയിൽനിന്ന് സംസാരം തുടങ്ങും. അത് ഉറങ്ങുവേളം തുടരുന്നുണ്ടാവാം, പാതിബോധത്തിൽ കേൾവിക്കാരൻ അതൊന്നും ശ്രദ്ധിക്കാറില്ല.
”നാൻ യാര്, കൊഞ്ചം അറിഞ്ച് സൊല്ലമുടിയുമാ?”21
ഒരു ദിവസം, പുറത്തിറങ്ങാനൊരുങ്ങുമ്പോൾ ഒറ്റശ്വാസത്തിൽ അവളങ്ങു ചോദിച്ചു. യാതൊന്നും മുതലാക്കുന്നില്ലെങ്കിലും മറ്റൊരാളുടെ പരിസരത്ത് അർത്ഥമില്ലാതെ തുടരുന്നതിൽ അവൾക്ക് മടുപ്പുതോന്നിയിരിക്കാം. പിന്നീട്, പലതവണ അവൾ അതേ ചോദ്യം ചോദിച്ചിട്ടുണ്ട്. എനിക്ക് മറുപടിയില്ലാതാകുന്നതിന്റെ ലക്ഷണമാണല്ലോ അത്.
”അതെല്ലാം യോസിക്ക എനക്ക് നേരമില്ലൈ. നീ കൊഞ്ചം സുമ്മാ പട്ത്ത് തൂങ്കിറിയാ?”22
അവൾ പഴയലാബിലേക്ക് മെല്ലെ പറന്നുനീങ്ങും. നെഗറ്റീവ് ഫിലിമിന്റെ ചുരുളുകൾക്കിടയിലേക്ക് തലപൂഴ്ത്തും. അവൾക്ക് ഉറക്കമില്ലെന്നു തോന്നുന്നു. ഇരവുപകലുകൾക്ക് ഭേദമില്ലാത്ത പാവങ്ങളാണ് ശരിക്കും നിഴൽമുഖികൾ.
നടന്നുനടന്ന്, ഫ്‌ളൈ ഓവറിനരികിലെത്തി. തീരെ ശരിയല്ലാത്തൊരു വെളിച്ചംമാത്രമേ അവിടെയുള്ളൂ. ചെറിയൊരു മൽപ്പിടുത്തത്തിന്റെ ശബ്ദം കേട്ടു. തൂണുകളുടെ നിഴലിനകത്ത് ഒരു വാഹനം നിൽക്കുന്നതു കാണുന്നുണ്ട്. രണ്ടോ മൂന്നോപോർ ആരേയോ വലിച്ചിഴക്കുകയാണ്. പൊടുന്നനെ രൂപംകൊണ്ട സംഭവമായിരിക്കണം, ഇവിടെ കണ്ണടച്ചുതുറക്കുന്ന നേരത്തിനകത്ത് നടക്കാൻപാടില്ലാത്തതെല്ലാം നടന്നുകഴിഞ്ഞിരിക്കും. പെട്ടെന്ന്, ഒരു പെണ്ണിന്റെ അമർത്തപ്പെട്ട നിലവിളി എങ്ങനെയോ ഉയർന്നുവന്നു.
”അണ്ണാ…”
അവൾ എന്നെ കണ്ടിട്ടുണ്ടാവണം. സാധാരണഗതിയിൽ ആരും അത്തരം സന്ദർഭങ്ങളിലേക്ക് തലവെച്ചുകൊടുക്കില്ല. ചിലപ്പോൾ എല്ലാം അവരുടെ നാടകമാവാനുംമതി. അങ്ങോട്ട് താനറിയാതെ കയറിച്ചെല്ലുന്നവൻ ലളിതമായി ഇരയാകും. ഇത് അത്തരത്തിലാണെന്നു പക്ഷേ, കണ്ടിട്ടു തോന്നിയില്ല. പെണ്ണിന്റേതായിരിക്കാം, ഒരു ടൂ വീലർ തൊട്ടരികിൽ മറഞ്ഞുകിടക്കുന്നുണ്ട്. അടുത്ത അരമിനിറ്റിനകം പെണ്ണിനെ അവർ തങ്ങളുടെ വാഹനത്തിലേക്ക് വലിച്ചുകയറ്റുമെന്നുറപ്പ്. അതോടെ ഒരു ജീവിതം അവിടെ തീരും, ഒരുവേള അവളെ ആശ്രയിച്ചുകഴിയുന്ന പല ജീവിതങ്ങൾ ഒന്നടങ്കം. പതിവായി എന്റെ വായിൽ അന്നമിട്ടുതരുന്നത് ഇത്തരം ഇരകളുടെ ശവശരീരങ്ങളാണ്. ആർക്കറിയാം, നാളെ ഇവളുടെ ശരീരംതന്നെയായിരിക്കും എന്റെ ശ്രേണിയിൽ ഒന്നാമത്തേതാകാൻപോകുന്നത്.
നടന്നുനടന്ന് അവരുമായി വല്ലാതെ അടുത്തുപോയത് തീരെ അറിഞ്ഞില്ല.
”ഡേയ്, ബേമാനീ, പോയ്‌ന്നേയിര്. നിക്കാതെ…”23
അവർ വിരട്ടി. എന്നിട്ടും, പിൻവാങ്ങാനല്ല തോന്നിയത്. അതിനിടയിൽ ഓർക്കാപ്പുറത്താണ് അതിലൊരുവൻ മുന്നോട്ട് ഓടിയടുത്തത്. ആദ്യത്തെ ഇടി വയറ്റിൽ വന്നുവീണു. ഇരുമ്പ് വന്നു കയറിയതുപോലെ. കത്തി തലതിരിച്ച്, അതിന്റെ പിടികൊണ്ട് കുത്തിയതാണ്. കൊല്ലണമെന്നില്ലായിരിക്കാം. ചുമയും ഛർദ്ദിയും ഒരുമിച്ചാണ് പുറത്തുചാടിയത്. അതും പിന്നിൽനിന്ന് ചവിട്ടേറ്റു മുഖമടിച്ചുവീഴുന്നതിനു തൊട്ടുമുമ്പ്. അതിനിടയിൽ പെണ്ണിനെ അവർ പുഷ്പംപോലെ വാഹനത്തിലേക്ക് പൊക്കി. എന്നെ കുത്തിയവനാണ് അതിലേക്ക് അവസാനം കയറിയത്.
”മാമേയ്, പസങ്കകിട്ടെ വെളയാടർത്ക്ക് തുണിച്ചിൽ മട്ടും ഇര്ന്താ പോതാത്, ഡോയ്.”24
എങ്ങനെയോ കൊടുംകുത്തിയെഴുന്നേറ്റു. ഗുണമില്ലെന്നറിഞ്ഞിട്ടും എസ്.5 സ്റ്റേഷനിലെ പരിചിതനായ പോലീസുകാരന് സംഭവം ഫോണെടുത്ത് വിളിച്ചറിയിച്ചു. തിരികെനടക്കുമ്പോൾ തലയുയർത്താൻകഴിഞ്ഞില്ല. പിറ്റേന്നത്തെ പ്രഭാതത്തിൽ ഉൾക്കടലിൽനിന്ന് അവൾ പൊങ്ങിവരുമായിരിക്കും. കണ്ണീരിൽ കിടന്നുറങ്ങുന്ന കന്യക, ഉപ്പിലിട്ട മാങ്ങപോലെ. മണലിൽ കിടന്നുകൊണ്ട് അവൾ വെള്ളംകിട്ടാതെ മരിച്ച പാട്ടിയേപ്പോലെ പറയും.
”ആമ്പളയാ വാഴ മുടിയാത്ന്നാ നാക്ക് പുട്ങ്കി സെത്ത് പോ.”25
”അച്ചച്ചോ, രത്തം!”26
തിരികെയെത്തിയതും നിഴൽമുഖി നിലവിളിച്ചു.
”പാട്ടീ…”
ഞാൻ കരഞ്ഞു.
”അഴാതീങ്ക…”27
നിഴൽമുഖി എന്റെ മുഖത്ത് ഇല്ലാക്കൈകൾകൊണ്ട് തടവി. അതുകൊണ്ടൊന്നും ചുണ്ടിൽനിന്ന് കിനിയുന്ന ചോരപ്പാടിനൊരു ശമനമുണ്ടായില്ല. രൂപാരൂപവടിവുകൾക്കകത്ത്, സത്താമധ്യത്തിലായി, പൂർണ്ണശക്തിയുടെ ഒറ്റബിന്ദുവായി നിറഞ്ഞിരിക്കുന്ന എന്തോ അന്നേരം, ഞാൻ കൺപാർത്തു.
”നിഴൽമുഖീ, നീ യാര്ന്ന് ഉനക്ക് തെരിയവേണ്ടാമാ കണ്ണേ?”28
പിറ്റേന്ന്, ആദ്യത്തെ ചോദ്യം അതായിരുന്നു.
”നീങ്ക നല്ലാ ഇര്ന്താ അതുവേ പോതും.”29
നിഴൽമുഖി കളം മാറി. തീർച്ചയായും അതെനിക്കുവേണ്ടിയാകുമല്ലോ. അടുത്തക്ഷണം അവളെന്നെ അകത്തേക്കു വിളിച്ചു. മുന്നിൽ പറന്നുകൊണ്ട് ഗതികിട്ടാത്ത ആത്മാക്കളേപ്പോലിരിക്കുന്ന ഫിലിം നെഗറ്റീവുകളിലേക്ക് ചൂണ്ടിക്കാണിച്ചു.
”അവങ്കളുക്കാവത് ഉയിർ കുട്‌ങ്കെ.”30
കോലമിട്ട വാസപ്പടി ഒന്നാകെ എഴുന്നേറ്റുവന്ന് മുഖത്ത് ഓങ്ങിയടിച്ചതുപോലെ. അടുക്കളയിലേക്ക് ഗുരുതി കലക്കിയതുപോലെ തെറിച്ചുവീഴുന്ന ചോര. ”മാമാ” എന്നൊരു നിലവിളി. ”നിഴൽമുഖീ, തല കൊട്ടപ്പാലം ചുറ്റുന്നു.” അവൾ ഇല്ലാക്കൈകൾകൊണ്ട് മുഖത്തുഴിഞ്ഞു. ഇത്തവണ നല്ല സുഖം തോന്നി. ഒന്നും എവിടെയും കൊള്ളുന്നില്ലെന്ന് പറയാനാകില്ല. നെഗറ്റീവുകൾക്ക് രൂപവടിവം അനുവദിക്കാം, നിനക്കുവേണ്ടി. പക്ഷേ, നിഴൽമുഖീ, നീകൂടി അതിനകത്തു കയറിയിരിക്കൂ.
”രൂപം കെടച്ച അട്ത്തനിമിഷമേ ഉനക്ക് ഇങ്കിര്ന്ത് വിട്തൽ കിടൈക്കും.”31
പ്രോത്സാഹിപ്പിച്ചു.
”ഇതെല്ലാം എനക്കാകെ ഇല്ലൈ, ഉങ്കളുക്കാകെ… ജ്ഞാപകമേ സരിയാന കുടുംബം, നിനൈവുതാൻ നെജമാന വാഴ്‌ക്കൈ.”32
അവൾ പറഞ്ഞു.
അവളുടെ അവസ്ഥയും ആ ഫിലിംചുരുളുകളിൽനിന്ന് വ്യത്യസ്തമല്ലല്ലോ. അവയത്രയും നിഴലിൽനിന്ന് നിജത്തിലേക്ക് ഉരുവംകൊള്ളുമ്പോൾ അതിനൊപ്പം അവൾക്കും ചിലത് സംഭവിച്ചുകൂടേ?
”അത്ക്കുള്ളെ നീ ഏറി ഉക്കാന്താൽ മട്ടുംതാൻ അവങ്കളുക്ക് വിടുതൽ.”33
”വിടുതൽ ഉങ്കളുക്കുതാനേ?”34
അങ്ങനെ അവളുടെ വാക്കുകളെ അനുസരിച്ച്, ഓർമ്മകളിലേക്ക് ജീവിതത്തെ പരിഷ്‌കരിക്കാൻവേണ്ടിയാണ് കൊഡാക്കിന്റെ ലാബിലേക്ക് കയറിച്ചെന്നത്. എന്റെ വാക്കുകളെ അനുസരിക്കാൻ തയ്യാറായ അവളും അതിനകത്തു കയറിയിരുന്നു.
അന്ന്, രാവിലെത്തന്നെ ക്യാമറക്കു മുന്നിലേക്ക് കയറിക്കിടന്ന ശവശരീരം ഊഹിച്ചതുപോലെ തലേന്ന് വണ്ടിയിൽക്കയറിപ്പോയ പെണ്ണായിരുന്നു. കുറ്റബോധംകാരണമാവാം, പരിചിതനായ പോലീസുകാരൻ മുഖത്തേക്കുനോക്കാതെ മാറിക്കളിച്ചു. കമിഴ്ന്നുകിടക്കുന്ന മെറീനയുടെ മുതുകിൽനിന്നാണ് അവൾ പൊങ്ങിവന്നത്. കടലിന്റെ നടുവിലെവിടെയെങ്കിലുംവെച്ച് ബോട്ടുകളിലൊന്നിൽ അവൾക്ക് തന്റെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാവണം. പിശാചുപിടിച്ചവരുടെ തുടബലത്തിനു താഴെവെച്ച്. നിരന്തരമർദ്ദനത്തിനുശേഷം. മരിച്ചുകിടക്കുകയാണെന്നല്ല തോന്നുക. ആഴത്തിലേക്കു പിടിച്ചമർത്തുന്നതിനെതിരെ ദയനീയമാംവിധം ബലംപിടിക്കുന്നതിന്റെ ഭാവമായിരുന്നു മുഖം നിറയെ. മറ്റൊരു ശവശരീരവും കിട്ടാതെ അന്നത്തെ ദിവസമങ്ങ് വൈകുന്നേരംനോക്കി നടകൊണ്ടു.
നെഗറ്റീവിൽ വടിവസ്വത്വമില്ലാതെ ചിരിച്ചും, ഒരുപക്ഷേ, കരഞ്ഞും കഴിഞ്ഞിരുന്ന നിഴൽരൂപങ്ങൾക്ക് പൂർണ്ണവടിവം അനുവദിക്കപ്പെടുന്നതിനുകാത്ത് കൊഡാക്കിന്റെ കാത്തിരിപ്പുമുറിയിൽ ഞാനങ്ങനെ തല കുമ്പിട്ടിരുന്നു. വയറ്റിലൊരു ചാപിള്ളയേയും വഹിച്ച് സ്വന്തം ചോരയിലൊഴുകിപ്പോയൊരു കുടുംബജീവിതം ആ ചുരുളുകൾക്കകത്തുണ്ട്. തീരാസങ്കടം വടിവുചോർത്തിയ ജീവിതംകൊണ്ട് വേഗം തേഞ്ഞുതീന്നുപോയ ഒരമ്മയും, തീരാസാക്ഷിയായി മിച്ചംജീവിതം ഓർമ്മയിൽ ഹോമിച്ചുതീർത്ത ഒരച്ഛനും, വരാത്ത പേരനുവേണ്ടി വിശ്വാസംകൊണ്ടു വ്രണപ്പെടാൻമാത്രം വിധിക്കപ്പെട്ട പാട്ടിയും അതിനകത്തുണ്ട്. എല്ലാവരും സ്വന്തവടിവംപൂണ്ട് പുറത്തിറങ്ങുമ്പോൾ ജീവിതപ്പെരുവഴിയിൽ തീർന്നുകഴിഞ്ഞ വാഴ്‌വിന് രണ്ടാമൂഴം…
ഫിലിംറോളുകളും പടങ്ങളുമെല്ലാം കൈവശം വന്നുചേരുമ്പോഴും എന്റെ തല ഉയർന്നില്ല. അതിനകത്തേക്ക് ജീവിതംകൊണ്ട് ഒറ്റക്ക് കയറിച്ചെല്ലാനുള്ള ധൈര്യംവരുന്നില്ല. പൊതി തുറക്കാതെ പക്ഷേ, നിഴൽമുഖിയെ കാണാനുമാവില്ല. അവൾക്ക് രൂപംകിട്ടുന്നതിൽപ്പരം ആശ്വാസം മറ്റൊന്നില്ലെന്നു തോന്നിയിരുന്നെങ്കിലും കാര്യത്തോടടുത്തപ്പോൾ പിടിതരാത്ത വിമ്മിട്ടം. പനിക്കാരന്റെ ശരീരതാപവുമായി സ്റ്റുഡിയോവിലേക്ക്. മുറി തുറക്കുന്നതിനു മുമ്പ്, ജാലകച്ചില്ലിൽ അവളുണ്ടോ എന്നു നോക്കിയത് വെറുതെയായി. കൊഡാക്കിന്റെ പൊതിക്കകത്തിരിപ്പായിരിക്കുമെന്നും വിചാരിച്ച് ആശ്വാസംകൊള്ളുകയല്ലാതെ മറ്റെന്തു വഴി!
ബാഗിനകത്തിരിക്കുന്ന കുപ്പി പുറത്തെടുത്ത് കീടത്തെ അകത്താക്കാനുള്ള ത്വര ഒട്ടും പുറത്തുചാടിയില്ല. തറയിൽ പടങ്ങളുടെ പൊതിയെടുത്തുവെച്ചു. അകത്തുനിന്ന് നിഴൽമുഖിയുടെ വരവിന് കൺപാർത്തുകൊണ്ട് ചുമ്മാതിരുന്നു. പ്ലാസ്റ്റർ അടർന്നുപോയ തറയിൽ പല പുതിയരൂപങ്ങളും ഉയിർത്തുവരുന്നുണ്ടോ? പിശാചിന്റെ തുടബലത്തിൽ അമർന്നുപോകുന്നതുപോലെ അവയത്രയും മറ്റൊരു വടിവത്തിലേക്ക് പരന്നുമാറുന്നതുമാതിരിയാണ് സദാ പെരുമാറുന്നത്. പെട്ടെന്ന്, താനറിയാതെ കുടിക്കാനായി ചിറി മോഹിച്ചു. അതിനവസരംകൊടുക്കാതിരിക്കാൻ കൊഡാക്കിന്റെ പൊതി ഒട്ടും സമയംകളയാതെ തുറന്നു.
എന്നോ ചുരുണ്ടുതീർന്ന കാലം വിരിഞ്ഞിറങ്ങുകയാണ്… ഊർപ്പനകളുടെ ഉഷ്ണിച്ചനിഴലിൽ പതുങ്ങിനിൽക്കുന്ന വീട്. അതിനുമുന്നിൽ കാളയുമായിനിൽക്കുന്ന അപ്പാവ്, അതായിരുന്നു പുറത്തുവന്ന ആദ്യത്തെ പടം. മാട്ടുപ്പൊങ്കലായിരിക്കണം, കാളക്ക് കൊമ്പിൽ വർണ്ണക്കോലങ്ങൾതന്നെ വരച്ചുകിട്ടിയിരിക്കുന്നു. അമ്മ പനന്തണലിൽ ചക്കര തല്ലിപ്പൊട്ടിക്കുകയാണ്. പാട്ടി പല്ലില്ലാത്ത മോണ കാണിച്ച് ക്യാമറക്കുനേരെ ചിരിക്കുന്നു. അടുത്തപടത്തിൽ ഷൺമുഖം കൗമാരത്തിൽ അമർന്നുനിന്നുകൊണ്ട് വെളുക്കെ ചിരിക്കുന്നു. പട്ടണത്തിലെ കോളേജിൽനിന്ന് അവധിക്കുവന്നപ്പോൾ കൂട്ടുകാരിലൊരാളിൽനിന്ന് കടംവാങ്ങിയ ക്യാമറയിൽ എടുത്തതാണ്. പടങ്ങൾ പിന്നെയും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരുന്നു. കോടമ്പാക്കത്തെ ചാളകൾക്കു മുന്നിലൂടെ നടക്കുന്ന ആ ചെറുപ്പക്കാരൻ ഞാനായിരിക്കണം. അഥവാ, എന്റെ മോഹം. മരിച്ചുപോയ കൂട്ടുകാരിൽ ചിലരാണ് ഒപ്പം. മുറപ്പെണ്ണ് കോകിലയുടെ ‘വയസ്സുക്കുവന്ന’തിന്റെ ആഘോഷം. കോകിലയുടെ നാണം എന്റെ നേർക്കുമാത്രമായി നീണ്ടുവന്നത് നന്നായി ഓർമ്മയുണ്ട്. പക്ഷേ, പടത്തിൽ അവളേ കാണാനില്ല! പകരം അവളുടെ സ്ഥാനത്ത് വെളുത്തൊരു പഴുത്! മറ്റൊരുപടത്തിൽ മീശ കനത്ത്, ഉടൽ കനത്ത്, മുടി പിന്നോട്ട് വളർത്തിയ യുവാവായി എന്നെ കാണാനുണ്ട്. കല്യാണനിശ്ചയമാണ്. തൊട്ടുചേർന്ന് നാണത്തിന് നീളം കുറഞ്ഞ കോകിലയെ കാണേണ്ടതാണ്, പക്ഷേ, അവിടെയും വെള്ളപ്പഴുത്! അടുത്തത് കല്യാണഫോട്ടോവായിരുന്നു. അതിലും ഞാൻമാത്രം. ഉടമസ്തതയുടെ ഛായയുള്ള ചിരിയോടെ കോകിലയെ തോളോതുതോൾചേർന്ന് കാണേണ്ടതാണ് പക്ഷേ, ഇല്ല. അടുത്ത പടം അവൾക്ക് നിറവയറുള്ളപ്പോൾ എടുത്തതാണ്. മുഖത്ത് കുട്ടിയുടെ സുഖഭാരത്തിന്റെ ക്ഷീണവും അതിന്റെ പ്രത്യേകമായ ചിരിയുമായി അവൾ നിന്നതിന്റെ ഓർമ്മ പരുക്കില്ലാതെ മടങ്ങിയെത്തി, പടത്തിൽ അവളില്ല. അവിടെയും പഴുതുമാത്രം. അതിനടുത്ത കുടുംബഫോട്ടോവിലും കോകിലയെമാത്രം കാണാനില്ല! മറ്റെല്ലാവരുമുണ്ട്. അവൾ നിലകൊണ്ട ഇടതോരത്ത് വെള്ളനിറത്തിലൊരു പഴുത്! തിടുക്കത്തിൽ അടുത്ത പടം നോക്കി. ആരുമില്ലാത്ത വയൽ നിർത്താതെ വെയിലുകൊള്ളുന്നു. പനന്തണലിൽ വെളുത്തൊരു പഴുതു കാണാം. പാട്ടിമാത്രമുള്ള വാസപ്പടി. അവിടെയും കാണാം ആ പഴുത്. അവൾ എവിടെയുമില്ല.
മുഴുവൻ പടങ്ങളും വെളിയിലെത്തി കൊഡാക്കിന്റെ പൊതി ഒഴിഞ്ഞു. അതിനകത്തെവിടെയും നിഴൽമുഖി ഉണ്ടായിരുന്നില്ല. ”മാമാ” എന്നൊരു വിളി കേട്ടതായി തോന്നിയെങ്കിലും അവിടെ അന്നേരം, നിഴൽമുഖിയുണ്ടായിരുന്നില്ല. തിരിച്ചെത്തിച്ച നിറവിൽ പഴുതുചേർത്തുവെച്ചുകൊണ്ട് അങ്ങനെ ഒരിക്കൽക്കൂടി അവൾ കടന്നുമറഞ്ഞിരിക്കുന്നു.
1 പകൽ എങ്ങനെയുണ്ടായിരുന്നു?
2 ഇന്നു കിട്ടിയത് തലയില്ലാത്ത ഒരു ശവശരീരത്തെയാണ്.
3 അതാരുടെ ശവശരീരമായിരുന്നു?
4 ആർക്കറിയാം, പോലീസുകാർപോലും തീർത്തും നിസ്സഹായരായിരുന്നു.
5 ആ ശവശരീരത്തിനും എന്റെ ഗതിതതന്നെയാണോ?
6 ഞാനൊന്നു ചോദിച്ചോട്ടേ?
7 നീ ആരാണ്, ആ ചോദ്യംമാത്രം വേണ്ട.
8 എന്തിനാണ് ദിവസവും ഇങ്ങനെ കുടിക്കുന്നത്?
9 അതിൽ ആരൊക്കെയാണുള്ളത്?
10 ആരാണ് ആ മഹാപാപി?
11 എനിക്ക് വരാൻ കഴിയില്ല.
12 നിനക്കും വരാമല്ലോ.
13 ഇന്നുമുതൽ നിന്റെ വീടൊരു ശ്മശാനമാണ്.
14 അത് നിന്റെ തെറ്റാണ്.
15 എന്റെ പേരക്കുട്ടിയെ ശല്യംചെയ്യരുത്, ഷൺമുഖം. അവസാനനാളിൽ അവൻ വരും.
16 നിനക്കുമാത്രമായി മഴച്ചാറൽ ഇറങ്ങിവരില്ല. അങ്ങനെ വാചാരിക്കാതെ.
17 വീട്ടുചുമരിൽനിന്ന് നീ നിന്റെ അമ്മയുടേയും അച്ഛന്റേയും ഫോട്ടോകൾപോലും എടുക്കില്ല, എന്താണ്?
18 കരയരുതേ.
19 ആരാണത്?
20 അത് ഞാൻതന്നെ, പക്ഷേ, അതാരെന്ന് എനിക്കറിയില്ല.
21 ഞാനാരാണ്, ദയവുചെയ്ത് അതൊന്ന് അറിഞ്ഞതിനുശേഷം പറഞ്ഞുതരാമോ?
22 അതൊന്നും ആലോചിക്കാൻ എനിക്ക് സമയമില്ല. നീ കിടന്നുറങ്ങാൻനോക്ക്.
23 നിൽക്കാതെ പോ.
24 പയ്യൻമാരോട് മുട്ടാൻ ധൈര്യംമാത്രം പോരാ.
25 പുരുഷനായി ജീവിക്കാൻ പറ്റിയില്ലെങ്കിൽ സ്വന്തം നാക്ക് വിഴുങ്ങി ചത്തുപോ.
26 അയ്യയ്യോ, ചോര.
27 കരയാതേ.
28 നിഴൽമുഖീ, നീ ആരാണെന്ന് നിനക്കറിയേണ്ടേ?
29 നിങ്ങൾ സുഖമായിരുന്നാൽ അതു മതി.
30 അവർക്കെങ്കിലും ജീവൻ കൊടുത്തുകൂടെ?
31 രൂപം തിരിച്ചുകിട്ടിയാൽ ആ നിമിഷം നിനക്ക് ഇവിടെനിന്ന് സ്വാതന്ത്ര്യംകിട്ടും.
32 ഇതൊന്നും എനിക്കുവേണ്ടിയല്ല. ഓർമ്മയാണ് കുടുംബം, സ്മരണയാണ് ജീവിതം
33 അതിനകത്ത് നീയുണ്ടെങ്കിൽമാത്രമേ ഞാൻ അവർക്ക് സ്വാതന്ത്ര്യം കൊടുക്കുകയുള്ളൂ.
34 സ്വാതന്ത്ര്യം നിങ്ങൾക്കല്ലേ?
*ശവംകൊണ്ട് ഉപജീവനം നടത്തുന്നവൻ.

Leave a comment